by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലഖ്നൗ: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കുഴല്ക്കിണറില് തള്ളി. ഉത്തര്പ്രദേശിലെ ഘോസി പോലീസ് സ്റ്റേഷന് പരിധിയില് താമസിക്കുന്ന 14 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവത്തില് രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ പെണ്കുട്ടിയെ പ്രതികള് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില് പറയുന്നത്. വീട്ടില്നിന്നും 200 മീറ്റര് അകലെയുള്ള കൃഷിയിടത്തില് കുഴല്ക്കിണറിന്റെ കുഴിയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. കൈകാലുകള് കെട്ടിയിട്ട്, വായില് തുണിതിരുകിയ നിലയില് കുട്ടിയെ കണ്ട് കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികള് ബഹളംവെച്ചു. തുടര്ന്ന് കുട്ടിയെ കുഴല്ക്കിണറില്നിന്ന് രക്ഷപ്പെടുത്തുകയും പോലീസില് വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില് പോക്സോ വകുപ്പുകള് ചുമത്തി കേസെടുത്തതായും മൂന്നാമത്തെ പ്രതിക്കായി തിരച്ചില് തുടരുകയാണെന്നും പോലീസ് അറിയിച്ചു. പെണ്കുട്ടിയെ വൈദ്യപരിശോധനയും പൂര്ത്തിയാക്കി.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട് ചിറ്റൂരിലെ പഴയ ഷുഗര് ഫാക്ടറിയില്നിന്ന് ഇനി പുറത്തിറങ്ങുക ബ്രാന്ഡി. 2002-ല് അടച്ചപൂട്ടിയ ഷുഗര് മില്, 2009-ല് മലബാര് ഡിസ്റ്റലറിയായി മാറിയെങ്കിലും വര്ഷങ്ങള്ക്ക് ശേഷമാണ് ഇവിടെനിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അടുത്തവര്ഷം ഓണത്തിന് മുമ്പായി മലബാര് ഡിസ്റ്റലറിയില്നിന്നുള്ള മദ്യം വിപണിയിലെത്തിക്കാനാണ് കേരള ബിവറേജസ് കോര്പ്പറേഷന്റെ തീരുമാനം. ഇതിനായുള്ള പ്രാരംഭ നിര്മാണ പ്രവര്ത്തനങ്ങളെല്ലാം ഡിസ്റ്റലറിയില് ആരംഭിച്ചുകഴിഞ്ഞു.

മലബാര് ഡിസ്റ്റലറിയില്നിന്ന് ദിവസവും 12,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തവര്ഷം പകുതിയോടെ ഫാക്ടറിയുടെയും പ്ലാന്റിന്റെയും നിര്മാണപ്രവര്ത്തനങ്ങള് പൂര്ത്തിയായേക്കും. ഇതിനുപിന്നാലെ തന്നെ ചിറ്റൂരില്നിന്നുള്ള പുതിയ ബ്രാന്ഡിയും വിപണിയിലെത്തും.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗുജറാത്തില് ബസ്സും കാറും കൂട്ടിയിടിച്ച് ഒന്പതു പേര് മരിച്ചു. 28 പേര്ക്കു പരിക്കേറ്റു. നവ്സാരി ജില്ലയില് ഇന്നു പുലര്ച്ചെയാണ് അപകടമുണ്ടായത്. വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്ക്കു ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്ട്ട്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്ദിശയില്നിന്നു വരികയായിരുന്ന ടൊയോട്ട ഫോര്ച്യൂണര് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില് പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒന്പതു പേരില് എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്.
ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര് അനുശോചിച്ചു.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: ഷോപ്പിംഗ് നടത്തുന്നതിനിടെ വയോധികന് ഹൃദയാഘാതമുണ്ടായപ്പോൾ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാംഗ്ലൂരിലെ ഐകെഇഎ എന്ന ഷോപ്പിംഗ് സ്റ്റോറിലാണ് സംഭവം. സ്റ്റോറിലെത്തിയ കസ്റ്റമർ പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്ത് ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഒരു ഡോക്ടർ ഭാഗ്യവശാൽ ഇതു കാണാനിടയായി.

ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും വയോധികന് സിപിആർ നൽകുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം ഡോക്ടർ കിണഞ്ഞു പരിശ്രമിച്ചു. പൾസ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും വയോധികനെ ഡോക്ടർ രക്ഷപ്പെടുത്തി. ഓർത്തോപീഡിക് സർജനായിരുന്നു അദ്ദേഹം. ഒടുവിൽ ബോധരഹിതനായിരുന്ന വയോധികൻ ചുമച്ചു കൊണ്ട് കണ്ണുതുറന്നു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വത്തിക്കാനാണ് മരണവിവരം സ്ഥിരീകരിച്ചത്. 2005 മുതൽ 2013 വരെ അദ്ദേഹം മാർപ്പാപ്പയായിരുന്നു. ഫെബ്രുവരി 28 ന് തൽസ്ഥാനത്ത് നിന്ന് രാജി വച്ചു. ആറ് നൂറ്റാണ്ടിന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപ്പാപ്പയായിരുന്നു അദ്ദേഹം. തുടർന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ പിൻഗാമിയായി എത്തിയത്. 1415 ൽ ഗ്രിഗറി പന്ത്രണ്ടാമനാണ് ഇതിന് മുൻപ് സ്ഥാനമൊഴിഞ്ഞത്.

ജോസഫ് റാറ്റ്സിംഗർ എന്നാണ് യഥാർഥ നാമം. 1972 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ് 7ന് സ്ഥാനമേറ്റു. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.
ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ. മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ, വിശ്വാസ തിരുസംഘത്തിന്റെ തലവൻ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുവര്ഷാഘോഷങ്ങള് അതിരുവിട്ടാല് കര്ശനനടപടി സ്വീകരിക്കുമെന്ന് എഡിജിപി എംആര് അജിത് കുമാര്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്ശനമാക്കി. സാമൂഹ്യവിരുദ്ധരുടെയും ലഹരിക്കൈമാറ്റക്കാരുടെയും പട്ടിക തയ്യാറാക്കിയതായും ഇവര് ആഘോഷകേന്ദ്രങ്ങളിലെത്തിയാല് കരുതല് തടങ്കിലിലാക്കുമെന്നും എഡിജപി പറഞ്ഞു.

ഡിജെ പാര്ട്ടിയില് പങ്കെടുക്കുന്നവരുടെ വിവരങ്ങള് പൊലീസ് ശേഖരിക്കും. നിയമലംഘനമുണ്ടായാല് ഹോട്ടല് ഉടമയ്ക്കെതിരെയും കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുവര്ഷാഘോഷങ്ങള് പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളില് ആഘോഷം തുടര്ന്നാല് പൊലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളില് നടക്കുന്ന ആഘോഷങ്ങളില് കര്ശനനിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട് എല്ലാ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും നിയമപരമായ നോട്ടീസ് നല്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അനാവശ്യമായ ഏതെങ്കിലും വസ്തുക്കള് ഉപയോഗിച്ചാല് ഉപയോഗിക്കുന്ന ആള്ക്കും ഹോട്ടല് ഉടമയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പുതുവര്ഷാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്ട്ടി നടത്തുന്ന എല്ലാ സ്ഥലങ്ങളും പൊലീസ് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ആ സ്ഥലങ്ങളില് പൊലീസിന്റെ സാന്നിധ്യം ഉണ്ടാകും. മഫ്തിയിലും യൂണിഫോമിലും പൊലീസ് ഉണ്ടാകും. ഡിജെ പാര്ട്ടിയില് എത്തുന്നവരുടെ വിവരങ്ങള് നല്കാന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലായിടത്തും ആഘോഷങ്ങള് ഉണ്ടാകണം. എന്നാല് അതിരുവിടാനും നിയമലംഘനം നടത്താനും പാടില്ലെന്ന് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി പറഞ്ഞു.
Recent Comments