മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും ഉന്നതതലയോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ജനക്കൂട്ടങ്ങളുള്ള സ്ഥലം, അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം. രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.

ഉന്നതതലയോഗത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍, നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറ, ഐസിഎംആര്‍ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ അതുല്‍ ഗോയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൈനയില്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തിനിടെ രാജ്യത്തെ 60 ശതമാനം പേരും കോവിഡ് രോഗബാധിതരാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ആറ്റിങ്ങൽ നഗരസഭയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. രാവിലെ തന്നെ നഗരസഭയിലെത്തിയ വിജിലൻസ് സംഘം ക്ലർക്ക് തസ്തികയിലെ ഒഴിവുകൾ സംബന്ധിച്ച ഫയലുകൾ പരിശോധിക്കുന്നതായാണ് സൂചന. അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ നിന്നെത്തിയ 6 അംഗ സംഘമാണ് ഫയലുകൾ പരിശോധിക്കുന്നത്.

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടില്‍ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. സംഭവം നടന്നത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. രാത്രി വീട്ടില്‍ ബഹളം വച്ചശേഷം പുറത്തുപോയ പ്രതി രാവിലെ ആറു മണിയോടെ വീട്ടിലെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു.

തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ അജിതയുടെ അമ്മയ്ക്കും വെട്ടേറ്റിരുന്നു. ശേഷം ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ. എസ്.സതീഷ് കുമാര്‍, എസ്.ഐമാരായ ശ്രീനാഥ്. റോജോമോന്‍, കെ.ആര്‍.സൂര്യ, എ.എസ്.ഐ ഹസന്‍, എസ്.സി.പി.ഒ ആര്‍.ബിജു. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്

സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. തിരുവനന്തപുരം പൂവച്ചലിൽ രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂവച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിനാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സിമന്റ് കയറ്റി വന്ന ലോറി ഇടിച്ചിട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോഴുള്ളത്.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്

കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയിലാണ്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ബെയ്ജിംഗ് തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്.

ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുന്നത്തിന് സമയബന്ധിതമായി പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാട്ടക്കട മണ്ഡലത്തിലെ 220 കി. മീ വരുന്ന പൊതുമരാമത്ത് റോഡുകളിൽ 180ഓളം കിലോമീറ്റർ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ പരിപാടികളിൽ അധ്യക്ഷനായി. വിവിധ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികൾ പങ്കെടുത്തു.

മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മൂങ്ങോട്- അരുവിപ്പാറ റോഡ്, മാറനല്ലൂർ പഞ്ചായത്തിലെ വണ്ടന്നൂർ- റസ്സൽപുരം, വണ്ടന്നൂർ – മേലാരിയോട് റോഡുകൾ എന്നിവ സഞ്ചാരത്തിനായി തുറന്നു. മലയിൻകീഴ് കാട്ടാക്കട റോഡിനെയും അന്തിയൂർക്കോണം തച്ചോട്ടുകാവ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മൂങ്ങോട്-അരുവിപ്പാറ റോഡ്. രണ്ടര കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ ബി എം ബി സി ചെയ്താണ് റോഡിൻറെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

വണ്ടന്നൂർ നിന്നും റസ്സൽപുരം, മേലാരിയോട് റോഡുകളുടെ പണി പൂർത്തിയത്തോടെ ഇരു പ്രദേശത്തേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാകും. സംസ്ഥാന ബജറ്റിൽ നിന്നും അഞ്ചരക്കോടി രൂപ വിനിയോഗിച്ചാണ് ഇവ നവീകരിച്ചത്. ഇരു റോഡുകളും ബി എം ബി സി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.