സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് കർക്കടകം ഒന്ന്: രാമായണ പാരായണവും ആരോഗ്യ പരിചരണവും

ഇന്ന് കർക്കടകം ഒന്ന്: രാമായണ പാരായണവും ആരോഗ്യ പരിചരണവും

മലയാളിക്ക് കർക്കടകം എന്നാൽ ആത്മീയതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലമാണ്. തോരാതെ പെയ്യുന്ന മഴയും, കൃഷിപ്പണികൾ കുറയുന്നതുമൂലം പട്ടിണിയും ദുരിതവും നിറഞ്ഞതുമായ ‘പഞ്ഞ കർക്കടക’ത്തെ മറികടക്കാൻ പഴമക്കാർ കണ്ടെത്തിയ വഴികളാണ് രാമായണ പാരായണവും ഔഷധസേവയും

സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ ഒരു മാസക്കാലം വീടുകളിൽ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി രാമായണം വായിക്കുന്നത് മനസ്സിന് പോസിറ്റീവ് ഊർജ്ജവും ശാന്തിയും നൽകുന്നു. അതോടൊപ്പം, ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂട്ടാനായി ദശപുഷ്പം ചൂടുന്നതും, ഔഷധക്കഞ്ഞി (കർക്കടകക്കഞ്ഞി) കുടിക്കുന്നതും, ആയുർവേദ സുഖചികിത്സകൾ നടത്തുന്നതും ഈ മാസത്തിന്റെ പ്രധാന പ്രത്യേകതകളാണ്.

ദുരിതങ്ങളെ അതിജീവിച്ച് ഐശ്വര്യപൂർണ്ണമായ ചിങ്ങപ്പുലരിയിലേക്ക് കടക്കാനുള്ള ഒരുക്കമാണ് യഥാർത്ഥത്തിൽ കർക്കടക മാസം.

‘ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍’; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

‘ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍’; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം ലഭിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ നിന്നെന്നു പറഞ്ഞായിരുന്നു കോള്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ സാമ്പത്തിക സഹായം ചോദിച്ചായിരുന്നു കോള്‍ വന്നതെന്ന് ശബരീനാഥന്‍ വെളിപ്പെടുത്തി.

രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. നിരന്തരം കോള്‍ വന്നതോടെയാണ് എടുത്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും, ഉദയസമുദ്ര ഹോട്ടലില്‍ മൂന്നോ നാലോ റൂം ബുക്ക് ചെയ്തു. അതില്‍ രണ്ടു റൂമേ ആയിട്ടുള്ളൂ. രണ്ടു റൂമിന് ഇപ്പോള്‍ പണം നല്‍കിയാലേ ലഭിക്കൂ എന്നും ഫോണ്‍കോളില്‍ പറഞ്ഞു.

നമ്പര്‍ നോക്കിയപ്പോള്‍ മല്ലികാര്‍ജുന്‍ സര്‍ പിഎ എന്നാണ് എഴുതിയിട്ടുള്ളത്. അതു തട്ടിപ്പാണെന്ന് മനസ്സിലായി. ഉദയസമുദ്ര ഹോട്ടലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്ന് പറഞ്ഞു. ബുക്ക് ചെയ്തത് കെസി വേണഉഗോപാല്‍ എംപിയുടെ ഓഫീസില്‍ നിന്നാണ്, എഐസിസിയുടെ ഓഫീസില്‍ നിന്നാണ് എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കെസി വേണുഗോപാലിന്റെ ഓഫീസിനെയും വിളിച്ചു ചോദിച്ചിരുന്നു.

പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ചന്ദ്രന്‍ പാലിയേക്കര മേല്‍പ്പാലത്തിനടിയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ആക്രി പെറുക്കി വിറ്റാണ് ഇയാള്‍ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയില്‍ ആക്രി കച്ചവടം നടത്തുന്ന പ്രതി പ്രഭാകരന്‍ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. സംഭവദിവസം ആക്രി വിറ്റു കിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പിലെത്തി മദ്യപിക്കുകയും, തുടര്‍ന്ന് ബിവറേജസില്‍ നിന്ന് വീണ്ടും മദ്യം വാങ്ങി മേല്‍പ്പാലത്തിനടിയിലിരുന്ന് കുടിക്കുകയും ചെയ്തു.

മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, ഇതിനിടെ ചന്ദ്രന്‍ പ്രഭാകരന്റെ അമ്മയെ അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് തലയ്ക്ക് എറിഞ്ഞും അടിച്ചും പ്രഭാകരന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ഒരാളെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, മറ്റൊരാളെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് പ്രഭാകരനെന്ന് പൊലീസ് വ്യക്തമാക്കി.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. ജില്ലാ നിയമസഹായവേദി ഇന്ന് കോടതിയില്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ കോടതി ഇന്ന് വാദം കേട്ടു.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുന്പോള്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. പ്രതിക്ക് അനുകൂലമായി റിപ്പോര്‍ട്ടില്‍ തെളിവ് ഇല്ലാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

മലമ്പുഴ ജയിലില്‍ കഴിയുന്ന പ്രതി ചെന്താമരയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമസഹായവേദി കേസില്‍ ഇടപെടുകയും, ചെന്താമരയെ കഴിഞ്ഞ രണ്ടു ദിവസം കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിങ്ങിനോട് എങ്ങനെ പെരുമാറി, ഇയാളുടെ ശരീര ഭാഷ, മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ നിയമസഹായ വേദി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

മാനസിക പ്രശ്‌നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.

ആറു വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.

കയ്യേറ്റം ഒഴിഞ്ഞ ചൊക്രമുടിയിൽ പുണ്യനിമിഷം; മുതുവാൻ വിഭാഗത്തിനും ആഹ്ളാദം

ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത് അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന കുറിഞ്ഞി ചെടികൾ. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.