ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

പത്തനംതിട്ട: ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത്. കോട്ടയത്തുള്ള സുഹൃത്താണ് നാലര വര്‍ഷമായി പീഠം സൂക്ഷിച്ചിരുന്നത്. പീഠം ശില്‍പ്പത്തില്‍ യോജിക്കാതിരുന്നപ്പോള്‍ സുഹൃത്ത് മടക്കിക്കൊണ്ടു പോകുകയായിരുന്നു. പീഠം കാണാനില്ലെന്ന് താന്‍ പറഞ്ഞപ്പോഴാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പീഠങ്ങള്‍ തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ എത്തിച്ചു. താന്‍ ബംഗലൂരുവിലേക്ക് പോയപ്പോള്‍ സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്യാനായി ദേവസ്വം അധികൃതര്‍ തിരിച്ചു നല്‍കി. കോവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണ പീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. കൊറോണ രൂക്ഷമായിരുന്നതിനാലും ദേവസ്വം ബോർഡ് പിന്നീട് ആവശ്യപ്പെടാതിരുന്നതിനാലും ഇതേക്കുറിച്ച് താനും മറന്നുപോയി. സുഹൃത്ത് പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.

ശബരിമലയിൽ പീഠം ഉണ്ടാകും എന്നാണ് താൻ വിചാരിച്ചിരുന്നത്. പത്തുദിവസത്തിനകം പീഠം കണ്ടെത്തണമെന്ന് ദേവസ്വം വിജിലൻസ് എസ്പിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് സുഹൃത്ത്, തന്റെ വീട്ടിലിരിക്കുന്ന സാധനമാണ് ഇതെന്ന് മനസ്സിലാക്കുന്നത്. തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും എന്നതിനാലാണ് പിന്നീട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. താന്‍ നല്‍കിയ സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജന്‍സ് അന്വേഷണം ആരംഭിച്ചു. ആറന്മുളയിലെ ഉള്‍പ്പെടെ ദേവസ്വം സ്റ്റോര്‍ റൂമുകളില്‍ അടിമുടി പരിശോധനയും നടത്തിയിരുന്നു.

അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്

സംഭവത്തില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു. എന്തിനു വേണ്ടിയാണ് ഇതു ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചു എന്ന രീതിയില്‍ പഴിചാരി കള്ളം പറഞ്ഞത്?. ദേവസ്വം ബോര്‍ഡിനെ കള്ളനാക്കിയില്ലേ?. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു. പീഠം കണ്ടെത്തിയത് ആശ്വാസകരമാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയുവാന്‍ വേണ്ടി ഇദ്ദേഹം കരുതിക്കൂട്ടി ആസൂത്രണം നടത്തിയതാണ് ഇതെന്നാണ് തന്റെ സംശയമെന്നും പ്രശാന്ത് പറഞ്ഞു.

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനാന്റെ മരണത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ദു:ഖം രേഖപ്പെടുത്തി.

ശബരിമല സ്വർണപ്പാളി കേസ് ഇന്ന് ഹൈക്കോടതിയിൽ; പീഠം കണ്ടെത്തിയത് കോടതിയെ അറിയിക്കും

ശബരിമല സ്വർണപ്പാളി കേസ് ഇന്ന് ഹൈക്കോടതിയിൽ; പീഠം കണ്ടെത്തിയത് കോടതിയെ അറിയിക്കും

കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.

നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണ്ണപാളികളുടെ ഭാരം കുറ‍ഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ശബരിമല സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസം ​ഗൗരവമായ വിഷയമാണെന്നും, ഭരണപരമായ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2019ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായതെന്നും കോടതി വിമർശിച്ചിരുന്നു. ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തിയ വിവരവും ദേവസ്വം വിജിലൻസ് കോടതിയെ അറിയിക്കും. പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധു വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്.

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 10,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. 23ന് രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ കേരളം, നിയമസഭയില്‍ ഇന്ന് പ്രമേയം

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ കേരളം, നിയമസഭയില്‍ ഇന്ന് പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ട് വരുന്നത്. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്.

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. പരിഷ്‌ക്കരണം മൂലം ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് സഭയില്‍ വിശദമായ ചര്‍ച്ച പ്രമേയത്തില്‍മേല്‍ നടക്കും. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിരുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരിുന്നു. ഇതിനുള്ള കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25നും പ്രസിദ്ധീകരിക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ശബരിമല സ്വർണപ്പാളി കേസ് ഇന്ന് ഹൈക്കോടതിയിൽ; പീഠം കണ്ടെത്തിയത് കോടതിയെ അറിയിക്കും

ശബരിമലയിലെ സ്വർണ്ണ പീഠം കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ദേവസ്വം വിജിലൻസ് കണ്ടെടുത്തു. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.

വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാരപാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്. കഴിഞ്ഞ 13നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. 2021 മുതൽ സ്വർണ്ണപീഠം കാണാതായിട്ടും എവിടെ എന്നതിൽ ദേവസ്വം ബോർഡ് പരിശോധിക്കാതിരുന്നത് വലിയ വീഴ്ചയാണ്.