ഐഫോണ്‍ വെള്ളച്ചാട്ടത്തില്‍ വീണു, രക്ഷാദൗത്യവുമായി അഗ്നിരക്ഷാ സേന

ഐഫോണ്‍ വെള്ളച്ചാട്ടത്തില്‍ വീണു, രക്ഷാദൗത്യവുമായി അഗ്നിരക്ഷാ സേന

കരുവാരക്കുണ്ട്: വെള്ളച്ചാട്ടത്തില്‍ വീണ ഐ ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. മലപ്പുറം കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ ആയിരുന്നു അഗ്‌നിരക്ഷാസേനയുടെ രക്ഷാ പ്രവര്‍ത്തനം. അവധി ദിനം ആഘോഷിക്കാനെത്തിയ പുത്തനത്താണി സ്വദേശി റനീഷിന്റെ ഫോണായിരുന്നു അബദ്ധത്തില്‍ വെള്ളച്ചാട്ടിലേക്ക് പതിച്ചത്. ശക്തമായി വെള്ളം പതിക്കുന്ന അപകടസാധ്യതയുള്ള ഭാഗത്തേക്കായിരുന്നു ഒരു ലക്ഷത്തില്‍ അധികം വില വരുന്ന ഫോണ്‍ പതിച്ചത്. അപകട സാധ്യത മുന്നില്‍ക്കണ്ട് ആരും ഫോണ്‍ എടുക്കാന്‍ മുതിര്‍ന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവാലി ഫയര്‍‌സ്റ്റേഷനില്‍ സഹായം തേടിയത്.

കരീം കണ്ണൂക്കാരന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ കയര്‍കെട്ടിയാണ് മുങ്ങല്‍ വിദഗ്ധര്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ സമയോജിതമായി ഇടപെട്ട് ഫോണ്‍ കണ്ടെത്തുകയായിരുന്നു. വലിയ ആള്‍ക്കൂട്ടമാണ് ഫോണ്‍ എടുക്കുന്നത് കാണാന്‍ തടിച്ചുകൂടിയത്.

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് ആക്ഷേപം. സംഭവത്തില്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.

സീനത്ത് ഗുരുതര പ്രമേഹബാധിതയാണ് എന്നും ഇവരുടെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടത് തന്നെയാണ് എന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാറിന്റെ വിശദീകരണം. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് മുന്‍പ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം എന്നതാണ് നിബന്ധന. ഈ നടപടി ക്രമങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വിഷയം പരിശോധിക്കുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു.

ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയുടെ ശിക്ഷ ഇന്ന്

ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയുടെ ശിക്ഷ ഇന്ന്

തിരുവനന്തപുരം: ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ഇടവ സ്വദേശി ഹസന്‍കുട്ടിയാണ് പ്രതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.

2024 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മെസ്സി; ‘ഗോട്ട് ടൂര്‍ 2025’ പ്രഖ്യാപിച്ചു

14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മെസ്സി; ‘ഗോട്ട് ടൂര്‍ 2025’ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ല്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി പങ്കെടുക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ മെസ്സി വലിയൊരു ബഹുമതിയായാണ് വിശേഷിപ്പിച്ചത്.

‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്നത് ബഹുമതിയാണ്. ഇന്ത്യ ഫുട്‌ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. 14 വര്‍ഷം മുമ്പുള്ള അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ തഴുകിക്കിടക്കുന്നു,’ മെസ്സി പറഞ്ഞു.
ഡിസംബര്‍ 13ന് കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച് മെസ്സി അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്ക് പര്യടനം തുടരും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയോടെ യാത്ര അവസാനിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഗോട്ട് കോണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയില്‍ മെസ്സി പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാന്‍ഡര്‍ പേസ് തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസങ്ങളോടൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന.

പര്യടനത്തില്‍ സംഗീത പരിപാടികള്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ഭക്ഷ്യമേളകള്‍, ഫുട്‌ബോള്‍ മാസ്റ്റര്‍ക്ലാസുകള്‍, മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘പാഡല്‍ എക്സിബിഷന്‍’ തുടങ്ങിയവ ഉള്‍പ്പെടും. ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വന്‍ സെലിബ്രിറ്റി ഷോയും നടക്കും.

കൊല്‍ക്കത്തയില്‍ 25 അടി ഉയരമുള്ള മെസ്സിയുടെ ചുവര്ചിത്രവും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയും അനാച്ഛാദനം ചെയ്യാന്‍ സംഘാടകര്‍ ഒരുങ്ങുന്നു. ടിക്കറ്റുകള്‍ 3,500 രൂപ മുതല്‍ ലഭ്യമാകും.
2011ല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനിസ്വേലയെതിരെ ‘ഫിഫ’ സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സുരക്ഷാ ക്രമീകരണങ്ങള്‍ അതുല്യമായിരിക്കും.

അതേസമയം, നവംബര്‍ 10 മുതല്‍ 18 വരെ കേരളത്തില്‍ അര്‍ജന്റീന സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ്. എതിരാളികളെ സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഈ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ മെസ്സി രണ്ട് മാസത്തിനുള്ളില്‍ രണ്ടുതവണ ഇന്ത്യയിലെത്തും.

ഷറൂഫ് നസീർ (36) അബുദാബിയിൽ വച്ച് അന്തരിച്ചു

ഷറൂഫ് നസീർ (36) അബുദാബിയിൽ വച്ച് അന്തരിച്ചു

അബുദാബി: തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നസീർ (37) അബുദാബി മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: നസീര്‍ അബ്ദുല്‍ റഹിം
മാതാവ്: നൂര്‍ജഹാന്‍
ഭാര്യ: ഷൈനി ഷെറൂഫ്,
മകള്‍: ഫാത്തിഹ ഐറാന്‍.

അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിൽ ഡോ.പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു

ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിൽ ഡോ.പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ അമർ ആശുപത്രി മേധാവി ഡോക്ടർ പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു.