സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, വടക്കൻ കൊങ്കൺ, അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്.

ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരം​ഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌.

ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ്‌ ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലാകും നടക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണ ജേതാക്കളായിട്ടുണ്ട്.

നാലുതവണ ഇംഗ്ലണ്ടും ഒരിക്കൽ ന്യൂസിലൻഡും ജേതാക്കളായി. ഇന്ത്യ 2005ലും 2017ലും റണ്ണറപ്പായിട്ടുണ്ട്‌. അഞ്ചാമത്തെ ലോകകപ്പ്‌ കളിക്കുന്ന ഹർമൻപ്രീത്‌ ക‍ൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു. സ്‌മൃതി മന്ഥാന, ജമീമ റോഡ്രിഗസ്‌, വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌, ദീപ്‌തി ശർമ എന്നിവർ ടീമിലുണ്ട്. പത്ത്‌ ലോകകപ്പ്‌ കളിച്ച ഇന്ത്യ 70 മത്സരങ്ങളിൽ 37 ജയം കുറിച്ചിട്ടുണ്ട്‌.

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം : ​തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത്‌ 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ്‌ മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നൽകി.

കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം വരുത്തൽ, പേര് ഒഴിവാക്കൽ എന്നിവയ്‌ക്ക്‌ അപേക്ഷകൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

കരട് പട്ടികയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 2,83,12,458 വോട്ടര്‍മാരുണ്ടാകും. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ 2087 പേരുമുണ്ട്.

ഡിജിറ്റലൈസേഷനും എഐയും; 4000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലുഫ്താന്‍സ

ഡിജിറ്റലൈസേഷനും എഐയും; 4000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലുഫ്താന്‍സ

ഫ്രാങ്ക്ഫര്‍ട്ട്: ഡിജിറ്റലൈസേഷനും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നാലായിരം ജോലിക്കാരെ ഒഴിവാക്കാന്‍ യൂറോപ്പിലെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. 2030 ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, എയര്‍ലൈനുകളുമായുള്ള ഏകീകരണം എന്നിവയിലൂടെ 4000 തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ തീരുമാനം ജര്‍മ്മനിയിലെ ജോലിക്കാരെയാണ് കൂടുതല്‍ ബാധിക്കുക.

മെമ്പര്‍ എയര്‍ലൈനുകളായ ലുഫ്താന്‍സ, സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, ഐടിഎ എയര്‍വേയ്സ് എന്നിവ തമ്മിലുള്ള സംയോജനം കൂടുതല്‍ ആഴത്തിലാക്കാന്‍ നീങ്ങുകയാണെന്ന് ലുഫ്താന്‍സ പറഞ്ഞു. ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റങ്ങള്‍ ബിസിനസ്സ് മേഖലകളിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മ്യൂണിക്കില്‍ നിക്ഷേപകരും അനലിസ്റ്റുകളും പങ്കെടുത്ത യോഗത്തിലാണ് എയര്‍ലൈന്‍ ഗ്രൂപ്പ് ഭാവി പദ്ധതികള്‍ അവതരിപ്പിച്ചത്. ഈ ദശകത്തിന്റെ അവസാനത്തോടെ കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായും ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണത്തിന് തയ്യാറെടുക്കുകയാണെന്നും ലുഫ്താന്‍സ ഗ്രൂപ്പ് പറഞ്ഞു, 2030 ഓടെ 100 ദീര്‍ഘദൂര വിമാനങ്ങള്‍ ഉള്‍പ്പെടെ 230 ലധികം പുതിയ വിമാനങ്ങള്‍ ഒപ്പറേറ്റ് ചെയ്യുമെന്നും കമ്പനി പറഞ്ഞു.

കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു

കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു

ആറ്റിങ്ങൽ: കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കരിച്ചിയിൽ കരുത്തലക്കൽ പാലത്തിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനം ബാലസംഘം മുൻ ജില്ലാ കമ്മിറ്റി അംഗം ഭരത് ഉദ്ഘാടനം ചെയ്തു.

വി.എസ് ശ്രീഷ അദ്ധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി, ആർ.എസ് അനൂപ്, സി ചന്ദ്രബോസ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു. ശ്രേയ പ്രദീപ്(പ്രസിഡൻറ്), ഐശ്വര്യ ബി. ആർ(സെക്രട്ടറി), ടി ടി ഷാജി(കൺവീനർ), എസ് കൃഷ്ണദാസ്(കോ-ഓർഡിനേറ്റർ) തുടങ്ങിയവരെ പുതിയ ഭാരവാഹികളായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

വിജയിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

വിജയിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആക്ഷേപം. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം നാലു മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.

സ്വന്തം പാര്‍ട്ടിയുടെ ശക്തി പ്രകടനമാണ് വിജയ് കരൂരില്‍ ലക്ഷ്യമിട്ടത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും, കൂടുതല്‍ ആളെ എത്തിക്കുന്നതിനും വേണ്ടി വൈകുകയും റോഡ് ഷോ നടത്തുകയും ചെയ്തു. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തമിഴക വെട്രി കഴകം സംസ്ഥാന ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ കൂട്ടാക്കിയില്ല.

ആള്‍ക്കൂട്ടം വളരെ മണിക്കൂറുകളായി കാത്തിരിക്കുന്നു, ഇനിയും അനിയന്ത്രിതമായി ആളുകളെത്തിച്ചേരുന്ന സ്ഥിതിയാണ്. അതിനാല്‍ പരിപാടി ഇനിയും വൈകരുതെന്ന് നിര്‍ദേശിച്ചു. അനുമതിയില്ലാതെ വിജയ് റോഡില്‍ ഇറങ്ങുന്നതും പ്രശ്‌നമാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതാണ് ഇത്രയേറെ മരണത്തിന് കാരണമായെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ എഫ്‌ഐആറില്‍ വിജയിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിടുക്കപ്പെട്ട് വിജയിനെ പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എം കെ സ്റ്റാലിന്‍ സര്‍ക്കാരുള്ളത്.

അതേസമയം ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ടിവികെ ആരോപിക്കുന്നുണ്ട്. ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. നിരവധി പേർ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദന്‍, ടിവികെ കരൂര്‍ ജില്ലാ ഭാരവാഹികളായ മതിയഴകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. വിജയ് ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.