അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ  ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തൻ്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്.

കോളേജ് യൂണിയൻ പരിപാടിയിൽ അതിഥിയായിട്ടാണ് നടി അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവർ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷൻ്റെ കൂടി ഭാ​ഗമായിട്ടായിരുന്നു സന്ദർശനം. ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി വേദിയിൽ പുരോ​ഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴി‍ഞ്ഞു മാറുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എസ്എഫ്ഐ നയിക്കുന്ന കോളേജ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു.

നമിതയെ ഞെട്ടിച്ച് മമ്മൂട്ടി; പുതിയ കോഫി ഷോപ്പിൽ സൂപ്പർതാരത്തിന്റെ സർപ്രൈസ് വിസിറ്റ്

നമിതയെ ഞെട്ടിച്ച് മമ്മൂട്ടി; പുതിയ കോഫി ഷോപ്പിൽ സൂപ്പർതാരത്തിന്റെ സർപ്രൈസ് വിസിറ്റ്

കഴിഞ്ഞ ദിവസമാണ് നടി നമിത പ്രമോദ് തന്റെ പുതിയ കോഫി ഷോപ്പിന് തുടക്കമിട്ടത്. പ്രവർത്തനം ആരംഭിച്ച് അടുത്ത ദിവസം നമിതയെ തേടി വലിയ സർപ്രൈസ് ആണ് എത്തിയത്. സൂപ്പർതാരം മമ്മൂട്ടിയാണ് നമിതയുടെ സമ്മർ ടൗൺ റെസ്റ്റോ കഫെയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നമിത തന്നെയാണ് സന്തോഷം പങ്കുവച്ചത്. ‘നോക്കൂ ആരാണ് സമ്മർ ടൗൺ റെസ്റ്റോ കഫെയിൽ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ മറ്റെന്തുവേണം. ഈ വലിയ സർപ്രൈസിന് നന്ദി മമ്മൂക്ക. നിങ്ങളുടെ ഹൃദയം തിളക്കമേറിയതാണ്’ എന്നാണ് നമിത കുറിച്ചത്. കഫെയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും നമിത പങ്കുവച്ചു. നടൻ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.

വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ആരംഭിച്ചു

വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ആരംഭിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റ്. കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഇത്തരം കലോത്സവങ്ങള്‍. അവരുടെ ആവിഷ്‌ക്കാരത്തിനും വ്യക്തിത്വ വികസനത്തിനും ഇത് സഹായിക്കും. സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എന്‍.ജി.ഒ. ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ ഫെസ്റ്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിന് എഡ്യൂക്കേറ്റര്‍, കലാ കായിക പ്രവര്‍ത്തനങ്ങള്‍, യോഗ എന്നിവയ്ക്കായി പരിശീലകര്‍ എന്നിവരുണ്ട്. ഇതുകൂടാതെ സ്ഥലസൗകര്യങ്ങളുള്ള എല്ലാ സര്‍ക്കാര്‍ ഹോമുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ഹോമുകളെ ശിശു സൗഹൃദമാക്കി മിഷന്‍ അടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. ഓരോ കുഞ്ഞുങ്ങളേയും നെഞ്ചില്‍ ചേര്‍ത്തുവയ്ക്കുന്ന സ്‌നേഹവും കരുതലും എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എഴുത്തും വായനയും പോലെ പ്രധാനമാണ് ഇത്തരത്തിലുള്ള കലോത്സവങ്ങളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനതല കലോത്സവങ്ങളില്‍ കടന്നുചെല്ലാന്‍ കഴിയാത്ത ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുള്ള മികച്ച വേദിയാണിത്. എല്ലാവരും ജയപരാജയങ്ങളെ നേരിടാനുള്ള കരുത്ത് നേടണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ചലച്ചിത്രതാരം വിനു മോഹന്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി. പ്രിയങ്ക, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കെ.വി. മനോജ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷാനിബ ബീഗം, കൗണ്‍സിലര്‍ രാഖി രവികുമാര്‍, വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദിനി സാം, ഐഡിബിഐ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ അനുരാധ രാജന്‍ കാന്ത്, ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ സുരേഷ് ബാബു, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ശരവണന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് നിത്യ കല്യാണി എന്നിവര്‍ പങ്കെടുത്തു.

ചില്‍ഡ്രന്‍സ് ഫെസ്റ്റ് ലോഗോ രൂപകല്പന ചെയ്ത കോട്ടയം ചില്‍ഡ്രസ് ഹോമിലെ അതുല്‍ കൃഷ്ണയ്ക്കും സ്‌പോര്‍ട്‌സ് മീറ്റിലെ വിജയികള്‍ക്കും മന്ത്രിമാര്‍ സമ്മാനം വിതരണം ചെയ്തു.

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളാകും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ആലപ്പുഴ മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായൊരു ബ്ലോക്കാണ് സജ്ജമാകുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ഒമ്പത് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 173.18 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 53.18 കോടി) ചെലവഴിച്ചതാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. 200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി കിടക്കകള്‍, 50 ഐ.സി.യു. കിടക്കകള്‍, കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കായി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത് മെഡിക്കല്‍ കോളേജിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, എന്‍ഡോക്രൈനോളജി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, ന്യൂറോ സര്‍ജറി, യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. നൂതന ഉപകരണങ്ങളോടെ സജ്ജീകരിച്ച 6 പോസ്റ്റ് കാത്ത് ഐസിയു, 6 സ്റ്റെപ് ഡൗണ്‍ ഐ.സി.യു., എട്ട് മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയും സജ്ജമായിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 30 കോടി ചെലവഴിച്ച് നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രം  തകർന്നു, മാറ്റിയത്  ഇരുനില കെട്ടിടത്തിലേയ്ക്ക്;  രോഗികൾ ദുരിതത്തിൽ

ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രം തകർന്നു, മാറ്റിയത് ഇരുനില കെട്ടിടത്തിലേയ്ക്ക്; രോഗികൾ ദുരിതത്തിൽ

1970 ലാണ് സ്വന്തം സ്ഥലത്തു കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചത്. ദേശീയപാതക്കരികിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഇടയ്ക്കോടാണ് വക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കുടുംബ ക്ഷേമ ഉപകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നും പ്രദേശത്തെ ഗർഭിണികൾ, കുട്ടികൾ, എന്നിവർക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ, വിവിധ വാക്സിനുകൾ, പോഷകാഹാരങ്ങൾ, മറ്റു മരുന്നുകൾ എന്നിവ ഇവിടെ തന്നെ താമസിച്ചു ജോലി ചെയ്തിരുന്ന നേഴ്സ് വഴി വിതരണം ചെയ്തിരുന്നു. ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു. കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആരോഗ്യ കുടുംബ ഉപകേന്ദ്രം മുദാക്കൽ ഗ്രാമപഞ്ചായത്തിന് 1994 ഇൽ കൈമാറിയതോടെ ഇതിന്റെ പ്രവർത്തനം താളം തെറ്റി. 50 വർഷത്തോളം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തത് കാരണം തകർന്നു കഴിഞ്ഞു. മേൽക്കൂരയിലെ കഴുക്കോലുകൾ എല്ലാം ദ്രവിച്ചു ജീർണാവസ്ഥയിലാണ്. കേന്ദ്രത്തിന്റെ മതിലുകൾ തകർന്നതിനാൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും പ്രദേശം കാടുമുടി കിടക്കുന്നതിനാൽ ഇഴജന്തുക്കളും ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്.

തിരഞ്ഞെടുപ്പുകളിലും മറ്റും പോളിങ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ അതിനും കഴിയാത്ത അവസ്ഥയിൽ തകർന്നു കഴിഞ്ഞു. അഞ്ചുവർഷം മുമ്പ് മുദാക്കൽ ഗ്രാമപഞ്ചായത്ത് ഏർപ്പാടാക്കിയ കരാറുകാരൻ വന്ന് പണിയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും അതും ഫലം കണ്ടില്ല. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കെട്ടിടം പൂർണമായും ഉപയോഗശൂന്യമായതോടെ ഇപ്പോൾ കോരാണിയിലെ 67 നമ്പർ അംഗൻവാടിയുടെ മുകളിൽ ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പ്രവർത്തനം തുടരുന്നത്. ദേശീയപാതയിൽ നിന്നും വളരെ ദൂരം മാറി സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിലേക്ക് എത്തുവാനും. ഇതിനു മുകളിലേക്ക് കയറാനുള്ള ഇരുമ്പ് പടിക്കെട്ടുകൾ കയറാൻ രോഗികളും ഗർഭിണികളും ഏറെ ബുദ്ധിമുട്ടുകയാണ്. സ്വന്തം സ്ഥലത്ത് പുതിയ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി പാലമൂട് മൈത്രി റസിഡൻസ് അസോസിയേഷൻ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ നിവേദനം നൽകി.

പൊലീസിലെ ഗുണ്ടാബന്ധം: സംസ്ഥാന വ്യാപക പരിശോധനക്ക് നിര്‍ദേശം; കളങ്കിതരെ പിരിച്ചുവിടാന്‍ ഡിജിപിയുടെ അനുമതി

പൊലീസിലെ ഗുണ്ടാബന്ധം: സംസ്ഥാന വ്യാപക പരിശോധനക്ക് നിര്‍ദേശം; കളങ്കിതരെ പിരിച്ചുവിടാന്‍ ഡിജിപിയുടെ അനുമതി

തിരുവനന്തപുരം: പൊലീസിലെ ഗുണ്ടാ- മാഫിയ ബന്ധത്തില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദേശം. കളങ്കിതര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുളള കര്‍ശന നടപടിയെടുക്കാനും ഡിജിപി അനുമതി നല്‍കി. വീഡിയോ കോണ്‍ഫറൻസിങ് വഴി യോഗം ചേര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശം.

ഐജി, ഡിഐജി, ജില്ലാ പൊലീസ് മേധാവി, കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. മുഴുവന്‍ ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും, പഴയ കേസുകളിലെ ഇടപെടല്‍ അടക്കം ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ മാതൃകപരമായ നടപടിയെടുത്തത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണെന്നും ഡിജിപി പറഞ്ഞു.

തിരുവനന്തപുരത്ത്, ലൈംഗിക പീഡനക്കേസില്‍ പ്രതികളായ 2 പൊലീസുകാരെയും പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഇന്‍സ്‌പെക്ടറെയും കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. അരുവിക്കര സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദിച്ച കേസിലും പ്രതിയായ നന്ദാവനം എആര്‍ ക്യാംപിലെഡ്രൈവർ ഷെറി എസ് രാജ്, മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായ തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ പൊലീസുകാരന്‍ റെജി ഡേവിഡ്, പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ശ്രീകാര്യം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ് എന്നിവരെയാണ് സര്‍വീസില്‍നിന്നു പുറത്താക്കിയത്‌.