by Midhun HP News | Dec 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
താമരശ്ശേരി: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച രാത്രി 11 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അടിവാരം മുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരു നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകൾ കടന്നുപോകുന്നതിനെ തുടർന്നാണ് മറ്റ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.

22ന് രാത്രി യാത്രയ്ക്ക് പൊതുജനങ്ങൾ ബദൽ മാർഗങ്ങൾ സ്വീകരിക്കണം എന്ന് കളക്ടർ അറിയിച്ചു. സെപ്റ്റംബർ പത്തിനാണ് കൂറ്റൻ യന്ത്രങ്ങളുമായി ലോറികൾ അടിവാരത്തെത്തിയത്. മൂന്നു മാസത്തിലേറെയായി ഇവ അടിവാരത്ത് നിർത്തിയിട്ടിരിക്കയാണ്. ചുരംവഴി ഇവ കൊണ്ടുപോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടഞ്ഞിരുന്നു.
സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി അധികൃതർ ഹാജരാക്കി. ഇതോടെയാണ് ചുരം വഴിയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചത്.
by Midhun HP News | Dec 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിലേക്ക് 17 പുതിയ ട്രെയിനുകള് അനുവദിച്ച് ദക്ഷിണ റെയില്വേ. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്വീസുകള് അനുവദിച്ചിരിക്കുന്നത്. യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് നീക്കം. ഡിസംബര് 22 മുതല് 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാകും പ്രത്യേക ട്രെയിനുകള് സര്വീസ് നടത്തുക.
കൂടാതെ ദക്ഷിണ റെയില്വേയും മറ്റ് സോണല് റെയില്വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും. ദക്ഷിണ സെന്ട്രല് റെയില്വേയുടെ 22 പ്രത്യേക ട്രെയിനുകള് ഉള്പ്പെടെ കേരളത്തിലേക്കുള്ള 38 സര്വീസുകള്, സൗത്ത് വെസ്റ്റേണ് റെയില്വേയുടെ 8 പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്വേയുടെ 4 പ്രത്യേക ട്രെയിനുകളുമാണ് ഇതില് ഉള്പ്പെടുന്നത്. ഇതോടെ ക്രിസ്മസ്/പുതുവത്സര സീസണില് കേരളത്തില് ആകെ 51 പ്രത്യേക ട്രെയിനുകള് സര്വീസ് നടത്തും.
by Midhun HP News | Dec 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ വക്കം മേഖലാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ കായിക്കരയിലെ ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ വെച്ച് ജാഥ ക്യാപ്റ്റൻ എസ്. പ്രവീൺ ചന്ദ്രക്കും ജാഥ മാനേജർ വിജയ് വിമലിനും പതാക കൈ മാറി കൊണ്ട് അഡ്വ. വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷൻ ആയിരുന്നു. ലിജ ബോസ്, കെ. രാജേന്ദ്രൻ, സജി സുന്ദർ, ജയ ശ്രീരാമൻ സോഫിയ, രാമചന്ദ്രൻ കരവാരം എന്നിവർ സംസാരിച്ചു.

by Midhun HP News | Dec 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്സൺ പാനലിൽ പിടി ഉഷയും. മലയാളിയും ലോകപ്രശസ്ത കായികതാരവുമായ പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യസഭയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്.
രാജ്യസഭയിലേക്ക് കേന്ദ്ര സർക്കാരാണ് പിടി ഉഷയെ നാമനിർദേശം ചെയ്തത്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് വൈസ് ചെയർമാന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട അംഗത്തെ തിരഞ്ഞെടുക്കുന്നതെന്ന് ധൻഖർ വ്യക്തമാക്കി. ആന്ധ്രപ്രദേശിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി എം.പി വിജയ്സായ് റെഡ്ഡിയെയും ഉഷക്കൊപ്പം പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 19ലെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം.
by Midhun HP News | Dec 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളിയായ ഫാന്റം പൈലി എന്നു വിളിക്കുന്ന ഷാജിയെ വർക്കല പൊലീസ് പിടികൂടി. തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി (40) യെ കാപ്പ നിയമപ്രകാരമാണ് വർക്കല പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഷാജിയെ പൊലീസ് വഴിയിൽ വച്ച് കാണുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഫാന്റം പൈലി രക്ഷപ്പെടാൻ നോക്കിയെങ്കിലും പൊലീസ് സാഹസികമായി കീഴക്കുകയായിരുന്നു.
ഓട്ടോ റിക്ഷയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. 60 ൽ അധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഇപ്പോൾ പിടിയിലായ ഫാന്റം പൈലിയെന്ന് അറിയപ്പെടുന്ന ഷാജിയെന്ന് വർക്കല പൊലീസ് പറഞ്ഞു.
by Midhun HP News | Dec 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
താപനില താഴ്ന്നതോടെ ഉത്തരേന്ത്യയില് ഇന്ന് പരക്കെ കനത്ത മൂടല്മഞ്ഞ് അനുഭവപ്പെട്ടു. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ കനത്ത മൂടല് മഞ്ഞിനെ തുടര്ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള് വഴി തിരിച്ച് വിട്ടു.

ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ച് വിട്ടു. ഉത്തർപ്രദേശിലും പഞ്ചാബിലും മൂടൽമഞ്ഞ് കനത്തതാണ് വിമാനങ്ങൾ തിരിച്ചുവിടാൻ കാരണമെന്ന് ദില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ദില്ലിയിൽ അന്തരീക്ഷം തെളിഞ്ഞതാണെന്നും ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു. രണ്ട് മൂന്ന് മണിക്കൂറോളം മൂടല് മഞ്ഞ് നില്ക്കുമെന്നും പിന്നാലെ സാധാരണനില കൈവരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പുലര്ച്ചെ 4.30 ന് ഡൽഹി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില് മൂടല് മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല – സഹരൻപൂർ ഹൈവേയിൽ ഞായറാഴ്ച 22 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു ഡസനോളം പേർക്ക് പരിക്കേറ്റു. മൂടൽമഞ്ഞ് കാരണം റോഡിലെ ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമെന്ന് അധികൃതര് പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില് ഇന്നലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. നോര്ത്തേണ് റെയില്വേ 11 ഓളം ട്രെയിന് സര്വ്വീസുകള് മൂടല്മഞ്ഞ് കാരണം വൈകി ഓടുമെന്ന് ട്വീറ്റ് ചെയ്തു.
Recent Comments