by Midhun HP News | Oct 1, 2025 | Latest News, കേരളം
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു.
ഇന്നലെ രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. കുടുംബം ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.



by Midhun HP News | Oct 1, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വംബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത് 1998ലാണ്. അന്ന് യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന വിജയ് മല്യ വഴിപാടായി ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിയാന്‍ ആകെ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ചതായാണ് അന്നത്തെ പത്രവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, 2019ല്‍ ഇതില്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായി നല്‍കിയ രേഖകളില്‍ സ്വര്‍ണപ്പാളി എന്നതിന് പകരം ചെമ്പ് പാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1998 സ്വര്‍ണപ്പാളി ആയിരുന്നെങ്കില്‍ 2019ല്‍ എത്തിയപ്പോഴേക്കും അവ ചെമ്പുപാളികളായതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. 1998 സെപ്റ്റംബര്‍ നാലിനാണ് ചെമ്പ് തകിടുകള്‍ക്കുമേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പിച്ചത്.

ശ്രീകോവിലിന്റെ മേല്‍ക്കൂര, മേല്‍ക്കൂരയിലെ നാല് നാഗരൂപങ്ങള്‍, ശ്രീകോവിലിന്റെ സീലിങ്, രണ്ട് ദ്വാരപാലക ശില്‍പ്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതം എഴുതിയ തകിടുകള്‍ എന്നിവയിലാണ് സ്വര്‍ണം പൊതിഞ്ഞത്. ഇതിന് പുറമെ രണ്ട് കമാനങ്ങള്‍, ശ്രീകോവിലിലെ കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍ ,ശ്രീകോവിലിന്റെ മുഖ്യ കവാടം, കന്നിമൂല ഗണപതി കോവിലിന്റെ കലശം, നാഗരാജ കോവിലിന്റെ കലശം എന്നിവയിലും സ്വര്‍ണം പൊതിഞ്ഞതായി അന്ന് വിജയ് മല്യ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1998 സെപ്റ്റംബറില്‍ വന്ന പത്രവാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും ചുവടു പിടിച്ചാണ് ശബരിമല ശ്രീകോവിലിനും സ്വര്‍ണം പൂശിയതെന്നാണ് വിജയ്മല്യ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
അന്ന് ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നില്ല. 2019-ലാണ് അത് ചെയ്തത്. നിലമ്പൂര്‍ തേക്കുകൊണ്ട് പുതിയ വാതില്‍ നിര്‍മ്മിച്ച് അതില്‍ ചെമ്പ് തകിടുകള്‍ പാകി അതിനുമേല്‍ സ്വര്‍ണ്ണം പൊതിഞ്ഞു എന്നാണ് രേഖകളില്‍ കാണുന്നത്. അതിനു വേണ്ടി നാല് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചുവെന്നാണ് ഇതുസംബന്ധിച്ച് അന്ന് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. അന്ന് ഈ സ്വര്‍ണ്ണം പൊതിയാന്‍ വേണ്ടി വഴിപാടായി നല്‍കിയത് വ്യവസായികളാണ്. ആ വ്യവസായികളായ ഭക്തരുടെ കൂട്ടത്തില്‍ ഒരു പേര് ശ്രദ്ധേയമാണ്. അത് ഉണ്ണി തിരുമേനി എന്നൊരു പേരാണ്. അതാകണം ഇപ്പോഴത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
1998-ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരകാപാലകരുടെ ശില്‍പ്പത്തില്‍ നിന്നാണ് ഈ സ്വര്‍ണപ്പാളി എടുത്ത് മാറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. ഇതിനായി ദേവസ്വം ബോര്‍ഡ് നല്‍കിയ ഉത്തരവിലാണ് ഈ സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയത്. 1998ല്‍ സ്വര്‍ണമായിരുന്നത് 2019ലെത്തിയപ്പോള്‍ വെറും ചെമ്പുപാളി ആയി മാറിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
1998 വിജയ്മല്യ സമര്‍പ്പിച്ച സ്വര്‍ണം എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്. ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നതിന് എത്രത്തോളം സ്വര്‍ണം ഉപയോഗിച്ചു എന്നതിനുള്ള കൃത്യമായ രേഖ ദേവസ്വത്തിന്റെ പക്കലുണ്ടോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. 2019-ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പായി മാറിയത്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് അന്ന് ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ശ്രീകോവിലിന്റെ വാതിലുകളുടെ അറ്റകുറ്റപ്പണി, ദ്വാരപാലകരുടെ ശില്‍പ്പങ്ങളെ പൊതിഞ്ഞ ചെമ്പുതകിടുകളുടെ അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കി സ്വര്‍ണംപൂശി തിരിച്ചേല്‍പ്പിക്കണം എന്നാണ് പറയുന്നത്.
ഇതിന് ആരെയാണ് ഈ ജോലിക്ക് ഉത്തരവാദപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാണ്. 2019 ജൂലൈ മാസം ഏഴാം തീയതിയാണ് ഈ ഉത്തരവ് ഇറക്കുന്നത്. ഇതിനു ശേഷം 20-ാം തീയതിക്ക് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡ് ഉത്തരവ് പ്രകാരം ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം ചെമ്പാണ് എന്ന് രേഖപ്പെടുത്തി നല്‍കുന്നത്. ഇത് സ്വര്‍ണം പൂശുന്നതിന് വേണ്ടി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തില്‍ എത്തിക്കുക എന്നതായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ പാളികള്‍ കൈപ്പറ്റി ഒരുമാസത്തിന് ശേഷമാണ് ഈ സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


by Midhun HP News | Oct 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 87,000 രൂപയാണ്. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 10,875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ മാസം 86,760 ലെത്തിയാണ് പവന്‍ വില സര്‍വകാല റെക്കോര്‍ഡിട്ടത്. വീണ്ടും റെക്കോര്‍ഡുകള്‍ ദേദിച്ചാണ് ഇന്ന് വിലയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.


by Midhun HP News | Oct 1, 2025 | Latest News, കേരളം
കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി ചെറുമത്തി പെരുകിയതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തി ലഭ്യതയില്‍ വലിയ ഏറ്റക്കുറച്ചിലിനു കാരണമാകുന്നതായും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റം ഇത്തരം ഏറ്റക്കുറച്ചിലുകള്‍ക്കു കാരണമാകുന്നതിനാല്‍ ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പുകള്‍ വേണമെന്നും സാഹചര്യം പരിഗണിച്ച് പ്രാദേശിക മത്സ്യബന്ധന നിയന്ത്രണങ്ങള്‍ ആകാമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ യു. ഗംഗയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം കറന്റ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലെ സമുദ്ര ജൈവശാസ്ത്ര ഘടകങ്ങള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 2012ല്‍ സംസ്ഥാനത്ത് 4 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി 2021ല്‍ വെറും 3500 ടണ്ണായി ഇടിഞ്ഞു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ശരാശരി 10 സെന്റിമീറ്റര്‍ വലുപ്പമുള്ള ചെറുമത്തി കേരള തീരത്തു വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇവ കൂട്ടത്തോടെ കരയ്ക്കടിയുകയും ചെയ്തു. മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം പെരുകിയതോടെ ഭക്ഷ്യ ലഭ്യത ക്രമേണ കുറഞ്ഞത് അവയുടെ വളര്‍ച്ച മുരടിക്കാനും തൂക്കം കുറയാനും കാരണമായി. തുടര്‍ന്നു വിപണിയില്‍ മത്തിയുടെ വില കുത്തനെ ഇടിഞ്ഞു. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതു നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
അനുകൂല മണ്‍സൂണ്‍ മഴയും അടിത്തട്ടിലെ പോഷക സമൃദ്ധമായ വെള്ളം മുകളിലേക്കു വന്നതും (അപ് വെല്ലിങ്) മൂലം സൂക്ഷ്മ പ്ലവകങ്ങള്‍ പെരുകിയതാണ് മത്തിക്കുഞ്ഞുങ്ങള്‍ പെരുകാന്‍ കാരണം. ആവാസവ്യവസ്ഥ എത്രത്തോളം ഉല്‍പാദനക്ഷമം ആണെന്നതു മത്തി ലഭ്യതയെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


by Midhun HP News | Sep 30, 2025 | Latest News, കേരളം
പ്ലേറ്റ്‌ലെറ്റുകൾ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്.
വൈറൽ ബാധ, കാൻസർ, ചില ജനിതകരോഗങ്ങൾ ഇവ മൂലം ശരീരത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാം കഴിയും.
പപ്പായയും ഇലയും
പഴുത്ത പപ്പായയും അവയുടെ ഇലയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ മികച്ച മാർഗമാണ്.
മാതളം
ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ മാതളം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചതാണ്. മതളം ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിക്കാം.
മത്തങ്ങ
വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങയിലെ ബീറ്റാ കരോട്ടിൻ ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇലക്കറികൾ
പച്ചച്ചീര, ഉലുവ തുടങ്ങി വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം.
കാരറ്റും ബീറ്റ്റൂട്ടും
വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയിൽ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡിൽ ചേർത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം.



by Midhun HP News | Sep 30, 2025 | Latest News, കേരളം
മലപ്പുറം: തിരൂരില്‍ കസേരയുടെ റിങില്‍ രണ്ടുവയസുകാരിയുടെ തല കുടുങ്ങി. കളിക്കുന്നതിനിടെ തല റിങ്ങില്‍ കുരുങ്ങുകയായിരുന്നു. തിരൂര്‍ യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.
തിരൂര്‍ ടൗണില്‍ താമസിക്കുന്ന ആഷിഖിന്റെ മകള്‍ ഹൈറയുടെ തലയാണ് കളിക്കുന്നതിനിടെ കസേരയുടെ റിങില്‍ കുടുങ്ങിയത്. തല പുറത്തെടുക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
വീട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കസേരയുടെ റിങ് മുറിച്ചു മാറ്റിയതോടെയാണ് കുട്ടിയെ രക്ഷിക്കാനായത്.



Recent Comments