ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്; ട്രോളുകൾ പങ്കുവച്ച് താരം

ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്; ട്രോളുകൾ പങ്കുവച്ച് താരം

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് ഹണി റോസ്.
താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം ട്രോളുകളും സൈബറിടത്തിൽ ഹിറ്റാണ്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ട്രോളുകൾ പങ്കുവച്ചിരിക്കുകയാണ് ഹണി. താരം ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ളതാണ് ട്രോളുകൾ. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരം ട്രോളുകൾ പങ്കുവച്ചത്. മികച്ച ഉദ്ഘാടകയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഹണി റോസിന് നൽകണം എന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ.

ഉദ്ഘാടനം എന്നു കേട്ടാൽ ഹണി റോസ് ഷമ്മിയാകുമെന്നാണ് ഒരു വിരുതന്റെ കണ്ടെത്തൽ. ഒരു ദിവസം ഏറ്റവും കൂടുതൽ കത്രിക എടുക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് ബാർബർ പോലും ഹണി റോസിന് പിന്നിലാണെന്നാണ് ട്രോളിലുള്ളത്. സ്വയം ട്രോളാനുള്ള ഹണി റോസിന്റെ ഹൃദയവിശാലതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്.

തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. തൊട്ടടുത്ത വര്‍ക്ക് ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളകിയത്. മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍ നായര്‍ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍ നായരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കുത്തേറ്റ് ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എം എ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ലക്ഷ്മിപ്രിയ.എച്ച്  നായർ

എം എ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ലക്ഷ്മിപ്രിയ.എച്ച് നായർ

കേരള സർവകലാശാലയിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്ത് നിന്നും എം എ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്(1439/1800) നേടി ലക്ഷ്മിപ്രിയ.എച്ച് നായർ. കല്പടക്കൽ വീട് പഴയകുന്നുമ്മേലിൽ പരേതനായ ഡോ. ഹൃഷികേശൻ നായരുടെയും സലീന.വിയുടെയും മകളാണ്.

തോന്നയ്ക്കലിൽ എൻ ഐ എ റെയ്ഡ് പൂർത്തിയാക്കി

തോന്നയ്ക്കലിൽ എൻ ഐ എ റെയ്ഡ് പൂർത്തിയാക്കി

തോന്നയ്ക്കൽ: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടക്കുന്നതിന്റെ ഭാഗമായി തോന്നയ്ക്കലിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി എൻഐഎ മടങ്ങി. പിഎഫ്ഐ സോണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന നവാസിന്റെ വീട്ടിലാണ് പുലർച്ചെ നാലിന് എൻഐഎ സംഘമെത്തി പരിശോധന ആരംഭിച്ചത്.

രാവിലെ 9 മണി കഴിഞ്ഞ് പരിശോധന പൂർത്തിയാക്കി എൻഐഎ മടങ്ങി. പരിശോധന സമയം നവാസും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. നവാസിന്റെയും ഭാര്യയുടെയും സിം ഉള്ള മൊബൈൽ ഫോൺ എൻഐഎ പിടിച്ചെടുത്തതായി നവാസ് പറഞ്ഞു. പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. മറ്റ് ചോദ്യം ചെയ്യലുകളോ ഒന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാന വ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് പരിശോധന നടന്നതെന്നും നവാസ് പറഞ്ഞു. 4 ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ഒരുമിച്ചുള്ള മദ്യപാനം കൊലപാതകത്തിൽ അവസാനിച്ചു ; യുവാവ്  അറസ്റ്റിൽ

ഒരുമിച്ചുള്ള മദ്യപാനം കൊലപാതകത്തിൽ അവസാനിച്ചു ; യുവാവ് അറസ്റ്റിൽ

കംപ്യൂട്ടര്‍ എന്‍ജിനീയര്‍ അരുണ്‍ലാല്‍ വഴിയില്‍ പരിക്കേറ്റുകിടന്നശേഷം ആശുപത്രിയില്‍ മരിയ്ക്കാനിടയായത് സുഹൃത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് തെളിഞ്ഞു. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരന്‍ ചിറയത്ത് ടിനു(37)വിനെ അറസ്റ്റ് ചെയ്തു. ബാറുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ സഹായിച്ചത്
ഡിസംബര്‍ 26-ന് രാത്രി പത്തരയോടെയാണ് പുറ്റേക്കരയിലെ ഇടവഴിയില്‍ വലിയപുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ലാലിനെ (36) ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമെന്ന സൂചനയുണ്ടായിരുന്നു. നഗരത്തിലെ ബാറുകളില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ സംഭവദിവസം ഏറെ വൈകിയും അരുണ്‍ലാല്‍ മദ്യപിക്കുന്നത് കണ്ടെത്തിയിരുന്നു. അരുണ്‍ലാലിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് പ്രതിയിലേക്ക് എത്താനായത്. പതിവായി മദ്യപിക്കുന്നവരായിരുന്നു അരുണ്‍ലാലും ടിനുവുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യപിച്ചശേഷം റോഡരികില്‍ നില്‍ക്കുകയായിരുന്ന അരുണ്‍ലാലിനെ ടിനു ബൈക്കില്‍ക്കൊണ്ടുപോയി വഴിയിലിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണം.

പേരാമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. അശോക് കുമാറും സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രമിന്‍, എ.യു. മനോജ്, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ പി.കെ. പഴനിസ്വാമി, ടി.വി. ജീവന്‍, എം.എസ്. ലിഗേഷ്, വിപിന്‍ദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്.സുജിത്. എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കലാകായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിച്ചു.
കോവിഡിനെ തുടർന്ന് സ്കൂൾ കലോത്സവവും കായികമേളയും ഉൾപ്പെടെ അക്കാദമികേതര പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷം മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഗ്രേസ് മാർക്കും നൽകിയിരുന്നില്ല. ഇത്തവണ മേളകൾ പുനരാരംഭിച്ചിട്ടും പരീക്ഷ വിജ്ഞാപനത്തിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയിരുന്നില്ല.

ഗ്രേസ് മാർക്ക് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ തീരുമാനം വന്നത്. കലാ-കായിക മേളകൾക്ക് പുറമെ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയിലെ മികവിനും ഗ്രേസ് മാർക്ക് നൽകാറുണ്ട്. മുൻകാലങ്ങളിൽ പരീക്ഷ മാർക്കിന് ഒപ്പം ചേർത്ത് നൽകിയിരുന്ന ഗ്രേസ് സർട്ടിഫിക്കറ്റിൽ പ്രത്യേകം ചേർത്ത് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്