ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു

അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്സോ) ആറ്റിങ്ങൽ ഏര്യയ കൗൺസിലും, ആറ്റിങ്ങൽ ഐ.എച്ച്. ആർ.ഡി എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

ഐപ്സോ ആറ്റിങ്ങൽ ഏരിയ വൈസ് പ്രസിഡന്റ് ഡോ:എസ്.എസ് ബൈജു അധ്യക്ഷത വഹിച്ചു. ഏര്യയ കൗൺസിൽ സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഐപ്സോ തിരുവനന്തപുരം ജില്ലാ കൗൺസിൽ പ്രസിഡന്റ് അഡ്വ. ജി സുഗുണൻ മുഖ്യ പ്രഭാഷണം നടത്തി.

ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പാൾ ഇൻ-ചാർജും ഇലക്ട്രോണിക്സ് എച്ച്.ഒ.ഡിയുമായ എസ്.ശാലിനി, ഐ.എച്ച.ആർ.ഡി ഡീൻ, ഡോ:ജിഷാ രാജ്, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ആർ വാണി, ആർ അരുൺ നാഥ് എന്നിവർ സംസാരിച്ചു.

എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി പി.എസ് അനന്തൻ നന്ദിയും പറഞ്ഞു. മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ,ഐപ്സോ അംഗങ്ങൾ, എൻ.എസ്.എസ് വോളന്റിയേഴ്സ് എന്നിവരുടെ സഹായത്തോടെ കോളേജും പരിസരവും വൃത്തിയാക്കി.

ഓണം ബമ്പർ ഒന്നാം സമ്മാനം ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റിന്

ഓണം ബമ്പർ ഒന്നാം സമ്മാനം ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റിന്

ആറ്റിങ്ങൽ: ഈ വർഷത്തെ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത് ഭഗവതി ലോട്ടറി ടിക്കറ്റിന്. ഭഗവതി ലോട്ടറി പാലക്കാട് നിന്നും എടുത്ത് എറണാകുളം വൈറ്റിലയിലെ കൗണ്ടർ വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നേരത്തെ നിരവധി തവണ ഓണം ബമ്പർ ഒന്നാം സ്ഥാനം ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റ് നേടിയിട്ടുണ്ട്.

റെക്കോര്‍ഡുകള്‍ പഴങ്കഥ, കേരളത്തില്‍ സ്വര്‍ണവും വെള്ളിയും ഒരേ കുതിപ്പില്‍

റെക്കോര്‍ഡുകള്‍ പഴങ്കഥ, കേരളത്തില്‍ സ്വര്‍ണവും വെള്ളിയും ഒരേ കുതിപ്പില്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലേയ്ക്ക് കുതിച്ചു. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് വില 10,945 രൂപയായി. 640 രൂപ മുന്നേറി പവന് 87,560 രൂപയിലെത്തി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോര്‍ഡ് മറികടന്നു. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും കൂടിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉച്ചയ്ക്ക് ഉയര്‍ന്നത്.

യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകള്‍ സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,897 ഡോളര്‍ എന്ന റെക്കോര്‍ഡിലുമെത്തി. വൈകാതെ ലാഭമെടുപ്പിനെ തുടര്‍ന്ന് വില താഴ്‌ന്നെങ്കിലും യുഎസില്‍ ട്രംപ് ഗവണ്‍മെന്റ് ‘ഷട്ട്ഡൗണിലേക്ക്’ നീങ്ങിയത് വീണ്ടും വില വര്‍ധിക്കാന്‍ കാരണമായി. പ്രവര്‍ത്തനഫണ്ട് സംബന്ധിച്ച ബില്‍ പാസാക്കാനാവാത്തതിനാല്‍ യുഎസില്‍ ട്രംപ് നയിക്കുന്ന ഗവണ്‍മെന്റ് അടച്ചുപൂട്ടലിലായി. അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പൂട്ടി. ഷട്ട്ഡൗണ്‍ അടുത്തയാഴ്ചയിലേക്കും നീങ്ങുമെന്നത് യുഎസില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതു ഡോളറിനും ബോണ്ടിനും തിരിച്ചടിയാകും, എന്നാല്‍ സ്വര്‍ണത്തിന് നേട്ടമാണ്.

രാജ്യാന്തര വില നിലവില്‍ ഔണ്‍സിന് 42 ഡോളര്‍ തിരിച്ചുകയറി 3,886 ഡോളറിലെത്തി. ഒരുഘട്ടത്തില്‍ വില 3,890 ഡോളറിലും എത്തിയിരുന്നു. ഇന്ത്യന്‍ രൂപ ഇന്നലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 88.78ല്‍ എത്തിയതും ആഭ്യന്തര സ്വര്‍ണവില വര്‍ധനയുടെ ആക്കംകൂട്ടി. സെപ്റ്റംബര്‍ 30ന് കുറിച്ച 88.80 ആണ് രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യം.

സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 65 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് 9,065 രൂപയിലെത്തി. വെള്ളിവിലയും കത്തിക്കയറുകയാണ്. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 160 രൂപയിലാണ് ഇന്നു വ്യാപാരം. കേരളത്തില്‍ മറ്റൊരുവിഭാഗം ജ്വല്ലറികള്‍ 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 60 രൂപ ഉയര്‍ത്തി 9,000 രൂപയാണ്. വെള്ളിവില ഇവര്‍ 156 രൂപയില്‍ നിലനിര്‍ത്തുകയും ചെയ്തു. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7,000 രൂപയും 9 കാരറ്റിനുവില വില 4,520 രൂപയുമാണ്.

ഇന്ത്യൻ ആർമിയിൽ ജോലി നേടാം; അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാം

ഇന്ത്യൻ ആർമിയിൽ ജോലി നേടാം; അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാം

ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ അവസരം. സിവിലിയൻ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 194 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 24. ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്.

ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ,ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത
വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എന്‍ജിനിയർ എക്യുപ്‌മെന്റ് മെക്കാനിക്: 10+2 പാസായിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.

മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ: ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റ്.

സ്റ്റോർകീപ്പർ / ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി): 12-ാം ക്ലാസ് പാസായിരിക്കണം. എൽഡിസി അപേക്ഷകർക്ക് ഇംഗ്ലീഷിൽ ഒരു മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ ഒരു മിനിറ്റിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാൻ കഴിയണം.

ഫയർമാൻ: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം. ശാരീരികക്ഷമതയുള്ളവരും അഗ്നിശമന ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായിരിക്കണം.

കുക്ക്: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം, പാചകത്തെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

ട്രേഡ്സ്മാൻ മേറ്റ് / വാഷർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം.

18 മുതൽ 25 വരെയാണ് പ്രായപരിധി. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. കൂടുതൽ വിവരങ്ങൾക്ക് https://indianarmy.nic.in/ സന്ദർശിക്കുക.

എൻ ആർ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

എൻ ആർ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

എൻ ആർ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ ആറിന് രാജഭവനിലേക്ക് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിന്റെ പ്രചരണാർത്ഥം എൻ ആർ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് വെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഡി കെ മുരളി എംഎൽഎ ക്യാപ്റ്റൻ എസ്.പ്രവീൺചന്ദ്രക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

വാളക്കാട് നിന്നും ആരംഭിച്ച ജാഥ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കടയ്ക്കാവൂർ പഞ്ചായത്തിലെ ചെക്കാല വിളാകം ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം യൂണിയന്റെ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേശ് കുമാർ, യൂണിയൻ ഏരിയ പ്രസിഡന്റ് പിസി ജയശ്രീ, ട്രഷറർ വക്കം സുനിൽ,
ഡി ഹരീഷ്ദാസ്, വിജയ് വിമൽ, ദീപം അനിൽകുമാർ, ആർ.സരിത, സിമി എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന താഴെപ്പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി

1 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫ്രഞ്ച് ലാംഗ്വേജ് (4 മാസം)
2 ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (6 മാസം)
3 മൊബൈൽ ഫോൺ ടെക്നോളജി (3മാസം)
4 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രിക്കൽ വയറിങ് (10 മാസം)

അപേക്ഷ ഫോറവും വിശദവിവരങ്ങളും പോളിടെക്നിക് കോളേജിന്റെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ഫോൺ നമ്പർ: 6235557495, 9567271987