കലോത്സവത്തിന് അടുത്തവർഷം മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ലെന്ന് വി ശിവൻകുട്ടി

കലോത്സവത്തിന് അടുത്തവർഷം മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മാംസാഹാരം നൽകുമെന്നും മന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം – മന്ത്രി വ്യക്തമാക്കി.

എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അത്‌ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോക്ഡ്രിൽ അപകടം: മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

മോക്ഡ്രിൽ അപകടം: മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. ബിനു സോമന്‍റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റ തീരുമാനം.

ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരയായിരുന്നു ബിനു സോമൻ. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആ‌ർഎഫ്, പൊലിസ് വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചതെങ്കിലും നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.

എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം കളക്ടർക്ക് നൽകിയ വിശദീകരണം.

ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷപ്രവർത്തനം നടുത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിലും ഏകോപനമുണ്ടായില്ല. മോക്ഡ്രിൽ പദ്ധതി പ്രകാരം വെള്ളത്തിൽ നിന്ന് മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആ‌ർഎഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം ഫയർഫോഴ്സ് നാല് പേരിൽ മൂന്ന് പേരെ കരയ്ക്കെത്തിച്ചു.

നാലാമനെ രക്ഷിക്കേണ്ടത് എൻഡിആർഎഫ് എന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഈ സമയം ബിനു സോമൻ മണിമലയാറ്റിലെ കയത്തിൽ വീണുകിടക്കുകയായിരുന്നു. നാട്ടുകാർ ബഹളം വെയക്കുന്നത് കണ്ട് എൻഡിആർഎഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്താൻ നിർദേശം നൽകിയെങ്കിലും വൈകിയാണ് എൻഡിആർഎഫ് ഉദ്യോഗസ്ഥർ ബോട്ടിറിക്കിയതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. മോക്ക്ഡ്രില്ലിൽ എൻഡിആർഎഫും അഗ്നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകൾക്കും ധാരണയുണ്ടായിരുന്നില്ല, ചുരുക്കത്തിൽ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകൾ നിസാരവത്കരിച്ചു

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ്; പൊതുജനങ്ങൾക്ക് ഇനി നേരിട്ട് പരാതിപ്പെടാം

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ്; പൊതുജനങ്ങൾക്ക് ഇനി നേരിട്ട് പരാതിപ്പെടാം

ന്യൂഡൽഹി: ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ എൻ.എം.സി. നിയമം ഭേദഗതിചെയ്യും.

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയ മെഡിക്കൽ കമ്മിഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് 2019-ലെ എൻ.എം.സി. നിയമം ഭേദഗതിചെയ്യുക. ഇതിനുള്ള കരട് മാർഗരേഖ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മുപ്പതുദിവസത്തിനുള്ളിൽ sunilk.gupta35@nic.in എന്ന മെയിലിലേക്കോ മെഡിക്കൽ എജ്യുക്കേഷൻ പോളിസി സെക്‌ഷൻ അണ്ടർ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിർമാൺ ഭവൻ എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം.

ദേശീയ മെഡിക്കൽ കൗൺസിൽ നിലവിലുണ്ടായിരുന്നപ്പോൾ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാമായിരുന്നു. സംസ്ഥാന കൗൺസിൽ തള്ളുന്ന പരാതികളിൽ 60 ദിവസത്തിനുള്ളിൽ ദേശീയ കൗൺസിലിൽ അപ്പീൽ നൽകാം. സംസ്ഥാനത്ത് പരാതിപരിഗണിക്കാൻ ആറുമാസത്തിലേറെ സമയമെടുത്താൽ അതും കൗൺസിലിൽ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു.

എന്നാൽ, 2019-ൽ ദേശീയ മെഡിക്കൽ കമ്മിഷൻ പ്രാബല്യത്തിൽ വന്നതോടെ ഡോക്ടർമാർമാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാൻ പാടുള്ളൂവെന്ന ചട്ടം (എൻ.എം.സി. നിയമം സെക്‌ഷൻ 30 (3)) കൊണ്ടുവന്നു. ഇതോടെ, ദേശീയതലത്തിൽ രോഗികളുന്നയിച്ച അറുപത്തഞ്ചോളം പരാതികൾ രണ്ടുവർഷത്തിനിടെ എൻ.എം.സി. തള്ളി. ഇതിനെതിരേ പയ്യന്നൂരിലെ നേത്രരോഗവിദഗ്‌ധനും മെഡിക്കൽ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയവുമായി നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്.

സംസ്ഥാനകൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്‌ധസമിതി രൂപവത്കരിക്കാനും ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എൻ.എം.സി., യോഗ്യരായ പ്രൊഫസർമാരുടെയും അഡീഷണൽ പ്രൊഫസർമാരുടെയും അസോസിയേറ്റ് പ്രൊഫസർമാരുടെയും വിശദാംശങ്ങൾ തേടി. കാർഡിയോളജി, ഒബ്‌സ്ടെട്രിക് ആൻഡ് ഗൈനക്കോളജി, ഓങ്കോളജി, യൂറോളജി തുടങ്ങിയ മേഖലകളിൽ ആറുവർഷമോ അതിൽക്കൂടുതലോ അധ്യാപനപരിചയമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കാനാണ് എൻ.എം.സി.യുടെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡിന്റെ തീരുമാനം.

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവുപരിശോധനയ്ക്കായാണ് ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സോണിയ ഗാന്ധിക്കൊപ്പം മകള്‍ പ്രിയങ്കയും മരുമകന്‍ റോബര്‍ട്ട് വധേരയും ആശുപത്രിയിലുണ്ട്. അര്‍ബുദരോഗ ബാധിതയായ സോണിയക്ക് ശ്വാസകോശ അണുബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ രാഹുല്‍ ഗാന്ധി ഭാരത് ജോഡോയാത്രയില്‍ നിന്നും ഇന്നലെ ഡല്‍ഹിക്ക് തിരിച്ചിരുന്നു. രാവിലെ രാഹുല്‍ യാത്ര ആരംഭിക്കുയും ചെയ്തു ഇന്നലെയാണ് ഭാരത് ജോഡോ യാത്ര യുപിയില്‍ പ്രവേശിച്ചത്.

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993 ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്.

റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമ പ്രസന്നന്‍ (32) ആണ് മരിച്ചത്. കൊലപാതകം ആണെന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ മാസം 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു.