കുതിച്ച് കുതിച്ച് എങ്ങോട്ട്?, സ്വര്‍ണവില 91,000 കടന്നു

കുതിച്ച് കുതിച്ച് എങ്ങോട്ട്?, സ്വര്‍ണവില 91,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്.

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

റേഡിയേഷന്‍, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും. യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്താല്‍ ഇതിനുള്ള പാസ് അനുവദിക്കും. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈ സൗകര്യം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളിലേക്കും വ്യാപിച്ചിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം സിറ്റി ബസുകളിലും ഓര്‍ഡിനറി ബസുകളിലും ആര്‍സിസി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായിരുന്നു 2012 ലെ ഉത്തരവ് പ്രകാരം ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ ഉടനീളം സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള ബസുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍, രേഖകള്‍ പിടിച്ചെടുത്തു

കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍, രേഖകള്‍ പിടിച്ചെടുത്തു

ചെന്നൈ: നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിന് പുറമേ, രാജസ്ഥാനിലും ചില മരണങ്ങള്‍ക്ക് സിറപ്പുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഇന്നലെ രംഗനാഥനെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ 1:30 ഓടെയാണ് രംഗനാഥനെ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിന് മധ്യപ്രദേശ് പൊലീസ് ചെന്നൈ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് തേടിയിരിക്കുകയാണ്.

കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളില്‍ വൃക്കസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാര്‍ എന്ന ഒരു വയസ്സുള്ള ആണ്‍കുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തോക്കുചൂണ്ടി 80 ലക്ഷം കവർന്ന കേസ്: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

തോക്കുചൂണ്ടി 80 ലക്ഷം കവർന്ന കേസ്: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ജീവനക്കാരെ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. തോക്കു ചൂണ്ടി കവർച്ചയ്ക്ക് പിന്നിൽ ജോജി, ജിഷ്ണു എന്നിവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസിൽ ഇന്നലെ പിടിയിലായ വടുതല സ്വദേശി സജി തട്ടിപ്പു സംഘത്തിന്റെ ഏജന്റാണെന്നും പൊലീസ് സൂചിപ്പിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള പണം ഇരട്ടിയായി നൽകുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 80 ലക്ഷം രൂപ നൽകിയാൽ 1 കോടി 10 ലക്ഷമായി നൽകുമെന്നായിരുന്നു കവർച്ചയ്ക്ക് ഇരയായ സ്റ്റീൽ കമ്പനി ഉടമയ്ക്ക് നൽകിയ വാ​ഗ്ദാനമെന്നാണ് റിപ്പോർട്ട്. തോപ്പുംപടി സ്വദേശി സുബിന്റേതാണ് സ്റ്റീൽ കമ്പനി. ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിലായിരുന്നു തട്ടിപ്പിന് കളമൊരുങ്ങിയത്. കസ്റ്റഡിയിലുള്ള സജി വഴി പരിചയപ്പെട്ട ജോജി, ജിഷ്ണു എന്നിവരുമായാണ് നോട്ട് ഇരട്ടിപ്പിക്കൽ ഇടപാട് ഉറപ്പിച്ചിരുന്നത്.

സുബിൻ തന്റെ അക്കൗണ്ടിൽ നിന്നും ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഇതിൽ 80 ലക്ഷം രൂപ സ്റ്റീൽ കമ്പനി ഓഫീസിൽ വെച്ച് സജി, ജോജി, ജിഷ്ണു എന്നിവർ ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നു. ഇതിനിടെയാണ് മുഖം മൂടി ധരിച്ച മൂന്നം​ഗ സംഘം ഇവിടേക്ക് കടന്നു വരികയും തോക്കു ചൂണ്ടി, പെപ്പർ സ്പ്രേ അടിച്ചശേഷം പണം കവരുകയും ചെയ്തത്. ഈ ആക്രമണം ആസൂത്രിതമായിരുന്നുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം എണ്ണി ഉറപ്പാക്കിയതിനു പിന്നാലെ അക്രമി സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് നി​ഗമനം.

കവർച്ചയ്ക്ക് പിന്നിൽ ആറം​ഗ സംഘമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ധാരണ പ്രകാരമുള്ള 1 കോടി 10 ലക്ഷം രൂപ അക്കൗണ്ടിൽ വന്നശേഷം 80 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് സജി സ്റ്റീൽ കമ്പനി ഉടമയോട് പറഞ്ഞിരുന്നത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കമ്പനിയിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമാണ്. ഇത് തട്ടിപ്പു സംഘം നിർദേശിച്ച പ്രകാരം ഓഫാക്കിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ആറ്റിങ്ങൽ ഉപജില്ലയിലെ നൂറിൽ പരം സ്കൂളിൽ നിന്നായി മുവായിരത്തിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രോത്സവം അവനവഞ്ചേരി സ്കൂളിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. അവനവഞ്ചേരി രാജു അധ്യക്ഷൻ ആയ ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ എസ് ഗിരിജ, കൗൺസിലർമാരായ രമ്യ സുധീർ, അനുപ് ആർ എസ്, എസ് എം സി ചെയർമാൻ രവികുമാർ, ചിത്രകുമാർ, ബിപിസി വിനു, ഹെഡ് മാസ്റ്റർ ഷാജികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് സ്വാഗതം എ ഇ ഒ ഡോ. സന്തോഷ്‌കുമാറും നന്ദി ദിനേശ് കെയും അർപ്പിച്ചു.

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. വൃക്ക രോഗത്തിനാണ് ഇവർ ചികിത്സയിലായിരുന്നത്. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭാസുരൻ. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ഭാസുരനെ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.