തദ്ദേശ തെരഞ്ഞെടുപ്പ്; സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്; സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം

തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നും അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്.

ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ഒക്ടോബർ 14 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും.

നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം. വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത്, അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫാറത്തില്‍ ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

അതേസമയം സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും.

ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുളള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്.

എന്നാൽ മേലിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകുകയാണ്. SEC എന്ന ഇംഗ്ളീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും വോട്ടർമാർ ഈ സവിശേഷ തിരിച്ചറിയൽ നമ്പർ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

മഴ ശമിച്ചിട്ടില്ല; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

മഴ ശമിച്ചിട്ടില്ല; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം തെക്കൻ ഒഡിഷയിലെ ഗോപാൽപൂരിന് സമീപം ഇന്നലെ രാവിലെയോടെ കരയിൽ പ്രവേശിച്ചു. നിലവിൽ തെക്കൻ ഒഡിഷയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. ഇത് തുടർന്ന് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡിഷക്കും ഛത്തീസ്ഗഢും വഴി നീങ്ങി ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത. ഈ മാസം 30-ന് വടക്കൻ ആൻഡമാൻ കടലിൽ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യത. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത്, കൊങ്കൺ – ഗോവ തീരം, തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, തെക്കൻ ഒഡിഷ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന വടക്കൻ കൊങ്കൺ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ നിയമ വിരുദ്ധമായി വിദേശത്ത് നിന്നും എത്തിച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ പേരിലാണ് വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍. പിന്നീട് കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. ഇതിന് ശേഷമാണ് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം കടത്തിയത്.

ഓപ്പറേഷന്‍ നുംഖോറിന് ശേഷം ദുല്‍ഖറിന്റെ പക്കല്‍ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് അന്വേഷിച്ചത്. ഇതിലൊന്നാണ് ഇപ്പോള്‍ കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

ഓപ്പറേഷന്‍ നുംഖോറില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

ബിന്ദു വധക്കേസില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ്, ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്

ബിന്ദു വധക്കേസില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ്, ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ വധക്കേസില്‍ ചിത്രം തെളിയുന്നു. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിക്കുകയും ചെയ്തതായും സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായാണ് പൊലീസ് നല്‍കുന്ന വിവരം.

സെബാസ്റ്റ്യനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. 2006 മെയ് മാസത്തിലാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് വിവരം. സഹോദരന്റെ പരാതിയിലും 2006 മെയ് മുതല്‍ ബിന്ദുവിന്റെ കാണാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ബിന്ദുവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടെന്നും, പിന്നീട് അഴുകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ ശേഖരിച്ച് കത്തിച്ചെന്നുമാണ് സെബാസ്റ്റിയന്റെ മൊഴിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെ തെളിവെടുപ്പിന് ശേഷം വേമ്പനാട്ട് കായലിന്റെ തണ്ണീര്‍മുക്കം ഭാഗത്തും തെളിവെടുപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങള്‍ ഇവിടെയും ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജെയ്നമ്മ, തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനിടെ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ടുള്ള റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.

വീട്ടുകാരുമായി അകന്നുകഴിയുന്ന ബിന്ദു പത്മനാഭന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റിയനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വില്‍പന നടത്തുകയും ചെയ്തിരുന്നു.

ദുര്‍ഗാഷ്ടമി: പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ്

ദുര്‍ഗാഷ്ടമി: പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ്

കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താന്‍ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാന്‍ യോഗത്തില്‍ പറഞ്ഞു കഴിഞ്ഞു. യോഗത്തില്‍ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരുന്നതില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാന്‍ കഴിയുമോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

‘രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം’; ജി സുകുമാരന്‍ നായര്‍

‘രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം’; ജി സുകുമാരന്‍ നായര്‍

കോട്ടയം: അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ വന്നോട്ടെ, അത് തങ്ങള്‍ നേരിട്ടോളാമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ഫ്‌ലക്‌സുകള്‍ വന്നോട്ട, അത് എനിക്കൊരു പബ്ലിസിറ്റിയാകും. രാജിവയ്ക്കുന്നവര്‍ രാജിവച്ചോട്ടെ’- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ആരംഭിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.