448ല്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസ് പരുങ്ങുന്നു

448ല്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസ് പരുങ്ങുന്നു

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ വെറും 162ല്‍ പുറത്തായ വിന്‍ഡീസ് 286 റണ്‍സ് ലീഡ് വഴങ്ങിയാണ് മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് ഇനിയും 260 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് 8 വിക്കറ്റുകളും.

ഓപ്പണര്‍മാരായ ജോണ്‍ കാംപെല്‍ (14), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയുമാണ് ഓപ്പണര്‍മാരെ മടക്കിയത്.

നേരത്തെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യ 5 വിക്കറ്റിന് 448 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. പിന്നാലെയാണ് മൂന്നാം ദിനം വിന്‍ഡീസിനെ ബാറ്റിങിനു വിട്ടത്. കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിന്റെ മിന്നും ബാറ്റിങ്. പിന്നാലെ ആറാം ടെസ്റ്റ് സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും. ഓപ്പണര്‍ കെഎല്‍ രാഹുല്‍ കരിയറിലെ 11ാം സെഞ്ച്വറി നേടി ആദ്യം വഴി വെട്ടിയിരുന്നു. മൂവരുടേയും മികവിലാണ് ഇന്ത്യ സുരക്ഷിത സീറ്റില്‍ എത്തിയത്.

190 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 103 റണ്‍സെടുത്താണ് ജുറേല്‍ സെഞ്ച്വറിയിലെത്തിയത്. താരത്തെ ഒടുവില്‍ ഖരി പിയറെ പുറത്താക്കി വിന്‍ഡീസിനു ബ്രേക്ക് ത്രൂ നല്‍കി. താരം 210 പന്തില്‍ 15 ഫോറും 3 സിക്സും സഹിതം 125 റണ്‍സുമായി മടങ്ങി. ജഡേജയ്ക്കൊപ്പം ചേര്‍ന്നു 206 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ജുറേലിന്റെ മടക്കം.

പിന്നാലെ ജഡേജയും ശതകം തൊട്ടു. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. സ്‌കോര്‍ 92ല്‍ നില്‍ക്കെ 98ലേക്ക് സിക്സടിച്ചെത്തിയ ജഡേജ 168 പന്തില്‍ 5 സിക്സും 6 ഫോറും സഹിതം 100 റണ്‍സിലെത്തി. കളി നിര്‍ത്തുമ്പോള്‍ ജഡേജ 104 റണ്‍സുമായും വാഷിങ്ടന്‍ സുന്ദര്‍ 9 റണ്‍സുമായും ക്രീസില്‍.

രണ്ടാം ദിനം തുടക്കത്തില്‍ കരിയറിലെ 11ാം സെഞ്ച്വറിയടിച്ച് കെഎല്‍ രാഹുലും മികവ് പുലര്‍ത്തി. താരം 197 പന്തില്‍ 12 ഫോറുകള്‍ സഹിതം 100 റണ്‍സുമായി മടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ എ ടീമിനെ ജയത്തിലേക്ക് നയിച്ച രാഹുല്‍ മിന്നും ഫോം അഹമ്മദാബാദിലും തുടര്‍ന്നു. താരത്തിന്റെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്.

2 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലെ ക്യാപ്റ്റന്‍ പുറത്തായി. 94 പന്തുകള്‍ നേരിട്ട് ഗില്‍ 50 റണ്‍സിലെത്തി. പിന്നാലെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സാണ് താരത്തെ മടക്കിയത്.

ഉച്ച ഭക്ഷണത്തിനു പിന്നാലെയാണ് രാഹുല്‍ പുറത്തായത്. താരത്തെ ജോമല്‍ വാറിക്കനാണ് പുറത്താക്കിയത്.

വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സ് 2 വിക്കറ്റുകള്‍ വീഴ്ത്തി. ജയ്ഡന്‍ സീല്‍സ്, ജോമല്‍ വാറിക്കന്‍, ഖരി പിയറെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ആദ്യം പുറത്തായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് യശസ്വി മടങ്ങിയത്. സ്‌കോര്‍ 90ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. സായ് സുദര്‍ശനാണ് മടങ്ങിയത്. താരം 7 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സായ് മടങ്ങിയത്.

ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രിത് ബുംറയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. സിറാജ് നാലും ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

വീണ്ടും പേ വിഷബാധ മരണം, പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു

വീണ്ടും പേ വിഷബാധ മരണം, പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധ മൂലം 23 പേര്‍ മരിച്ചതായ കണക്കുകള്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ പോയ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവ് ഉണ്ടെന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘മലയാളം വാനോളം, ലാല്‍സലാം’, മഹാനടന് ഇന്ന് കേരളത്തിന്റെ ആദരം, തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

‘മലയാളം വാനോളം, ലാല്‍സലാം’, മഹാനടന് ഇന്ന് കേരളത്തിന്റെ ആദരം, തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്. വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കന്ന ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.

തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങില്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹീം, ജോണ്‍ ബ്രിട്ടാസ് എംപി, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോഷി, ഉര്‍വ്വശി, മീന, മീര ജാസ്മിന്‍, രഞ്ജിനി, കെ. മധു (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍), പ്രേംകുമാര്‍ (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ. മധുപാല്‍ (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്), പ്രിയദര്‍ശനന്‍ പി.എസ്. (മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍), സി. അജോയ് (സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി) തുടങ്ങിയവര്‍ പങ്കെടുക്കും.

വെകുന്നേരം 05.00 മണിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 03:00 മണി മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗത്തിലെ ജേക്കബ്‌സ് ജംഗ്ക്ഷന്‍, ഊറ്റുകുഴി, ഗവണ്‍മന്റ് പ്രസ് ജംഗ്ക്ഷന്‍, എന്നീ സ്ഥലങ്ങളില്‍ നിന്നും സെന്‍ട്രല്‍ സ്റ്റേഡിയം ഭാഗത്തേയ്ക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.

വിജെറ്റി ഭാഗത്ത് നിന്ന് വരുന്ന പൊതുജനങ്ങള്‍ സ്റ്റാച്ച്യു വഴി കന്റോണ്‍മെന്റ് ഗേറ്റ് എത്തി ആള്‍ക്കാരെ ഇറക്കിയ ശേഷം ജേകബ്‌സ് ജംഗ്ഷന്‍ വഴിയും , ആയുര്‍വേദ കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുളിമൂട് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷവും, ആര്‍.ബി.ഐ, ബേക്കറി ജംഗ്ഷന്‍, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൗസിങ് ബോര്‍ഡ് ജംഗ്ഷന്‍ വഴി ഗവണ്‍മന്റ് പ്രസ്സ് ജംഗ്ഷനില്‍ എത്തി ആള്‍ക്കാരെ ഇറക്കിയ ശേഷം പുളിമൂട് ജംഗ്ഷന്‍ വഴിയും പാര്‍ക്കിങ്ങ് സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടതാണ്.

പുളിമൂട് ഭാഗത്ത് നിന്നും ഗവണ്‍മെന്റ് പ്രസ്സ് ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കാത്തതും ഗവണ്‍മെന്റ് പ്രസ്സ് ജംഗ്ഷന്‍ ഭാഗത്ത് നിന്നും പുളിമൂട് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതുമാണ്.

വാഹനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപമുളള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും പാര്‍ക്കിംഗ് അനുവദിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. വലിയ വാഹനങ്ങളില്‍ വരുന്നവര്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും, ഗതാഗതതടസ്സം സൃഷ്ടിച്ചും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍ (LMV)

1. കേരളാ യൂണിവേഴ്‌സിറ്റി കോംമ്പൌണ്ട് 2. സംസ്‌കൃത കോളേജ് ഗ്രൌണ്ട് 3. തൈക്കാട് പോലീസ് ഗ്രൗണ്ട് 4.ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൌണ്ട് 5.മ്യൂസിക് കോളേജ് ഗ്രൌണ്ട് 6.പുളിമൂട് മുതല്‍ ആയുര്‍വേദകോളേജ് വരെയുളള റോഡിന്റെ ഇരുവശവും 7. പുളിമൂട് മുതല്‍ ആസാദ് ഗേറ്റ് വരെയും സ്‌പെന്‍സര്‍ മുതല്‍ പാളയം വരെയുളള റോഡിന്റെ ഇടത് വശം 9. മോഡല്‍ സ്‌കൂള്‍ ജംഗ്ക്ഷന്‍ മുതല്‍ പനവിള വരെയുളള റോഡിന്റെ ഇടത് വശം . 10. പി എം ജി മുതല്‍ ലോ -കോളേജ് വരെയുളള റോഡിന്റെ ഇടത് വശം 11 വികാസ് ഭവന്‍ ഓഫിസ് റോഡ് 12. നന്ദാവനം മുതല്‍ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശം

വലിയ വാഹനങ്ങള്‍

1. ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൌണ്ട്

ഇരുചക്രവാഹനങ്ങള്‍

1. ജേക്കബ്‌സ് മുതല്‍ വി ജെ റ്റി വരെയുളള റോഡിന്റെ വശങ്ങളിലും

2. ആശാന്‍ സ്‌ക്വയര്‍ മുതല്‍ എ കെ ജി വരെയുളള റോഡിന്റെ ഇടത് വശം

3. എ കെ ജി മുതല്‍ സ്‌പെന്‍സര്‍ വരെയുളള റോഡിന്റെ ഇടത് വശം

4. പബ്‌ളിക് ലൈബ്രറി മുതല്‍ വേള്‍ഡ് വാര്‍ വരെയുളള റോഡിന്റെ ഇടത് വശം.

ഗതാഗതക്രമീകരണങ്ങളുടെ വിവരം അറിയാന്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ടാന്‍ ഫോണ്‍ നമ്പറുകളും (9497930055, 04712558731) സിറ്റി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മേയർ ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ സംഭവം; കേസ് അട്ടിമറിക്കപ്പെട്ടു, ഒരു ലക്ഷം നഷ്ടപരിഹാരം വേണം; നോട്ടീസയച്ച് ഡ്രൈവർ

മേയർ ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ സംഭവം; കേസ് അട്ടിമറിക്കപ്പെട്ടു, ഒരു ലക്ഷം നഷ്ടപരിഹാരം വേണം; നോട്ടീസയച്ച് ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയ സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിൽ നടന്നില്ലെന്നു കാണിച്ച് സർക്കാരിനും പൊലീസിനും വക്കിൽ നോട്ടീസ് അയച്ച് ബസിന്റെ ഡ്രൈവറായിരുന്ന എൽഎച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോൺമെന്റ് എസ്ഐ എന്നിവർക്കാണ് അഭിഭാഷകൻ അശോക് പി നായർ വഴി യദു നോട്ടീസ് അയച്ചത്.

കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും മേയർ ആര്യ രാജേന്ദ്രനേയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയ നടപടി നീതിയുക്തമല്ലെന്നും 15 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഏപ്രിൽ 28നു നടുറോഡിൽ മേയർ കെഎസ്ആർടിസി ബസ് തടഞ്ഞതിനെ തുടർന്നു തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.

കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: കിഴുവിലം പഞ്ചായത്തിൻ കുറക്കട സ്വദേശി രജിത്താണ് വീട്ട് മുറ്റത്തെ ഏകദേശം 60 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ രാത്രി 10 മണിയോടെ വീണത്. ആറ്റിങ്ങൽ അഗ്നിശമനരക്ഷാ സേന സ്ഥലത്തെത്തി നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് രജിത്തിനെ പരിക്ക്കളൊന്നും കൂടാതെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഗ്രേഡ്: അസ്സി:സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജി.എസ്.സജീവ്, എം.പി.ജിഷ്ണു, വി.ആർ.നന്ദഗോപാൻ, ഫയർഓഫീസർ ഡ്രൈവർ എസ്.എസ്.ശരത് ലാൻ, ഹോംഗാഡ് എസ്-ബൈജു എന്നിവരടങ്ങുന്ന ടീമാണ്
രക്ഷാപ്രവർത്തനം നടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം; മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം

കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം; മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവന്‍ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എന്‍ജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയില്‍ ജോലി നല്‍കിയതായി മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.

വൈക്കം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫിസിലാവും നവനീത് ജോലിയില്‍ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പുതിയ വീട് നിര്‍മിച്ച് താക്കോല്‍ കൈമാറിയിരുന്നു. ഇതിനൊപ്പം ജോലി കൂടി നല്‍കി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. ജൂലൈ 3നാണ് കോട്ടയം മെഡിക്കല്‍ കോളജിന്റെ പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്.