by Midhun HP News | Oct 3, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന്‍. ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് നില്‍ക്കുമ്പോള്‍ വര്‍ഷങ്ങളായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, കര്‍ണാടക സ്വദേശി ഗോവര്‍ധന്‍ തുടങ്ങിയവര്‍. ശബരിമല അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണ്. ഇവരാണ് അതു ചെയ്യുന്നതെന്നും, എവിടെയുണ്ടെങ്കിലും വരണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജയറാം പറയുന്നു. ചങ്ങനാശ്ശേരിയില്‍ വെച്ച് നട ശബരിമലയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തൊട്ടു തൊഴുത് ആദ്യത്തെ കര്‍പ്പുരം കാണിക്കാനുള്ള ഭാഗ്യം ഭഗവാന്‍ ഒരുക്കിത്തന്നു. ഇപ്പോള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ കട്ടിളപ്പടി ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. ചെന്നൈയില്‍ വെച്ച് ആദ്യ പൂജയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയതാണെന്ന് കരുതുന്നുവെന്നും ജയറാം പറയുന്നു.

2019 മാര്‍ച്ചില്‍ നടത്തിയ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1999 ലാണ് 30 കിലോ സ്വര്‍ണം വഴിപാടായി ശബരിമലയ്ക്ക് നല്‍കുന്നത്. ഈ സ്വര്‍ണം ഉപയോഗിച്ചു കൊണ്ട് ശബരിമലയുടെ ശ്രീകോവില്‍, മേല്‍ക്കൂര, ദാരുശില്‍പ്പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നു. 2018 ല്‍ വാതില്‍പ്പടിയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും. ചെന്നൈയില്‍ വെച്ച് ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന വസ്തുവാക്കി പൂജ നടത്തി പണം കൈപ്പറ്റിയിരുന്നതായാണ് വിവരം.
‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയം: ജയറാം’
ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പൂജയ്ക്ക് പോയതെന്ന് നടൻ ജയറാം പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. കടുത്ത അയ്യപ്പ ഭക്തനായതിനാലാണ് പൂജയ്ക്ക് പോയത്. ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെന്നും ജയറാം പറഞ്ഞു.

ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ബംഗലൂരുവിലെത്തിച്ച് പ്രദര്‍ശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നിന്നും കൊണ്ടുപോയ ദ്വാരപാലക ശില്‍പ്പങ്ങള്‍ 40 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണി നടത്തുന്ന ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിക്കുന്നത്. കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പുപാളിയായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ പീഠം പ്രദര്‍ശന വസ്തുവാക്കിയും ഉണ്ണികൃഷ്ണന്‍ പോറ്റി പണം സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരമെന്നാണ് സൂചന.

by Midhun HP News | Oct 3, 2025 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: നവജാത ശിശുവിനെ കാട്ടില്‍ കല്ലുകൾക്കിടയിൽ മൂടിയ സംഭവത്തില്‍ പിതാവായ സ്‌കൂള്‍ അധ്യാപകനും ഭാര്യയും അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ് വാരയിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബബ്ലു ദണ്ഡോലിയ (38) യും അമ്മ രാജ്കുമാരി ദണ്ഡോലിയ (30)യുമാണ് അറസ്റ്റിലായത്. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണിത്. ജോലി പോകുമെന്ന ഭയത്താലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തി, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് ആ കുഞ്ഞ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്.

കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അതിജീവനം ഒരു അത്ഭുതമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്ന് വ്യക്തമാക്കി.കരച്ചില്‍ കേട്ടപ്പോള്‍ മൃഗങ്ങള്‍ വല്ലതുമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും, അടുത്ത് ചെന്നപ്പോഴാണ് ഒരു കല്ലിനിടയില്‍ നിന്ന് കുഞ്ഞിക്കൈകള്‍ പിടയുന്നത് കണ്ടതെന്നും കുട്ടിയെ രക്ഷപ്പെടുത്തിയ ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു.
സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെയാണ് അധ്യാപകനായ ബബ്ലുവിന്റെ ഭാര്യ രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മധ്യപ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ധനോറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഖന്‍ലാല്‍ അദിര്‍വാര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.


by Midhun HP News | Oct 3, 2025 | Latest News, കേരളം
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം. സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. കൊല്ലം റിയൽ എസ്റ്റേറ്റ്
അതേ സമയം, നടപടിയിൽ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ് ഐ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.



by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗാന്ധി ജയന്തി ദിനത്തിൽ കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾക്ക് ഹെഡ്മാസ്റ്റർ എസ്. സജികുമാർ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ തല ഗാന്ധി കലോത്സവം മൂന്ന്, നാല് തീയതികളിൽ നടക്കും കലോത്സവത്തിൻ്റെ ഭാഗമായി പ്രസംഗം, ഗാന്ധി കവിതാലാപനം, ദേശഭക്തിഗാനം, ലഹരി വസ്തുക്കൾക്കും മയക്കുമരുന്നിനുമെതിരേ ബോധവൽക്കരണ സ്കിറ്റ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ തൊഴിൽ പരിശീലന ക്ലാസുകൾ, ബോധവൽകരണ ക്ലാസുകൾ എന്നിവ നടക്കും.



by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. കാന്താര ആദ്യ ഭാഗത്തിന്റെ വൻ വിജയവും ഋഷഭ് ഷെട്ടിയുടെ ഗംഭീര അഭിനയവുമെല്ലാം ഈ കാത്തിരിപ്പിന് കാരണങ്ങളായി. മൂന്ന് വർഷമെടുത്താണ് ഋഷഭ് ഷെട്ടിയും കൂട്ടരും ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ദസറ റിലീസായി ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു.
വൻ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മിത്തോളജിയും സ്പിരിച്വാലിറ്റിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്. മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് കാന്താര 2 പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മേക്കിങ്ങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രങ്ങളിൽ നിന്നെല്ലാം മികവ് പുലർത്തിയിട്ടുണ്ട് കാന്താര 2. 125 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സൗത്തിലും നോർത്തിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രൊമോഷനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 60 കോടി ആണ് ചിത്രം നേടിയിരിക്കുന്നത്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും ആവേശകരമായ പ്രതികരണങ്ങള്‍ നേടിയ ചിത്രമാണിത്.
കാന്താര ചാപ്റ്റർ 1 ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി ആദ്യ ദിനം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. ഇതിന് മുൻപ് കെജിഎഫ് : ചാപ്റ്റർ 2 ആണ് ഹിന്ദിയിൽ ആദ്യ ദിന കളക്ഷനിൽ ഞെട്ടിച്ചത്. 54 കോടിയാണ് ചിത്രം ആദ്യ ദിനത്തിൽ സ്വന്തമാക്കിയത്. അതേസമയം കേരളം അടക്കമുള്ള മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്.


by Midhun HP News | Oct 3, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വെളിപ്പെടുത്തലുമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി. 2019 ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയിലെത്തിച്ചത് മുമ്പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ചെമ്പുപാളികളാണ്. സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലകരെ കവര്‍ ചെയ്ത ക്ലാഡിങ് ആണ് എത്തിച്ചത്. ശബരിമലയില്‍ നിന്നും അഴിച്ചു മാറ്റിയതു തന്നെയാണോ എന്ന് അറിയില്ല. ഒത്തിരി കോംപ്ലിക്കേഷന്‍സ് ഉള്ളതുകൊണ്ടാണ് ഒരിക്കല്‍ സ്വര്‍ണം പൂശിയത് വീണ്ടും കമ്പനി സ്വീകരിക്കാത്തത്. ഞങ്ങളുടെ കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പു കൊണ്ടുള്ള സാധനമാണ്. 38 കിലോ ഭാരമുള്ള ദ്വാരപാലക ശില്‍പങ്ങളിലാണ് കമ്പനി ഇലക്ട്രോ പ്ലേറ്റിങ്ങ് നടത്തിയത്.
അന്ന് ലഭിച്ചപ്പോള്‍ ആദ്യ ക്ലീനിങ്ങില്‍ ദ്വാരപാലക ശില്‍പങ്ങളിലെ കുമിളകള്‍ക്കുള്ളിലെ മെഴുക് അടക്കം മാറ്റി ക്ലീന്‍ ചെയ്തപ്പോഴുള്ള ഭാരം 40.137 കിലോ ഗ്രാമാണ്. തുടര്‍ന്ന് ആസിഡ് വാഷ്, എല്‍ഗ്രേറ്റ് കെമിക്കല്‍ വാഷ്, ബഫിങ് എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ 38 കിലോയാണ് ലഭിച്ചത്. ശബരിമലയിലെ ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയിട്ടുള്ളതായിരുന്നെങ്കില്‍, കമ്പനിയിലെത്തിച്ചിട്ടുള്ളത് ശുദ്ധമായ ചെമ്പു പാളിയാണ്. സ്വര്‍ണം പൂശിയതായിരുന്നെങ്കില്‍ കമ്പനി പോളിസി പ്രകാരം അതു സ്വീകരിക്കുമായിരുന്നില്ലെന്നും അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദേവസ്വം വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍. 2019 ജൂലായ് 20 ന് സ്വര്‍ണപ്പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസത്തിലേറെ ഇതെവിടെയായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത്.


Recent Comments