സൈബി ജോസിനെ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

സൈബി ജോസിനെ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

കൊച്ചി: അനുകൂല വിധി നേടാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസില്‍ ആരോപണവിധേയനായ അഡ്വ. സൈബി കിടങ്ങൂര്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. സൈബിയുടെ രാജി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് സൈബി കിടങ്ങൂര്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയത്. 2022 ഓഗസ്റ്റിലാണ് താന്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അന്നു മുതല്‍ തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചെന്നാണ് സൈബി കത്തില്‍ പറഞ്ഞിരുന്നു.

മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു. വ്യാജ പ്രചാരണങ്ങളാണ് അതെല്ലാം. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കുകയും അതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിയാന്‍ തയാറാണെന്ന് അറിയിച്ചുള്ള കത്ത് നല്‍കിയത്.

നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരം

നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരം

കണ്ണൂര്‍: കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദക്കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം പ്രസിദ്ധീകരിക്കാത്ത ഒറ്റക്കഥയ്ക്കാണ് നല്‍കുക. പ്രായപരിധിയില്ല.

കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഫെബ്രുവരി 2023.

വിലാസം: കണ്‍വീനര്‍, അശ്രഫ് ആഡൂര്‍ പുരസ്‌കാര സമിതി
പി.ഒ ചിറക്കല്‍, കണ്ണൂര്‍: 670011
ഫോണ്‍: 9995597185

അധ്യാപക തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക – കെ പി എസ് ടി എ

അധ്യാപക തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക – കെ പി എസ് ടി എ

തസ്തിക നിർണയം ഉടൻ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ നടത്തണമെന്നും, ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നും കെ പി എസ് ടി എ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം ജെ അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വിനോദ് സി എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ, ആർ ശ്രീകുമാർ, ജില്ലാ സെക്രട്ടറി എൻ സാബു, ജില്ലാ ട്രഷറർ എ ആർ ഷമീം, ഡി സി ബൈജു, റോബർട്ട് വാത്സകം, ജെ നിസാറുദ്ദീൻ, എം രാധാകൃഷ്ണൻ, മധു ടി.ഐ, എസ് സബീർ, ഒ ബി ഷാബു, ബിജു ജോബായ്, അജീഷ് എസ് എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ ട്രഷറർ മുഹമ്മദ് അൻസാർ എ എം നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്‌, സാജൻ പി എ (ആർ ആർ വി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ), സെക്രട്ടറി, ക്ലീറ്റസ് തോമസ്
(ഗവൺമെന്റ് യുപിഎസ് പെരിങ്ങമ്മല), ട്രഷറർ, മുഹമ്മദ് അൻസാർ എ എം (എം എം യു പി സ്കൂൾ പേരൂർ, കിളിമാനൂർ)

അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി; വീഡിയോ വൈറൽ

അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി; വീഡിയോ വൈറൽ

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുന്ന പെണ്‍കുട്ടിയാണ് 17 സെക്കന്റുള്ള വിഡിയോയില്‍.

17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഈ സഹോദരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 7,800 മരണമാണ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മലയാളവേദിയുടെ 201-മത് പ്രതിമാസ കൂട്ടായ്മ

മലയാളവേദിയുടെ 201-മത് പ്രതിമാസ കൂട്ടായ്മ

മലയാളവേദിയുടെ 201മത് പ്രതിമാസ കൂട്ടായ്മ നാവായിക്കുളം എൻഎസ്എസ് കരയോഗ മന്ദിരഹാളിൽ നടന്നു. മഹാനടൻ സത്യൻ, പ്രശസ്ത ഗായിക വാണിജയറാം എന്നിവരെ കൂട്ടായ്മ അനുസ്മരിച്ചു. സത്യന്റെ അഭിനയ മുഹൂർത്തങ്ങളെ കുറിച്ച് കവിയും സിനിമാഗാനരചയിതാവും നടനുമായ കാര്യവട്ടം ശ്രീകണ്ഠൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. എ വി ബാഹുലേയൻ വാണിജയറാമിനെ അനുസ്മരിച്ച് സംസാരിച്ചു.
ഡോ. അശോക് ശങ്കർ, ചാന്നാങ്കര പ്രകാശ്, ഓരനെല്ലൂർ ബാബു, രാമചന്ദ്രൻ കരവാരം, അനിൽ പൂതക്കുഴി, വസന്തകുമാരി, ചന്ദ്രികാകുമാരി, അജിത പ്രഭ, ശ്രീകണ്ഠൻ കല്ലമ്പലം, നൂർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാവ്യ- ഗാനാലാപനവും നടന്നു.

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ ; വായ്പ പലിശ നിരക്കുകൾ ഉയരും

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ ; വായ്പ പലിശ നിരക്കുകൾ ഉയരും

ഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകള്‍ കൂട്ടിയേക്കും.

പണപ്പെരുപ്പം നാലുശതമാനത്തില്‍ എത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നിലവില്‍ ആറുശതമാനത്തില്‍ താഴെയാണ് പണപ്പെരുപ്പനിരക്ക്. ഈ പശ്ചാത്തലത്തിലാണ് പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാമത്തെ പാദമാവുമ്പോഴെയ്ക്കും പണപ്പെരുപ്പനിരക്ക് ശരാശരി 5.6 ശതമാനമായി താഴുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അവസ്ഥയല്ല ഇന്ന് നിലനില്‍ക്കുന്നത്. പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ എല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ലക്ഷ്യമിട്ട നിലയിലേക്ക് പണപ്പെരുപ്പനിരക്ക് ഇനിയും എത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.