by Midhun HP News | Sep 30, 2025 | Latest News, കേരളം
സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുന്നതിനെക്കുറിച്ചാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിയ്ക്ക് ലാല്‍ സലാം എന്ന് പേരിട്ടതിനെതിരെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം.
സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ലെന്നും ചെറിയാന്‍ ഫിലപ്പ് പറയുന്നു. ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണെന്നും അദ്ദേഹം പറയുന്നു.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ആദരിക്കുക. പരിപാടിയുടെ പേര് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ‘വാനോളം മലയാളം ലാല്‍സലാം’ എന്നാണ് പരിപാടിയുടെ പേര്. മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. പരിപാടിയുടെ പേരിലെ ‘ലാല്‍സലാം’ വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാല്‍ സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അര്‍ഥത്തിലാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍രെ പ്രതികരണം. ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകളിലേക്ക്:

മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്
ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല.
ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാല്‍ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ അഭിവാദ്യം നേരുന്ന പാര്‍ട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളത്. കമ്മ്യൂണിസ്റ്റു കഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാന്‍ കല്പകവാടി തന്റെ സിനിമയ്ക്ക് ‘ലാല്‍ സലാം’ എന്ന പേരു നല്‍കിയത്.


by Midhun HP News | Sep 30, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ രണ്ടു തവണയായി 1040 രൂപയാണ് വര്‍ധിച്ചത്. ഈ കുതിപ്പ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.



by Midhun HP News | Sep 30, 2025 | Latest News, കേരളം
തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.
ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.



by Midhun HP News | Sep 30, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ACJM) കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഹൈദരാബാദില്‍ ഉള്ള വിലാസത്തില്‍ സ്ഥിരതാമസമാക്കിയിരുന്ന പ്രതികള്‍ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലേക്ക് മാറുകയും അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു.


ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്ന ഇവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സംഘം പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിരവധി കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉള്ള ഇവര്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്. 600ലധികം തട്ടിപ്പ് കേസുകള്‍ ഇവര്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്.
സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിര്‍ദ്ദേശാനുസരണം തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി കെ സുബ്രഹ്മണ്യന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ തോംസണ്‍ ആന്ററണി, സബ് ഇന്‍സ്‌പെക്ടര്‍ ലിജോ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുബീര്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

by Midhun HP News | Sep 30, 2025 | Latest News, കേരളം
ചെന്നൈ: കരൂര്‍ ദുരന്തത്തെത്തുടര്‍ന്ന് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം ( ടിവികെ ) പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനാണ് ജീവനൊടുക്കിയത്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചിട്ടാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്.
സെന്തില്‍ ബാലാജിയുടെ സമ്മര്‍ദ്ദം കാരണമാണ് വിജയുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കുറിപ്പില്‍ അയ്യപ്പന്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. പിന്നീട് വിജയ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിയാകുകയായിരുന്നു.
കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.


അതിനിടെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ ടിവികെ നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും വിജയിന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സയിലാണ്.

by Midhun HP News | Sep 30, 2025 | Latest News, കേരളം
കൊച്ചി: ദേവീ ഉപാസനയുടെ പൂര്‍ണതയിലെത്തുന്ന ദുര്‍ഗാഷ്ടമി ഇന്ന്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചെങ്കിലും ചൊവ്വാഴ്ചയും പൂജവെപ്പ് തുടരും. നവരാത്രിയിലെ പ്രധാന ദിനമായ മഹാനവമി ബുധനാഴ്ചയാണ്. വ്യാഴാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം ആരംഭിക്കും. എല്ലായിടത്തും കുട്ടികളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
വീടുകളിലും ക്ഷേത്രങ്ങളിലും പൂജവയ്ക്കുന്നതിനു പുറമേ കച്ചവടസ്ഥാപനങ്ങള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും ആയുധപൂജയും പതിവുണ്ട്. പുസ്തകം, പേന എന്നിവയ്ക്കുപുറമേ പണിയായുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയും പൂജിക്കാറുണ്ട്. ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, പൂജാരിമാര്‍ എന്നിവരും ആചാര്യന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും വിദ്യാരംഭത്തിനു നേതൃത്വം നല്‍കും. അക്ഷരമെഴുത്തിനു തുടക്കംകുറിക്കുന്നതിനൊപ്പം സംഗീതം, കലകള്‍, ചിത്രരചന എന്നിവയ്ക്കും വിജയദശമിക്കു തുടക്കമാകും.

ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാന്‍.
അഷ്ടമി കഴിഞ്ഞാല്‍ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തന്‍ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തില്‍ എത്താന്‍ ശ്രമിക്കണം.
അതിനു ശേഷമാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.


Recent Comments