കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ഇതോടെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി.

ഭിന്നശേഷി ജില്ലാ ഫുട്ബോൾ മത്സര ജേതാക്കളായി ബി ആർ സി കിളിമാനൂർ

ഭിന്നശേഷി ജില്ലാ ഫുട്ബോൾ മത്സര ജേതാക്കളായി ബി ആർ സി കിളിമാനൂർ

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കായി ഫുട്ബോൾ മത്സരം ജില്ലാ തലത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ 12 ബി ആർ സി കളിൽ നിന്ന് ടീമുകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ നന്ദി പറഞ്ഞു.

പാറശ്ശാല ബിആർസി ടീമിനെ 4-3 ന് തോൽപ്പിച്ചാണ് കിളിമാനൂർ ബിആർസി ജേതാക്കളായത്. അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ ഷിബു, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷൂജാ എസ് വൈ, ഇന്ത്യൻ ഫുട്ബോൾ ടീമംഗം വി. പി ഷാജി, സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ അബ്ദുൾ നൗഷാദ്എന്നിവർ ജേതാക്കളായ കിളിമാനൂർ ബി.ആർ സി യുടെ
കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബിപിസി സാബു വി ആർ, ട്രെയിനർ ഷാനവാസ് ബി,സ്പെഷ്യൽ എജുക്കന്മാരായ അനീഷ് എസ് എൽ കാർത്തിക് എം എസ്, വിശാഖ് ജി മോഹൻ, വിനോദ് കെ എസ്, സ്പെഷലിസ്റ്റ് അധ്യാപിക തനിമ എം എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വെള്ളായണി സ്പോർട്സ് ഹബ്ബ് ടർഫിൽ വച്ച് നടന്ന പരിപാടിയിൽ വിവിധ ബിആർസികളിൽ നിന്നായി അധ്യാപകർ, കുട്ടികൾ പരിശീലകർ, തുടങ്ങി 500 ൽ പരം പേർ പങ്കെടുത്തു.

പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് കിളിമാനൂർ പുതിയകാവ് പൊതു മാർക്കറ്റിന് സമീപമുള്ള റോഡിൽ വച്ചായിരുന്നു സംഭവം.

സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിനായി ബസ്റ്റാൻഡിലേക്ക് ഒറ്റയ്ക്ക് നടന്നു വരുമ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
കുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രതിയുടെ കയ്യിലുള്ള മൊബൈൽ ഫോണിലെ അശ്ളീല ദൃശ്യം കാണിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ഫോൺ കൂടുതൽ പരിശോധയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് കൈമാറി.

ബസ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി കറങ്ങി നടക്കാറുള്ള പ്രതി മറ്റു പെൺകുട്ടികളോട് സമാനരീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു കിളിമാനൂർ ഐഎസ്എച്ച് ഒ എസ്. സനൂജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ വിജിത്ത് .കെ .നായർ, എസ് സി പി ഒ മാരായ ഷിജു, ബിനു, സിപിഒമാരായ വിനയചന്ദ്രൻ ഡബ്ലിയു സി പി ഒ ശ്രീക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; ജീവനക്കാരുടെ ശമ്പളം കൂട്ടും

ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; ജീവനക്കാരുടെ ശമ്പളം കൂട്ടും

ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ട് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി സിഐടിയു നേതൃത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ ശമ്പളം 12,000 രൂപയില്‍ നിന്ന് 14,000 ആയി ഉയര്‍ത്താന്‍ തീരുമാനമായി. ബാറ്റ 290 ല്‍ നിന്നും 350 രൂപയാക്കി. താല്‍ക്കാലിക ജീവനക്കാരുടെ ദിവസക്കൂലി 900 രൂപയില്‍ നിന്നും 950 ആയി വര്‍ധിപ്പിക്കും. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും ധാരണയായിട്ടുണ്ട്.

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടാണ് ഹൗസ് ബോട്ട് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ശനിയാഴ്ച സൂചന പണിമുടക്കും തുടര്‍ന്ന് അനിശ്ചിതകാല സമരവും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

അവനവഞ്ചേരിയിൽ  പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിട്ട് മാസങ്ങളായിട്ടും നടപടിഎടുക്കാതെ വാട്ടർ അതോറിറ്റി

അവനവഞ്ചേരിയിൽ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിട്ട് മാസങ്ങളായിട്ടും നടപടിഎടുക്കാതെ വാട്ടർ അതോറിറ്റി

ആറ്റിങ്ങൽ: മാസങ്ങളായി അവനവഞ്ചേരി കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടി ഒഴുകിയിട്ടും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി നടപടി കൈകൊള്ളുന്നില്ല. വേനൽകാലം അടുക്കുന്നതോടെ നഗരസഭ പ്രദേശത്തു മിക്ക ഇടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളം പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകി പാഴായി പോകുന്നത്. പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടപ്പോൾ നാട്ടുകാർ പാറക്കല്ലുകൾ കൊണ്ട് കുഴിയടച്ചു.

എന്നാൽ രാത്രിയും പകലും കുഴിയിലൂടെ കുടിവെള്ളം ഒഴുകിപോകുന്നതിനു കുറവൊന്നുമില്ല. നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിറ്റിയിലും,ആറ്റിങ്ങൽ നഗര സഭയിലും വിവരം അറിയിച്ചെങ്കിലും സ്ഥലത്തു വന്നു നോക്കുവാൻ പോലും ഉദ്യോഗസ്ഥർ കൂട്ടാക്കിയിട്ടില്ല. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ വാർഡിലെ റോഡിലാണ് ഈ അവസ്ഥ.

ജംഗ്ഷനിലെ വളവിൽ പൈപ്പ് പൊട്ടി ഒഴുകുന്നതുമൂലം ഇതുവഴി ഇരു ചക്ര വാഹന യാത്രക്കാർക്കും, കാൽനടക്കാർക്കും, സ്കൂളിൽ പോകുന്ന കുട്ടികൾക്കും നടക്കുവാൻ കഴിയാത്ത സാഹചര്യമാണ്. രാത്രി കാലങ്ങളിൽ പൈപ്പ്പൊട്ടിയ കുഴിയിൽ വീണു ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. എത്രയുംവേഗം പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ്

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ്. ചായ ഇടവേള കഴിഞ്ഞ് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടമായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെന്ന നിലയില്‍. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായത്. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സില്‍ പുറത്തായിരുന്നു. 212 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 120 റണ്‍സുമായി മടങ്ങി. ക്യാപ്റ്റനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. 35 റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ശ്രീകര്‍ ഭരതുമാണ് ക്രീസില്‍.

ആര്‍ അശ്വിന്‍ (23), കെഎല്‍ രാഹുല്‍ (20), വിരാട് കോഹ്‌ലി (12), സൂര്യകുമാര്‍ യാദവ് (എട്ട്), ചേതേശ്വര്‍ പൂജാര (ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യയുടെ നാല് വിലപ്പെട്ട വിക്കറ്റുകള്‍ സ്വന്തമാക്കി ടോഡ് മര്‍ഫി അരങ്ങേറ്റം അവിസ്മരണീയമാക്കി. നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു. അവരുടെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സില്‍ അവസാനിച്ചു. മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിനും ഓസീസ് പതനം പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാല് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 49 റണ്‍സെടുത്ത മര്‍നസ് ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്‌സ് കാരി (36), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.