ഓഗസ്റ്റില്‍ 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക അറിയാം

ഓഗസ്റ്റില്‍ 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക അറിയാം

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും സ്വാതന്ത്ര്യദിനത്തിനും ഒന്നാം ഓണത്തിനും തിരുവോണത്തിനും ശ്രീനാരായണ ഗുരു ജയന്തിക്കും ബാങ്കിന് അവധിയാണ്. ഓഗസ്റ്റില്‍ മൊത്തം കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഓ​ഗസ്റ്റ് 2- ഞായറാഴ്ച

ഓഗസ്റ്റ് 4- ചൊവ്വാഴ്ച- ത്രിപുരയില്‍ അവധി

ഓഗസ്റ്റ് 8- രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 9- ഞായറാഴ്ച

ഓഗസ്റ്റ് 13- വ്യാഴാഴ്ച- മണിപ്പൂരില്‍ അവധി

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 16- ഞായറാഴ്ച

ഓഗസ്റ്റ് 19- ബുധനാഴ്ച- ത്രിപുരയില്‍ അവധി

ഓഗസ്റ്റ് 22- നാലാം ശനിയാഴ്ച

ഓഗസ്റ്റ് 23- ഞായറാഴ്ച

ഓഗസ്റ്റ് 25- ചൊവ്വാഴ്ച- ഒന്നാം ഓണം- കേരളത്തില്‍ അവധി

ഓഗസ്റ്റ് 26- ബുധനാഴ്ച- തിരുവോണം- കേരളത്തില്‍ അവധി

ഓഗസ്റ്റ് 28- വെള്ളിയാഴ്ച- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തില്‍ അവധി

ഓഗസ്റ്റ് 30- ഞായറാഴ്ച

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

പട്‌ന: ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാര്‍ സസാറാം മുനിസിപ്പല്‍ കൊണ്‍സില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനമോടിക്കുന്നതിനിടെ ടോയ്ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡ്രൈവര്‍ പൊലീസിനോട് സമ്മതിച്ചു. ഞായറാഴ്ച രാത്രി പട്‌നയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഇരുമ്പു വടികൊണ്ട് മേലുദ്യോഗസ്ഥനെ അടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി മിതിലേഷ് ശ്രമം നടത്തിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു. മോട്ടോര്‍ ബൈക്കുകളിലെത്തിയ അജ്ഞാതരായ ആക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വിമല്‍ കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതിയുടെ ശരീരത്തില്‍ അക്രമം നേരിട്ടതിന്റെ ഒരു പാടുകള്‍ പോലും ഇല്ലാത്തത് പൊലീസിന് സംശയം ജനിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മിതിലേഷ് കുമാര്‍ കുറ്റം സമ്മതിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ മിതിലേഷിന് ടോയ് ലറ്റില്‍ പോകണമെന്ന് തോന്നി. ഇക്കാര്യം മേലുദ്യോഗസ്ഥനായ വിമല്‍കുമാറിനോട് സൂചിപ്പിച്ചെങ്കിലും, വാഹനം നിര്‍ത്താന്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ച്ചയായ ജോലി ഭാരവും മിതിലേഷിനെ പ്രകോപിതനാക്കിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു.

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. റോഡുകളിൽ കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങൾ കയ്യേറുന്നില്ലെന്നും അവ വാഹന പാതകളിൽ നിന്ന് കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

വലിയ സാമ്പത്തിക നിക്ഷേപമോ നിർമ്മാണങ്ങളോ ഇല്ലാതെ തന്നെ കാൽനടയാത്രക്കാരുടെ പാതകൾ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുള്ളിടത്തെല്ലാം നടന്നുപോകുന്നവർക്ക് പ്രത്യേക സൗകര്യം വേണം. കയറുകൊണ്ട് അതിർത്തിയ തിരിച്ചാണെങ്കിലും കാൽനടപ്പാതകൾ കയ്യേറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. വാഹനങ്ങളുടെ ഭീഷണിയില്ലാതെ തങ്ങൾക്ക് സഞ്ചരിക്കാൻ നീക്കിവെച്ച വഴിയാണിതെന്ന ആത്മവിശ്വാസം കാൽനടയാത്രക്കാരിൽ ഉണ്ടാക്കിയെടുക്കാൻ അധികാരികൾക്ക് സാധിക്കണം.

വിഷയത്തിൽ അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് രണ്ട് ആഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി, ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി രണ്ട് ആഴ്ചയ്ക്ക് ശേഷം മാറ്റിവെച്ചു.കൃത്യമായി വേർതിരിച്ച ഫൂട്ട്പാത്തുകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് ജൂൺ 19-ന് പുറപ്പെടുവിച്ച ഒരു പ്രധാന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ കാൽനടയാത്രക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19 (1) (ഡി) ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെയും ഭാഗമാണ് സുരക്ഷിതമായ കാൽനടയാത്രയെന്നും സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. നെല്ലിയാമ്പതി സ്വദേശി ജയന്തി(55) ആണ് മരിച്ച ഒരാൾ. സംഭവ സ്ഥലത്തുവെച്ചാണ് രണ്ടുപേരും മരിച്ചത്. മുന്‍ ഭാഗത്ത് ചില്ലിന്റെ ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. വാഹനം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് ഇറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്ന വിമോദ് പറഞ്ഞു.

അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.പാലക്കാട് -കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം രണ്ടാം വളവിനു മുകളിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളിൽ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

‘കുറ്റകൃത്യം ​ഗൗരവമേറിയത്’; ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം

‘കുറ്റകൃത്യം ​ഗൗരവമേറിയത്’; ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകർക്ക് ജാമ്യം. പ്രതികളായ 9 സിപിഎം പ്രവർത്തകർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം വളരെ ​ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പ​ഗത്ത് സൂചിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോ​ഗസ്ഥർക്കുണ്ടായ മുറിവുകൾ പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം നിലനിൽക്കാൻ സാധ്യതയില്ലല്ലോയെന്ന് കോടതി ചോദിച്ചു. എല്ലാ വധശ്രമങ്ങളിലും രക്തസ്രാവം ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിച്ചത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഉദ്യോ​ഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടി. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കില്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതികൾ വാദിച്ചു. കേസിലെ നാലു പ്രതികളുടെ ജാമ്യ ഹർജി കോടതി നാളെ പരി​ഗണിക്കും.

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് ‘കത്തിച്ച്’ അഭിഷേക് ശർമ

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് ‘കത്തിച്ച്’ അഭിഷേക് ശർമ

ചണ്ഡീ​ഗഢ്: മോശം ഫോമിൽ കളിക്കുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മികവിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിനിടെ വെറും 91 പന്തിൽ അടിച്ചെടുത്തത് 233 റൺസ്! പഞ്ചാബിലെ ജില്ലാതല പോരാട്ടത്തിലാണ് താരത്തിന്റെ കത്തും ബാറ്റിങ്. പഞ്ചാബ് അന്തർ ജില്ലാ സീനിയർ ഏകദിന പോരാട്ടത്തിൽ 25 സിക്സും 15 ഫോറും സഹിതം അഭിഷേക് വെറും 91 പന്തിൽ 233 റൺസാണ് വാരിക്കൂട്ടിയത്. 256.04 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും താരം സ്വന്തമാക്കി. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.

അമൃത്‍സർ സീനിയർ ടീമിനു വേണ്ടിയാണ് താരം കളിക്കാനിറങ്ങിയത്. തരൺ താര ആയിരുന്നു എതിരാളികൾ. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിൽ അമൃത്‍സർ ടീം 50 ഓവറിൽ അടിച്ചെടുത്തത് 533 റൺസ്!

മോശം ഫോമിലൂടെ കടന്നു പോകുന്ന താരത്തിനു വലിയ ആശ്വാസം നൽകുന്നതാണ് ഫോമിലേക്കുള്ള ഈ മടങ്ങി വരവ്. ഈ വർഷം ടി20 ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടങ്ങിയ അഭിഷേക് നിലവിൽ മൂന്നാം റാങ്കിലേക്ക് വീണിരുന്നു. അടുത്തിടെ നടന്ന സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയിൽ താരം അമ്പേ പരാജയമായിരുന്നു. 3 ഇന്നിങ്സുകളിൽ നിന്നു വെറും 11 റൺസ് മാത്രമാണ് നേടാനായത്. മാസങ്ങളായി താരം മോശം ഫോമിലാണ്.

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 131 റൺസ് മാത്രമായിരുന്നു നേടിയത്. ശരാശരി 26.2. അതിനു മുൻപ് അയർലൻഡിനെതിരായ പരമ്പരയിലും തീർത്തും നിറംമങ്ങി. 2 കളിയിൽ നിന്നു 49 റൺസ്. ശരാശരി 24.5. കഴിഞ്ഞ 10 അന്താരാഷ്ട്ര ടി20 പോരാട്ടത്തിൽ നിന്നു ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാൻ സാധിച്ചത്.

നേടിയ റൺസിനേക്കാൾ അഭിഷേകിന്റെ കാര്യത്തിൽ താരത്തിന്റെ പുറത്താകലുകളാണ് ടീമിനു കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. സിംബാബ്‍വെക്കെതിരായ 3 മത്സരങ്ങളിലും ബ്ലസിങ് മുസരബാനിയാണ് അഭിഷേകിനെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ ഓഫ് സ്റ്റംപിനു പുറത്തു പോയ പന്തിൽ അനാവശ്യമായി ബാറ്റ് വയ്ക്കാൻ നോക്കി ഡിപ്പിൽ സിംപിൾ ക്യാച്ച് നൽകി മടക്കം. രണ്ടാം പോരിൽ ഉയർന്നു വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കവേ ബാക്ക്വേർ‍ഡ് പോയിന്റിൽ ക്യാച്ച്. മൂന്നാം പോരിൽ റൺസെടുക്കാൻ നോക്കുന്നതിനിടെ എഡ്ജായി കീപ്പർക്ക് ക്യാച്ച് നൽകി മടക്കം.

വ്യത്യസ്ത ഷോട്ടുകൾക്ക് ശ്രമിച്ചാണ് തുടരെ മൂന്ന് തവണയും താരം പുറത്തായത്. എന്നാൽ വരുത്തിയത് ഒരേ തെറ്റാണ്. ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകൾക്കെതിരെ കൃത്യമായ നിയന്ത്രണം കണ്ടെത്താൻ അഭിഷേകിനു സാധിച്ചില്ല. ടി20 ലോകകപ്പിൽ അഭിഷേകിനെ നിരന്തരം കുടുക്കിയ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഓഫ് സ്പിൻ ഓപ്പണിങിലൂടെയാണ് സിംബാബ്‍വെ അ​ദ്ദേഹത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞത്. ഇത്തവണ റാസയുടെ ഓവർ അഭിഷേക് അതിജീവിച്ചെങ്കിലും മുസരബാനിക്ക് മുന്നിൽ മൂന്ന് തവണയും വീണു.

ടി20 ലോകകപ്പിന് മുൻപ് താരത്തിന്റെ ബാറ്റിങ് ശരാശരി 37.05 ആയിരുന്നു. സ്ട്രൈക്ക് റേറ്റ് 195ന് അടുത്ത്. ലോകകപ്പിനു ശേഷം സ്ട്രൈക്ക് റേറ്റ് വെറും 19.04ലേക്ക് കൂപ്പുകുത്തി. സ്ട്രൈക്ക് റേറ്റ് 165 ആയും കുറഞ്ഞു. സ്വാഭാവികമായ അ​ഗ്രസീവ് ശൈലിക്കും അതിനനുസരിച്ച് പുലർത്തേണ്ട സ്ഥിരതയ്ക്കും ഇടയിൽ സംശയത്തിലാണ്ട ഒരു ബാറ്ററുടെ ശരീര ഭാഷയാണ് കുറച്ചു കാലമായി അഭിഷേക് ക്രീസിൽ പ്രകടിപ്പിക്കുന്നത്.