ആവേശപ്പോരിൽ പഞ്ചാബിനെ തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ആവേശപ്പോരിൽ പഞ്ചാബിനെ തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ധർമ്മശാല: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ഇതോടെ സഞ്ജു സാംസണും ടീമും പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ആവേശം വാനോളമുയർന്ന മത്സരത്തിൽ നാലു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ രണ്ടു പന്ത് ബാക്കിനിൽക്കെ വിജയം കാണുകയായിരുന്നു.

നിർണായക മത്സരത്തിൽ വിജയം കണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ആർസിബിക്കു മുന്നിലെത്താൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് ആറു റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിൽ കയറാം. മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിർണായകമാകും. അതിനിടെ രാജസ്ഥാനെതിരായ തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

പഞ്ചാബ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ബട്ലറിനെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ അർധസെഞ്ചറിയാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു.36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസാണ് ജയ്സ്വാൾ നേടിയത്.

46 റൺസ് അടിച്ച് ഷിമ്രോൺ ഹെറ്റ്മെയറും രാജസ്ഥാന്റെ വിജയത്തിന് ശക്തിപകർന്നു. റയാൻ പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മൂന്നു പന്തിൽ രണ്ട് റൺസ് എടുത്ത് പുറത്തായ സഞ്ജു നിരാശപ്പെടുത്തി.

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

കട കുത്തിത്തുറന്ന് പണവും ജ്യൂസും മിഠായിയും മോഷ്‌ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കട കുത്തിത്തുറന്ന് പണവും ജ്യൂസും മിഠായിയും മോഷ്‌ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

തൃശൂർ: അടച്ചിട്ട കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്‌ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വാടാനപ്പിള്ളി സ്വദേശി ബഷീർ ബാബു ആണ് പിടിയിലായത്. തൃപ്രയാർ പോളി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത് പ്രവർത്തിക്കുന്ന നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികൾ എന്നിവയും മോഷ്ടാവ് കവർന്നു. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ പുറകുവശത്തെ ഗ്രിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. മോഷണത്തിന്റെ വീഡിയോ സ്ഥാപനത്തിനകത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു.

സമീപത്തെ കൊതി ഹോട്ട് ചിപ്സ് സ്ഥാപനത്തിൽ നിന്ന് രണ്ടായിരം രൂപയും മോഷ്ടാവ് കവർന്നു. സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഒരു ഷട്ടറിന്റെ താഴ് കോടാലി ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ മിനി സിവിൽ സ്റ്റേഷന് സമീപത്തെ ഇടറോഡിലൂടെ പോയി തിരിച്ചെത്തി.

വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യത്തില്‍ നിന്നാണ് പ്രതിയിലേക്ക് എളുപ്പത്തില്‍ പൊലീസിനെത്താനായത്. ഏതാനും ദിവസം മുൻപ് തൃപ്രയാർ പാലത്തിന്റെ കിഴക്കേ വളവിലെ പൊട്ടുവെള്ളരി കടയിലും നടന്ന മോഷണത്തിന് പിന്നിലും ഇതേ മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്‌ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും, വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ

ഞായറാഴ്‌ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും, വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ

കൊച്ചി: ഈ ഞായറാഴ്ച മുതൽ കൊച്ചി മെട്രോയുടെ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കർ ആയിരുന്നത് ഈ മാസം 90,000 ആയി. ഒൻപത് ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു.നേരത്തെ ഞായറാഴ്ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഓൺലൈൻ സർവേയിലെ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യാൻ വിദ്യ 30 കാർഡും. പദ്ധതിയിൽ അംഗമാകുന്നവർക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്കു ലഭിക്കും. മറ്റുള്ളവർക്ക് ഇത് 699 രൂപയാണ്. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ 23ന് നടക്കുന്ന ക്യാംപെയ്നിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഓഫർ.

സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ്

സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർ‌ഷികത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ മൂന്നാം വാർഷികം വഞ്ചനാദിനമായി ആചരിക്കുകയാണ് യുഡിഎഫ്. പാർട്ടി പ്രവർത്തകർ സെക്രട്ടേറിയറ്റ് വളഞ്ഞു.

പിണറായി സർക്കാർ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേൽ ആയിരം കോടിയുടെ നികുതി ഭാരം സർക്കാർ കെട്ടിവെക്കുകയാണ്. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാറിനും പാസ് മാർക്ക് പോലും നൽകില്ലെന്നും സതീശൻ പറഞ്ഞു.

ബം​ഗളൂരുവിൽ നിന്നും നേരിട്ടെത്തിച്ച് വിൽപ്പന, ​ഗ്രാമിന് 3000 മുതൽ 5000 വരെ വില; എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബം​ഗളൂരുവിൽ നിന്നും നേരിട്ടെത്തിച്ച് വിൽപ്പന, ​ഗ്രാമിന് 3000 മുതൽ 5000 വരെ വില; എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: കായംകുളത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വള്ളിക്കുന്നം സ്വദേശി സഞ്ചു (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കർണാടകയിൽ നിന്നും ബസിൽ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം കമലാലയം ജങ്ഷനിൽ നിന്നും വള്ളികുന്നത്തേക്കു പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പൊലീസ് അറിയിച്ചു.വള്ളികുന്നം ഭാഗത്തുള്ള ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്. ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പൊലീസിന് വിവരമുണ്ട്.

ബംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പാ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇറങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.

ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല; എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍

ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല; എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍

തിരുവനന്തപുരം: എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍. പരീക്ഷയ്ക്ക് അടുത്ത ദിവസങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ മറികടന്നായിരുന്നു ഈ നേട്ടം എന്നതാണ് കുടുംബത്തിന് ഇരട്ടി മധുരം നൽകുന്നത്. കാട്ടാക്കട,കട്ടക്കോട് ബൈത്ത് അൽ നൂറിൽ പ്രാസിയായ സലിം പി, റംജു എ ആ‍ര്‍ ദമ്പതികളുടെ ഇരട്ടകളായ സഹിറ ഫാത്തിമ ആ‍ര്‍എസ്, റിസാ ഫാത്തിമ ആർ എസ് എന്നിവർക്കാണ് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടം.

കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷക്ക് ആഴ്ചകൾക്ക് മുൻപ് സഹിറക്കും, റിസക്കും ഉൾപ്പെടെ എല്ലാവ‍‍‍ർക്കും ചിക്കൻ പോക്സ് പിടിപെട്ട് കിടപ്പിലായി. അസുഖത്തിന്റെ വിഷമതകൾ അലട്ടിയപ്പോൾ, കുട്ടികളെ ഏറെ ആശങ്കപ്പെടുത്തിയത് അടുത്തുവരുന്ന പരീക്ഷയെ എങ്ങനെ മറികടക്കും എന്നായിരുന്നു. അസുഖം ഭേദമായി പരീക്ഷ എഴുതി എങ്കിലും പരീക്ഷക്ക് മുൻപുള്ള റിവിഷൻ പഠനം എല്ലാം മുടങ്ങിയത് കാരണം മികച്ച ഫലം കിട്ടുമോ എന്ന പേടിയായിരുന്നു ഇരുവർക്കും.

എന്നാൽ പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും ഇവർക്ക് എ പ്ലസ് ലഭിച്ചു.ഈ ഫലം അപ്രതീക്ഷിതം എന്ന് പറയുമ്പോഴും, ഓരോ ദിവസവും ഉള്ള പാഠങ്ങൾ ആതാത് ദിവസം തന്നെ പഠിക്കുന്നതാണ് ഈ വിജയത്തിന് പിന്നിലെ മന്ത്രമെന്ന് പറയും സാഹിറയും റിസയും. ഒപ്പം ഇതിനായി വീട്ടുകാരും ട്യൂഷൻ അധ്യാപകരും നൽകിയ പ്രോത്സാഹനവും നേട്ടം കൈവരിക്കാൻ സഹായിച്ചുവെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

പക്ഷേ ഇരട്ടകൾ എങ്കിലും ചില കാര്യങ്ങളിൽ ഇവർക്ക് പ്രത്യേകം പ്രത്യേകം അഭിരുചിയാണ്. കെമിസ്ട്രി, ബയോളജി എന്നിവയാണ് ഇരുവർക്കും ഏറെ ഇഷ്ടമുള്ള വിഷയം പ്ലസ് ടുവിന് സയൻസ് എടുത്ത് പഠിക്കാനാണ് ആഗ്രഹം. അതേസമയം സഹിറക്ക് അധ്യാപിക ആകാനും റിസയ്ക്ക് ഡോക്ടർ ആകാനും ആണ് ആഗ്രഹം. ഇരുവർക്കും ചിത്രരചന ഏറെ ഇഷ്ടമാണ്. ഫലം അറിഞ്ഞ് ഗൾഫിൽ നിന്ന് സലിം വീഡിയോ കോൾ ചെയ്തു മക്കളും കുടുംബക്കാരും ആയി സന്തോഷം പങ്കുവച്ചു.