ബില്‍ ഇല്ലാതെ സ്വര്‍ണം; വാഹന പരിശോധനയിൽ കണ്ടെത്തി

ബില്‍ ഇല്ലാതെ സ്വര്‍ണം; വാഹന പരിശോധനയിൽ കണ്ടെത്തി

ആലപ്പുഴ: മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുപോയ ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 191.74 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തി. അമ്പലപ്പുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍വോയ്‌സ് ഇല്ലെന്ന് കണ്ടെത്തിയത്. ജി.എസ്.ടി. നിയമപ്രകാരം കേസ് എടുത്ത് 55,000 രൂപ പിഴ ഈടാക്കി. പിഴയടച്ചടിതനെ തുടര്‍ന്ന് സാധനങ്ങള്‍ വിട്ടു നല്‍കി.

ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. അജിതിന്റെ നിര്‍ദേശാനുസരണം സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ബി. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എ.ഇ. അഗസ്റ്റിന്‍, എ. സലിം, പി. സ്മിത, ജോസഫ് ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിച്ചു

ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിച്ചു

ഇടിമിന്നലേറ്റ് കടയ്ക്കലിൽ വീടിന് നാശനഷ്ടം.കടയ്ക്കൽ പഞ്ചായത്ത്‌ ആഴാന്തക്കുഴി നെല്ലിക്കുന്നിൽ വീട്ടിൽ ഷാജിയുടെ വീടിനാണ് നാശനഷ്ടം വന്നത്. ഇന്ന് രാവിലെ 10. 30 നാണു ഷാജിയുടെ വീടിന് പുറക് വശത്ത് ഇടിമിന്നൽ പതിച്ചത്. പതിച്ച ഭാഗത്ത്‌ നിന്ന് 15 മീറ്ററോളം മണ്ണിളകി കുഴി രൂപപ്പെട്ടു. വലിയ ശബ്ദത്തോടെ ബോംബ് പൊട്ടുന്നതുപോലെ മണ്ണ് മേലോട്ട് ഉയർന്നുപോങ്ങി ജനൽ ചില്ലുകളും, ഷീറ്റും പൊട്ടിതെറിച്ചു. മണ്ണ് രണ്ടാം നിലയിൽ വരെ എത്തി. കൂടാതെ വീടിന്റെ വയറിംഗ് പൂർണ്ണമായും തകർന്നു.

എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി

എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. ‘പാറാ സിവ’ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

മംഗല്യ മണിനാദം സമൂഹ വിവാഹവും  കലാഭവൻ മണി സ്മാരക പുരസ്കാര വിതരണവും  ജനുവരി 1ന്

മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവൻ മണി സ്മാരക പുരസ്കാര വിതരണവും ജനുവരി 1ന്

ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവൻ മണി സ്മാരക പുരസ്കാര വിതരണവും ജനുവരി 1ന് ആറ്റിങ്ങലിൽ നടക്കും. അനശ്വര നടൻ കലാഭവൻ മണിയുടെ 52-ാം ജന്മദിനാഘോഷത്തോടും സമിതിയുടെ 14-ാം വാർഷികത്തോടും അനുബന്ധിച്ചാണ് പരിപാടികൾ.

മംഗല്യ മണിനാദം പദ്ധതിയിലൂടെയുള്ള സമൂഹ വിവാഹം രാവിലെ 11 മണിക്ക് ആറ്റിങ്ങൽ കോരാണി നങ്ങേലി ഗ്രാമം വിളയിൽ തെക്കതിൽ ബാലഭദ്ര ദേവീക്ഷേത്ര സന്നിധിയിൽ നടക്കും. എം എൽ എ മാരായ വി. ശശി, വി.ജോയ്, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു ,വൈസ് പ്രസിഡന്റ് ശ്രീജ, സാമൂഹ്യ പ്രവർത്തകനായ വിളയിൽ എൻ. പ്രശാന്ത്, ചലച്ചിത്ര താരങ്ങളായ
ജീജാ സുരേന്ദ്രൻ, ഗായത്രി വർഷ, അമ്പിളി സോമൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.

ഉച്ചയ്ക്ക് 2 മണി മുതൽ മാമം എസ്. എസ്. പൂജാ കൺവെൻഷൻ സെന്ററിൽ നിറവ് 2023 നടക്കും. സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായിരിക്കും. അഡ്വ. അടൂർ പ്രകാശ് എം പി കലാഭവൻ മണി അനുസ്മരണം നടത്തും. സ്നേഹസാഗരം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പനവൂർ
സഫീർ ഖാൻ മന്നാനി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഒ. എസ്. അംബിക എംഎൽഎ അന്നദാന, വാഹന താക്കോൽദാന കൈമാറ്റം നടത്തും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പഠനോപകരണവും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്യും.

വിദ്യാർത്ഥികളുടെ പഠനം ഏറ്റുവാങ്ങൽ, പദ്ധതി വിവരണം മുൻ എം എൽഎ അഡ്വ. ബി. സത്യൻ നടത്തും. അനാഥാലയങ്ങൾക്കുള്ള ധനസഹായം ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ വിതരണം ചെയ്യും. നിറവ് സഹായനിധി ബ്രോഷർ പ്രകാശനം ആറ്റിങ്ങൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു നിർവഹിക്കും. ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ , സമിതി രക്ഷാധികാരി ജീജാ സുരേന്ദ്രൻ, മെമ്പറും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ശശികുമാർ രത്നഗിരി, ട്രഷറർ ഷൈൻരാജ് ആറ്റിങ്ങൽ, സെക്രട്ടറി രാജേഷ് തിരുമേനി തുടങ്ങിയവർ സംസാരിക്കും.

ജഗതി ശ്രീകുമാർ, മല്ലിക സുകുമാരൻ, തുളസിദാസ്, ചിപ്പി രഞ്ജിത്ത്, ദിനേശ് പണിക്കർ, വഞ്ചിയൂർ പ്രവീൺകുമാർ, എൻ. എം. ബാദുഷ, ലക്ഷ്മി നക്ഷത്ര, ഫിറോസ് കുന്നുംപറമ്പിൽ, രാജേഷ് തലച്ചിറ, പ്രവീൺ ഇറവങ്കര, സംഗീത മോഹൻ, ടി. എസ്. സജി, ഷിജു അരൂർ, ആദിത്യൻ, മോളി കണ്ണമ്മാലി, അമ്പിളി ദേവി തുടങ്ങി നിരവധി പ്രമുഖർക്ക് കലാഭവൻ മണി സ്മാരക പുരസ്കാരം സമ്മാനിക്കും. തുടർന്ന് മണിനാദം നാടൻപാട്ട് കലാസംഘം അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിയ്ക്കും.

എല്‍ പി ജിയെക്കാള്‍ വിലക്കുറവ്, അപകട സാധ്യതയില്ല; ആലപ്പുഴയില്‍ സിറ്റി ഗ്യാസ് ജനുവരി മുതല്‍

എല്‍ പി ജിയെക്കാള്‍ വിലക്കുറവ്, അപകട സാധ്യതയില്ല; ആലപ്പുഴയില്‍ സിറ്റി ഗ്യാസ് ജനുവരി മുതല്‍

തിരുവനന്തപുരം: ജില്ലയിലെ വീടുകളില്‍ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളില്‍ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി.) ആണ് വീടുകളിലെത്തുക. വിതരണത്തിനായി തങ്കിയില്‍ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷന്‍ ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പി.എന്‍.ജി.ആര്‍.ബി.) നേതൃത്വത്തില്‍ അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി. ആന്‍ഡ് പി.) പദ്ധതിയുടെ നിര്‍വഹണ ചുമതല. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെയാണ് വീടുകളില്‍ പൈപ്പ്ഡ് നാച്ച്വറല്‍ ഗ്യാസ് നല്‍കുന്ന പദ്ധതിക്ക് വേഗം കൈവരിച്ചത്. ഗെയില്‍ പൈപ്പ് ലൈന്‍ വഴിയുള്ള കണക്ടിവിറ്റികൂടി സിറ്റി ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്നതോടെ കുടുതല്‍ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കപ്പെടും.

ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച വയലാര്‍ പഞ്ചായത്തിലും ചേര്‍ത്തല നഗരസഭയിലുമായിരിക്കും പാചകവാതകം ആദ്യം ലഭിക്കുക. വയലാര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 5792 രജിസ്‌ട്രേഷനും 3970 വീടുകളില്‍ പ്ലമ്പിങ്, മീറ്റര്‍ സ്ഥാപിക്കല്‍ ജോലികള്‍ എന്നിവയും പൂര്‍ത്തിയായി. ചേര്‍ത്തല നഗരസഭയുടെ കീഴിലെ 35 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലായി 6057 രജിസ്‌ട്രേഷനും 2856 വീടുകളില്‍ പ്ലമ്പിങ്, മീറ്റര്‍ സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള വാര്‍ഡുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മറ്റ് ജോലികള്‍ തുടങ്ങണമെങ്കില്‍ റെയില്‍വേയുടെയും ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. അനുമതി ലഭിച്ചാലുടന്‍ മറ്റ് ജോലികള്‍ ആരംഭിക്കും.

നിലവില്‍ വിതരണ പ്ലാന്റില്‍ നിന്നും 60 കിലോമീറ്റര്‍ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡരികില്‍ ഭൂമിക്കടിയിലൂടെ പന്ത്രണ്ട് ഇഞ്ചിന്റെ സ്റ്റീല്‍ പൈപ്പും ഉപറോഡിലേക്കും വീടുകളിലേക്കും അഞ്ച് ഇഞ്ചിന്റെ പോളിത്തീന്‍ പൈപ്പുമാണ് സ്ഥാപിചിരിക്കുന്നത് .

ആദ്യഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തില്‍ സമീപ പഞ്ചായത്തുകളിലും ആലപ്പുഴ ഭാഗത്തും വിതരണം തുടങ്ങും. തങ്കിയിലെ 24 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിതരണശൃംഖലക്ക് നിലവില്‍ 80,000 വീടുകളില്‍ പാചകവാതകം എത്തിക്കാന്‍ കഴിയും. ഭാവിയില്‍ ജില്ലയില്‍ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് എ.ജി. ആന്‍ഡ് പി. റീജിയണല്‍ മേധാവി രഞ്ജിത് രാമകൃഷ്ണന്‍ പറഞ്ഞു. 3000 കോടിയുടെ പദ്ധതി എട്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റില്‍ നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈന്‍ വഴി തങ്കിയിലെ പ്ലാന്റില്‍ വാതകമെത്തിക്കുന്നതാണ് പദ്ധതി. എന്നാല്‍ ദേശീയപാത വികസനം നടക്കുന്നതിനാല്‍ തത്കാലം കളമശേരിയിലെ പ്ലാന്റില്‍ നിന്ന് ടാങ്കറില്‍ ദ്രാവകമായി ലിക്വിഡ് നാച്വറല്‍ ഗ്യാസ്( എല്‍.എന്‍.ജി) തങ്കിയിലെത്തിച്ച് ഡി ഗ്യാസ് പ്രക്രിയയിലൂടെ പി.എന്‍.ജിയാക്കി സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ പുതുവൈപ്പിനില്‍ നിന്ന് പൈപ്പിലൂടെ വാതകമെത്തിക്കും.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ പാചകവാതകം വീടുകളില്‍ നേരിട്ടെത്തും. സിലിണ്ടര്‍ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല എന്നീ ഗുണങ്ങളും സിറ്റി ഗ്യാസ് പദ്ധതിക്കുണ്ട്. ഉപയോഗിച്ച വാതകത്തിന്റെ പണം മാത്രം മാസാവസാനം വീടുകള്‍ നല്‍കിയാല്‍ മതിയാകും. സ്ഥാപനങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും വാണിജ്യ താരിഫില്‍ നല്‍കുന്നുണ്ട്.

തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് (27) വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചത്. ഗുണ്ടാപ്പകയാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശരത്തും നിരവധി കേസുകളില്‍ പ്രതിയാണ്.

വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശിവന്റെയും ബിജുവിന്റെയും ഓട്ടോറിക്ഷ കഴിഞ്ഞദിവസം ശരത് തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.