by Midhun HP News | Mar 5, 2026 | Latest News, കേരളം
പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.


by Midhun HP News | Mar 5, 2026 | Latest News, കേരളം
കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നാണ് അഞ്ജു പറയുന്നത്. വിദേശ രാജ്യത്ത് വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യ-കലാ മേളയില്‍ സംഗീത പരിപാടി അവതരിപ്പിക്കവെയാണ് അഞ്ജുവിന്റെ പ്രതികരണം.
”ഞാന്‍ യുകെയില്‍ പോയപ്പോള്‍ ഭര്‍ത്താവിന് ചെവിവേദനയുണ്ടായി. തുടര്‍ന്ന് അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ അവര്‍ അറിയിച്ചത് എഴുന്നേറ്റ് നടക്കാനാകുമെങ്കില്‍ നിങ്ങള്‍ മൂന്ന് മാസം കാത്തിരിക്കണം എന്നാണ്. അതിനെയൊക്കെ വച്ച് നോക്കുമ്പോള്‍ നമ്മള്‍ ഒരുപാട് മുന്നിലാണ് ഇന്ന് നില്‍ക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചു” എന്നാണ് അഞ്ജു ജോസഫ് പറയുന്നത്.
കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നും ഒന്ന് വയ്യാതായാല്‍ അപ്പോള്‍ തന്നെ ഇവിടെ ചികിത്സ ലഭിക്കുമെന്നും താരം പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മന്ത്രിക്കെതിരായ ആക്രമണത്തില്‍ അപലപിക്കുന്നുമുണ്ട് അഞ്ജു ജോസഫ്.
ഇത്തരത്തിലൊരു ആക്രമണമുണ്ടായത് കണ്ടപ്പോള്‍ ഒരുപാട് വിഷമമുണ്ടായി. കുറച്ചുകൂടി മനുഷ്യത്വപരമായി നമുക്ക് സഹജീവികളോട് പെരുമാറണമെന്നും അഞ്ജു ജോസഫ് പറയുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന ഗായികയാണ് അഞ്ജു ജോസഫ്. അഭിനേത്രിയായും കയ്യടി നേടിയിട്ടുണ്ട്.


by Midhun HP News | Mar 5, 2026 | Latest News, ദേശീയ വാർത്ത
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ആണവ ആയുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനട്ട്മാന്‍ -3 പരീക്ഷിച്ച് യുഎസ്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസിന്റെ ‘ഡൂംസ്‌ഡേ’ മിസൈല്‍ എന്നാണ് മിനട്ട്മാന്‍ -3 അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഏകദേശം 10,000 കിലോമീറ്ററോളം ദൂരപരിധിയും മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്ട്രൈക്ക് കമാന്‍ഡ് നടത്തിയ ഈ പരീക്ഷണത്തില്‍ മിസൈല്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍ക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. ‘ജി.ടി255’ എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരീക്ഷണമാണെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് അറിയിച്ചു. അതേസമയം പരീക്ഷണം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങളുമായി ബന്ധമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


by Midhun HP News | Mar 5, 2026 | Latest News, കായികം
ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിലെ പോരാട്ടങ്ങള്‍ ഈ മാസം 28 മുതല്‍. മെയ് 31നാണ് ഫൈനല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ചിന്നസ്വാമിയില്‍ തന്നെ അരങ്ങേറും.
ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആണ് കളിക്കാനിറങ്ങുക. സാധാരണയായി നിലവിലെ ചാംപ്യന്‍മാരാണ് ഉദ്ഘാടന മത്സരം കളിക്കാറുള്ളത്. ആര്‍സിബിയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍ ആരാണെന്നു തീരുമാനം ആയിട്ടില്ല.

ഐപിഎല്‍ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 20 ദിവസത്തെ മത്സരക്രമമാണ് ആദ്യം പുറത്തുവിടുക. അതിനു ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക വരിക. ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നു ബിസിസിഐ സെക്രട്ടറി ജേവ്ജിത് സൈകിയ വ്യക്തമാക്കി.
ചിന്നസ്വാമിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം
അവസാന സീസണില്‍ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നത്. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്‌റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്‌റ്റേഡിയത്തിനു വിലക്കു വന്നു.
പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്.

by Midhun HP News | Mar 5, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: പുല്ലൂർ മുക്ക് ദേശീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരി കെ.ആർ.മീരയുടെ കലാച്ചി എന്ന നോവൽ എഴുത്തുകാരിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. എം.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.ലിജ, അജയൻ പനയറ, മിനിമോൾ, സുധീർ.എം.സി, ബിലഹരി.ജി.ആർ, സി.വി.രാജീവ്, ഗ്രന്ഥശാല സെക്രട്ടറി ഇ.ഷാജഹാൻ, വൈസ് പ്രസിഡൻ്റ് വി.ലാലി എന്നിവർ സംസാരിച്ചു. കെ.ആർ.മീര വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.


by Midhun HP News | Mar 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറി. താഴമ്പള്ളി പുതുവൽ സ്വദേശിയായ ജോയ് ലോറൻസ്ന്റെ വീട്ടിലേക്കാണ് മഹേന്ദ്ര താർ വാഹനം ഇടിച്ചു കയറി അപകടമുണ്ടായത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. വർക്കല ഭാഗത്തുനിന്നും തീരദേശപാതയിലൂടെ തിരുവനന്തപുരത്തേക്ക് പോകുംവഴി താഴമ്പള്ളിയിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡനരികിലെ വീട്ടിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തിൽ വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങികിടന്നിരുന്ന ജോർജ്ജ് ലോറൻസിന് പരുക്ക് പറ്റി. ഇദ്ദേഹത്തെ ഉടൻതന്നെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ റൂമിന്റെ ചുവരുകൾ തകർന്ന് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജോർജിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശികളുടെ ഉടമസ്തതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തീരദേശ പാതവഴി വാഹനങ്ങളുടെ അമിതവേഗത പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണ്. തലപരിമിതി ഉള്ളതിനാൽ റോഡിനോട് അടുത്തായാണ് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങൾ സ്ഥിതിചെയ്യുന്നത്. അമിത വേഗതയിൽ കടന്നുവരുന്ന വാഹനങ്ങൾ തീരദേശപാതയിലെ കാൽനടയാത്രക്കാരെയും പലപ്പോഴും ഇടിച്ചു തെറിപ്പിക്കാറുണ്ട്. മദ്യലഹരിയിൽ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന വാഹനങ്ങൾ ആണ് കൂടുതൽ അപകടകാരികൾ ആകുന്നത്.


Recent Comments