പരീക്ഷകള്‍ മാറ്റിവെച്ചു

പരീക്ഷകള്‍ മാറ്റിവെച്ചു

എംജി സർവ്വകലാശാല ഓഗസ്റ്റ് 04, 05, 06, 07 തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ-40) ആണ് മരിച്ചത്. പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഇന്ന് രാവിലെയാണ് ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ തന്നെ ഇയാൾ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി: പട്ടാപ്പകല്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ട് ഗ്രാമവാസിയായ അമിത് ( 21 ) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിയെത്തിയ പ്രതി, സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചു വരുത്തി. പുറത്തേക്ക് വന്ന സന്ധ്യയെ ഇയാള്‍ തുരുതുരാ കൂത്തുകയായിരുന്നു. മുഖത്തും കഴുത്തിലും വയറിലുമായി 20 ഓളം തവണയാണ് ഇയാള്‍ കുത്തിയത്. സ്‌കൂളിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

അധ്യാപികയുടെ നിലവിളി കേട്ട് തടയാനെത്തിയ സ്‌കൂള്‍ മാനേജരെ പ്രതി ഭീഷണിപ്പെടുത്തി. കുത്തേറ്റ് നിലത്ത് വീണിട്ടും പ്രതി സന്ധ്യയെ വീണ്ടും വീണ്ടും കുത്തി. തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ അല്‍ ഫലാഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ട് വർഷം മുമ്പാണ് പ്രതി അമിത് സന്ധ്യയെ പരിചയപ്പെടുന്നത്. തുടർന്ന് സന്ധ്യയെ ഇയാൾ നിരന്തരം പിന്തുടരുമായിരുന്നു. ശല്യം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സന്ധ്യ അമിതിനെതിരെ പൊലീസിൽ പരാതി നൽകി. അന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് പരസ്യമായി മാപ്പ് പറഞ്ഞ് അമിത് രക്ഷപ്പെടുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര വലിയ പ്രതിസന്ധിയിൽ. മൂന്നാർ ടൗണിലേക്കും ദേശീയപാത വഴി മറ്റ് പ്രദേശങ്ങളിലേക്കും കടന്നുപോകാൻ ഇപ്പോൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ചെറിയ പാലം മാത്രമാണ് ഏക ആശ്രയം. ഇതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പാലത്തിന്റെ അപകടസാധ്യതയും പഴക്കവും കണക്കിലെടുത്ത് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.

ഇടുങ്ങിയ പാലവും അതിന്റെ തകർന്ന കൈവരികളും യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ ഒരേ സമയം ഇതുവഴി കടന്നുപോകാൻ സാധിക്കൂ എന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഏറെ പാടുപെടുകയാണ്. സാധാരണക്കാരും സ്കൂൾ വിദ്യാർത്ഥികളും ജോലിക്കാരും രോഗികളുമാണ് ഈ നിയന്ത്രണങ്ങൾ കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ മിനിറ്റുകളോളം ഈ വഴിയിലെ വൻ കുരുക്കിൽപ്പെടുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ഇനിയും മഴ ശക്തമായാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. അപകടഭീഷണിയിലുള്ള പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കി ദേശീയപാതയിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പേരാവൂർ കാഞ്ഞിരപ്പുഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും ഏകദേശം 100 മീറ്റർ മാത്രം അകലെ കാഞ്ഞിരപ്പുഴ സർവ്വീസ് സ്റ്റേഷന് പിൻവശത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ രാജേഷിനായുള്ള തിരച്ചിൽ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ഇപ്പോഴും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും പ്രദേശത്ത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.