മണ്‍സൂണ്‍ മഴയില്‍ മത്തി പെരുകി, പക്ഷേ…; കാലാവസ്ഥ വ്യതിയാനം വില്ലനായെന്ന് പഠനം

മണ്‍സൂണ്‍ മഴയില്‍ മത്തി പെരുകി, പക്ഷേ…; കാലാവസ്ഥ വ്യതിയാനം വില്ലനായെന്ന് പഠനം

കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി ചെറുമത്തി പെരുകിയതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തി ലഭ്യതയില്‍ വലിയ ഏറ്റക്കുറച്ചിലിനു കാരണമാകുന്നതായും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റം ഇത്തരം ഏറ്റക്കുറച്ചിലുകള്‍ക്കു കാരണമാകുന്നതിനാല്‍ ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പുകള്‍ വേണമെന്നും സാഹചര്യം പരിഗണിച്ച് പ്രാദേശിക മത്സ്യബന്ധന നിയന്ത്രണങ്ങള്‍ ആകാമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ യു. ഗംഗയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം കറന്റ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലെ സമുദ്ര ജൈവശാസ്ത്ര ഘടകങ്ങള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 2012ല്‍ സംസ്ഥാനത്ത് 4 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി 2021ല്‍ വെറും 3500 ടണ്ണായി ഇടിഞ്ഞു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ശരാശരി 10 സെന്റിമീറ്റര്‍ വലുപ്പമുള്ള ചെറുമത്തി കേരള തീരത്തു വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇവ കൂട്ടത്തോടെ കരയ്ക്കടിയുകയും ചെയ്തു. മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം പെരുകിയതോടെ ഭക്ഷ്യ ലഭ്യത ക്രമേണ കുറഞ്ഞത് അവയുടെ വളര്‍ച്ച മുരടിക്കാനും തൂക്കം കുറയാനും കാരണമായി. തുടര്‍ന്നു വിപണിയില്‍ മത്തിയുടെ വില കുത്തനെ ഇടിഞ്ഞു. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതു നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

അനുകൂല മണ്‍സൂണ്‍ മഴയും അടിത്തട്ടിലെ പോഷക സമൃദ്ധമായ വെള്ളം മുകളിലേക്കു വന്നതും (അപ് വെല്ലിങ്) മൂലം സൂക്ഷ്മ പ്ലവകങ്ങള്‍ പെരുകിയതാണ് മത്തിക്കുഞ്ഞുങ്ങള്‍ പെരുകാന്‍ കാരണം. ആവാസവ്യവസ്ഥ എത്രത്തോളം ഉല്‍പാദനക്ഷമം ആണെന്നതു മത്തി ലഭ്യതയെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

‘ട്രോഫി കൊടുക്കില്ല! ഇന്ത്യ, ഈ നിബന്ധന പാലിച്ചാല്‍ തരാം…’

‘ട്രോഫി കൊടുക്കില്ല! ഇന്ത്യ, ഈ നിബന്ധന പാലിച്ചാല്‍ തരാം…’

ദുബൈ: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ, പാകിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നു ട്രോഫി വാങ്ങില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ചാംപ്യന്‍മാരാകുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതോടെ നഖ്‌വി ട്രോഫി തിരികെ കൊണ്ടു പോയത് വിവാദവുമായി. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സംഭവങ്ങളാണ് ഫൈനലിനു ശേഷം മൈതാനത്ത് അരങ്ങേറിയത്.

ട്രോഫി തിരികെ നല്‍കണമെന്നു ബിസിസിഐ ഏഷ്യ ക്രിക്കറ്റ് കൗണ്‍സിലിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഖ്‌വി അതിനു ഒരുക്കമായിരുന്നില്ല. ഇപ്പോള്‍ ട്രോഫി തിരികെ വേണമെങ്കില്‍ ചില നടപടികളുണ്ടെന്നും അതു പാലിയ്ക്കാന്‍ തയ്യാറായാല്‍ ട്രോഫി നല്‍കാമെന്ന നിലപാടാണ് നഖ്‌വിയ്ക്കുള്ളത്.

ഒരു ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എങ്ങനെയാണോ ട്രോഫികളും മറ്റ് സമ്മാനങ്ങളും നല്‍കുന്നത് സമാന രീതിയില്‍ തന്നെ ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം തയ്യാറാകണമെന്ന ആവശ്യമാണ് നഖ്‌വി സ്വീകരിച്ചത്. അല്ലാതെ ട്രോഫി നല്‍കില്ലെന്നാണ് നഖ്‌വി പറയുന്നത്.

എന്നാല്‍ നഖ്‌വിയുടെ നിര്‍ദ്ദേശം നടപ്പാകില്ലെന്ന് ഉറപ്പാണ്. നഖ്‌വിയില്‍ നിന്നു ട്രോഫി സ്വീകരിക്കില്ല എന്നത് ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. അതിനര്‍ഥം ട്രോഫി ഇന്ത്യയ്ക്കു വേണ്ട എന്നല്ല. ട്രോഫി നല്‍കാന്‍ തയ്യാറാകാത്ത നഖ്‌വിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമല യുവതീപ്രവേശനം: ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശനം: ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവിധ സംഭവങ്ങളില്‍ 2,634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുളള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കുന്നതിന് ഓരോ കേസും പരിഗണിക്കുന്ന കോടതിയുടെ മുമ്പാകെ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടര്‍നടപടികള്‍ ഒഴിവാക്കിയതും പിന്‍വലിക്കാനുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണ്. 86 കേസുകള്‍ കോടതി മറ്റുതരത്തില്‍ തീര്‍പ്പാക്കി. 278 കേസുകള്‍ വെറുതെ വിട്ടു. 726 കേസുകളില്‍ ശിക്ഷിച്ചു. 692 കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ 2023 ഓഗസ്റ്റ് 21ന് യോഗം ചേര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞോ? സ്വഭാവികമായി കൂട്ടാൻ ഇവ ഡയറ്റിൽ ചേർക്കണം

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞോ? സ്വഭാവികമായി കൂട്ടാൻ ഇവ ഡയറ്റിൽ ചേർക്കണം

പ്ലേറ്റ്‌ലെറ്റുകൾ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്.

വൈറൽ ബാധ, കാൻസർ, ചില ജനിതകരോഗങ്ങൾ ഇവ മൂലം ശരീരത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാം കഴിയും. ‌

പപ്പായയും ഇലയും

പഴുത്ത പപ്പായയും അവയുടെ ഇലയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ മികച്ച മാർ​ഗമാണ്.

മാതളം

ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ മാതളം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചതാണ്. മതളം ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിക്കാം.

മത്തങ്ങ

വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങയിലെ ബീറ്റാ കരോട്ടിൻ ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഇലക്കറികൾ

പച്ചച്ചീര, ഉലുവ തുടങ്ങി വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം.

കാരറ്റും ബീറ്റ്റൂട്ടും

വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയിൽ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡിൽ ചേർത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം.

എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു; ആശങ്കയറിയിച്ച് ശശി തരൂര്‍

എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു; ആശങ്കയറിയിച്ച് ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്ന എയര്‍ ഇന്ത്യ നടപടിയില്‍ പ്രതിഷേധം അറിയിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. അടുത്ത ഏതാനും മാസത്തേക്ക് വ്യാപകമായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ കാംബെല്‍ വില്‍സണെ വിളിച്ച് തരൂര്‍ ആശങ്ക അറിയിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്നുള്ള 50 ഓളം സര്‍വീസുകള്‍ കുറയ്ക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നത്. ശൈത്യകാല സര്‍വീസ് പരിഷ്‌കരണം ഒക്ടോബര്‍ 26 ന് നിലവില്‍ വരും. തിരുവനന്തപുരം, കൊച്ചി, ?കോഴിക്കോട്, കണ്ണര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള പല സര്‍വീസുകളും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ദുബൈ, മസ്‌കറ്റ്, ഷാര്‍ജ, ബഹ്‌റൈന്‍, റാസല്‍ ഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പകുതിയായി കുറയും.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നത് ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളെ ഉള്‍പ്പടെ ഗുരുതരമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം അത് തിരിച്ചടിയുണ്ടാക്കുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക ബിസിനസ് ക്ലാസ് വിമാനത്തില്‍ നിന്നും ഉയര്‍ന്ന ക്ലാസ് ഒഴിവാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെയും തരൂര്‍ രംഗത്തെത്തി. ഈയൊരു സാഹചര്യത്തില്‍ ഇന്‍ഡിഗോ, ആകാശ തുടങ്ങിയ വിമാനകമ്പനികളെ ആശ്രയിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുമെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പ്: എസ്‌ഐആറിന് ശേഷം അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

ബിഹാര്‍ തെരഞ്ഞെടുപ്പ്: എസ്‌ഐആറിന് ശേഷം അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര പരിഷ്‌കരണത്തിനു(എസ് ഐ ആര്‍) ശേഷമുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് വോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുതായി എത്ര പേരെ ഉള്‍പ്പെടുത്തി, എത്ര പേരെ നീക്കം ചെയ്തു എന്നിവയടക്കമുള്ള കണക്കുകള്‍ പുറത്തുവരാനുണ്ട്.

2025 ജൂണിലാണ് ബിഹാറില്‍ എസ് ഐ ആര്‍ നടപടികള്‍ ആരംഭിച്ചത്. 7.89 കോടിയിലധികം വോട്ടര്‍മാരോട് ഫോമുകള്‍ വീണ്ടും പൂരിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബര്‍ ഒന്നുവരെ വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകള്‍ ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവരോ വിലാസം മാറിയവരോ ആയ വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തവയില്‍ കൂടുതലും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ 4, 5 തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.