by Midhun HP News | Oct 9, 2025 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭയില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ചീഫ് മാര്‍ഷലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കടുത്ത നടപടി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എം വിന്‍സന്റ് എന്നിവരെയാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സഭാനടപടികള്‍ തടസ്സപ്പെടുന്നതിന് ഇടയാക്കിയിരുന്നു. സമാനമായ നിലയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
പ്രതിഷേധത്തിനിടെ ചീഫ് മാര്‍ഷല്‍ ഷിബു അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ പശ്ചാത്തലത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പാഞ്ഞടുത്തത് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി.


by Midhun HP News | Oct 9, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. പവന് കഴിഞ്ഞ ദിവസമാണ് 90,000 രൂപ കടന്നത്. വൈകാതെ തന്നെ പവന് ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിലക്കയറ്റം മൂലം സ്വര്‍ണാഭരണം വാങ്ങുന്നത് ഏറെ പ്രയാസമേറിയ കാര്യമായി മാറും. സ്വാഭാവികമായും ആളുകള്‍ വിവിധ സ്വര്‍ണ നിക്ഷേപങ്ങളെ ഈ സമയത്ത് പരിഗണിച്ചെന്ന് വരാം. എന്നാല്‍ സ്വര്‍ണത്തിന്റെ നികുതി നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പല നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കേണ്ടി വരാറുണ്ട്. അത് ഭൗതിക സ്വര്‍ണമായാലും ഇടിഎഫുകളായാലും മ്യൂച്വല്‍ ഫണ്ടുകളായാലും അതിനനുസരിച്ച് നികുതി നിയമങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഓരോ നിക്ഷേപത്തിന്റെയും നികുതി നിയമങ്ങള്‍ എന്തൊക്കെയാണ്, എത്രകാലം നിക്ഷേപം നിലനിര്‍ത്തിയാലാണ് കുറഞ്ഞ നികുതി നിരക്ക് ബാധകമാവുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.


1. ഭൗതിക (ഫിസിക്കല്‍) സ്വര്‍ണം
ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നി രൂപത്തിലുള്ള ഭൗതിക സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഏതൊരു ലാഭവും മൂലധന നേട്ടമായാണ് കണക്കാക്കി വരുന്നത്. ഇത്തരം സ്വര്‍ണം വാങ്ങിയ ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ ലാഭം വരുമാനത്തിലേക്ക് ചേര്‍ത്ത് നികുതി ചുമത്തും. എന്നാല്‍ ഈ സ്വര്‍ണം 2 വര്‍ഷത്തിനു ശേഷം വില്‍ക്കുമ്പോള്‍ ഇതിന് 12.5 ശതമാനം (സര്‍ചാര്‍ജ്, സെസ് എന്നിവയ്ക്ക് പുറമേ) നികുതി ചുമത്തുന്നു. സ്വര്‍ണം ആഭരണ രൂപത്തില്‍ വാങ്ങുമ്പോള്‍ പോലും നികുതിയുണ്ട്. 3 ശതമാനം ജിഎസ്ടിയാണ് ആഭരണത്തിന് ഈടാക്കുന്നത്. കൂടാതെ പണിക്കൂലിയിലും ജിഎസ്ടി ചുമത്തുന്നുണ്ട്. പണിക്കൂലിയുടെ 5 ശതമാനമാണ് ജിഎസ്ടിയാണ് ഈടാക്കുന്നത്.
2. ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും
സ്വര്‍ണം ആഭരണമായോ നാണയമായോ ഭൗതിക രൂപത്തില്‍ സൂക്ഷിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഗോള്‍ഡ് ഇടിഎഫുകളും സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകളും മികച്ച തെരഞ്ഞെടുപ്പായിരിക്കും. ആഭരണങ്ങള്‍ സൂക്ഷിക്കുന്നതുപോലെയുള്ള അപകടമോ, മോഷണത്തെക്കുറിച്ചുള്ള പേടിയോ ആവശ്യമില്ല ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല സ്വര്‍ണത്തിന്റെ വില കുതിക്കുമ്പോള്‍ മികച്ച നേട്ടം നിക്ഷേപകര്‍ക്കും ഉറപ്പാക്കാം.
3. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍
ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള മികച്ച സ്വര്‍ണ നിക്ഷേപമാണിത്. ഇതിലൂടെ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ നിന്നുള്ള നേട്ടങ്ങളും പ്രതിവര്‍ഷം 2.5 ശതമാനം പലിശയും ലഭിക്കുന്നു. ഈ ബോണ്ടുകള്‍ നിയന്ത്രിക്കുന്നത് ആര്‍ബിഐ ആണ്. ശ്രദ്ധേയ കാര്യമെന്തെന്നാല്‍ ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന സ്വര്‍ണത്തില്‍ നിന്നും ലഭിക്കുന്ന ഏതൊരു ലാഭവും പൂര്‍ണ്ണമായും നികുതി രഹിതമാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍ക്കുകയാണെങ്കില്‍ അവ എത്ര കാലം കൈവശം വച്ചിരുന്നു എന്നത് അനുസരിച്ച് മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടിവരും.
4. ഡിജിറ്റല്‍ സ്വര്‍ണം
പുതു തലമുറയിലെ നിക്ഷേപകര്‍ കൂടുതലായും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പല ഫിന്‍ടെക് പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്നു. അതിനാല്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ എളുപ്പമാണ്. വിവിധ കമ്പനികളുടെ സ്വര്‍ണം ഇതിലൂടെ വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഇവിടെ ഭൗതിക സ്വര്‍ണം സ്വന്തമാക്കുന്നതു പോലെയാണ് നികുതി നിരക്കുകളും കണക്കാക്കുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

by Midhun HP News | Oct 9, 2025 | Latest News, കേരളം
ആരോരുമില്ലാത്ത പലര്‍ക്കും തണലായി മാറിയിട്ടുണ്ട് നടന്‍ കലാഭവന്‍ മണി. തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് തന്നെ ചേര്‍ത്തു പിടിച്ചവര്‍ക്കുള്ള ആദരമായിരുന്നു മണിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. പലര്‍ക്കും തണലായി മാറിയ മണിയ്ക്കും കുടുംബത്തിനും ഒരുകാലത്ത് താങ്ങായിരുന്നത് ഹയറുന്നീസ ഉമ്മയായിരുന്നു. ആ ഉമ്മ ഇനി ഓര്‍മകളില്‍ വിശ്രമിക്കും.
മണിക്കും കുടുംബത്തിനും കുട്ടിക്കാലത്ത് കരുതലായിരുന്ന ഹയറൂന്നീസ ഉമ്മ വിട വാങ്ങി. കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉമ്മയെക്കുറിച്ചെഴുതിയ വാക്കുകള്‍ ഉള്ളു തൊടുന്നതാണ്. തങ്ങള്‍ക്ക് വയറു നിറയെ ഭക്ഷണം തന്ന് ചേര്‍ത്തുപിടിച്ച സ്‌നേഹ നിധിയായിരുന്നു ഉമ്മയെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.
”കുട്ടി കാലത്ത് ഞങ്ങള്‍ക്ക് വയറു നിറയെ ആഹാരം തന്ന് ഞങ്ങളെ ചേര്‍ത്ത് പിടിച്ച ഞങ്ങളുടെ സ്‌നേഹ നിധിയായ ഉമ്മ യാത്രയായി. ചേനത്തുനാട് പാളയംകോട്ട്കാരന്‍ വീട്ടില്‍ പരേതനായ മുസ്തഫ ഭാര്യ ഹയറൂന്നീസ ( 89 ) നിര്യാതയായി. 7 മക്കളുള്ള ഉമ്മയ്ക്ക് ഞങ്ങളും മക്കളെ പോലെയായിരുന്നു. കുട്ടിക്കാലത്ത് ഉമ്മയെ ചുറ്റിപറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. ഉമ്മയുടെ കൂടെ ചാലക്കുടി മാര്‍ക്കറ്റിലേക്ക് പോകുക, റേഷന്‍ കടയിലേക്ക് പോകുക , എല്ലാത്തിനും സഹായിയായി എപ്പോഴും ഞങ്ങളുടെ കുടുംബം ഉണ്ടാകും” രാമകൃഷ്ണന്‍ പറയുന്നു.


”ഉമ്മയുടെ മകനായ അലി ചേട്ടന്‍ (സൈലബ്ദീന്‍) വാങ്ങിയ മുസ്തഫ സണ്‍സ് എന്ന ലാമ്പര്‍ട്ട ഓട്ടോ റിക്ഷയാണ് മണിച്ചേട്ടന്‍ ആദ്യമായി ഓടിച്ചത്. എവിടെ പോയാലും ഉമ്മയുടെ അടുത്ത് വിവരങ്ങള്‍ പറഞ്ഞിട്ടേ പോകാറുള്ളൂ. തിരികെ വരുമ്പോഴും എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. ഇനി ആ വിളിയില്ല. സ്‌നേഹാന്വേഷണവും ഇല്ല. ഇതോടെ ഞങ്ങളുടെ ഒരു കാലഘട്ടത്തിലെ കാരണവന്‍മാരുടെ കണ്ണികള്‍ ഇല്ലാതെയായി” എന്നും അദ്ദേഹം പറയുന്നു.

by Midhun HP News | Oct 9, 2025 | Latest News, കേരളം
അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തികബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നൽകി.തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി.
ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും മന്ത്രി സഭായോഗം അനുമതി നൽകി.



by Midhun HP News | Oct 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്.



by Midhun HP News | Oct 9, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ജീവനക്കാരെ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. തോക്കു ചൂണ്ടി കവർച്ചയ്ക്ക് പിന്നിൽ ജോജി, ജിഷ്ണു എന്നിവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസിൽ ഇന്നലെ പിടിയിലായ വടുതല സ്വദേശി സജി തട്ടിപ്പു സംഘത്തിന്റെ ഏജന്റാണെന്നും പൊലീസ് സൂചിപ്പിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള പണം ഇരട്ടിയായി നൽകുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 80 ലക്ഷം രൂപ നൽകിയാൽ 1 കോടി 10 ലക്ഷമായി നൽകുമെന്നായിരുന്നു കവർച്ചയ്ക്ക് ഇരയായ സ്റ്റീൽ കമ്പനി ഉടമയ്ക്ക് നൽകിയ വാഗ്ദാനമെന്നാണ് റിപ്പോർട്ട്. തോപ്പുംപടി സ്വദേശി സുബിന്റേതാണ് സ്റ്റീൽ കമ്പനി. ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിലായിരുന്നു തട്ടിപ്പിന് കളമൊരുങ്ങിയത്. കസ്റ്റഡിയിലുള്ള സജി വഴി പരിചയപ്പെട്ട ജോജി, ജിഷ്ണു എന്നിവരുമായാണ് നോട്ട് ഇരട്ടിപ്പിക്കൽ ഇടപാട് ഉറപ്പിച്ചിരുന്നത്.

സുബിൻ തന്റെ അക്കൗണ്ടിൽ നിന്നും ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഇതിൽ 80 ലക്ഷം രൂപ സ്റ്റീൽ കമ്പനി ഓഫീസിൽ വെച്ച് സജി, ജോജി, ജിഷ്ണു എന്നിവർ ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നു. ഇതിനിടെയാണ് മുഖം മൂടി ധരിച്ച മൂന്നംഗ സംഘം ഇവിടേക്ക് കടന്നു വരികയും തോക്കു ചൂണ്ടി, പെപ്പർ സ്പ്രേ അടിച്ചശേഷം പണം കവരുകയും ചെയ്തത്. ഈ ആക്രമണം ആസൂത്രിതമായിരുന്നുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം എണ്ണി ഉറപ്പാക്കിയതിനു പിന്നാലെ അക്രമി സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് നിഗമനം.
കവർച്ചയ്ക്ക് പിന്നിൽ ആറംഗ സംഘമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ധാരണ പ്രകാരമുള്ള 1 കോടി 10 ലക്ഷം രൂപ അക്കൗണ്ടിൽ വന്നശേഷം 80 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് സജി സ്റ്റീൽ കമ്പനി ഉടമയോട് പറഞ്ഞിരുന്നത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കമ്പനിയിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമാണ്. ഇത് തട്ടിപ്പു സംഘം നിർദേശിച്ച പ്രകാരം ഓഫാക്കിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Recent Comments