by Midhun HP News | Sep 9, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശിശുരോഗ വിഭാഗം മേധാവി മോഹന്‍ദാസ് നായര്‍, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയര്‍ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വര്‍ഗീസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
രോഗം ബാധിച്ച 11 വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ കെ ജി സജീത് കുമാര്‍ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിദേശത്തുനിന്നുമെത്തിച്ച വിലകൂടിയ മരുന്നുള്‍പ്പെടെ അഞ്ചുതരം മരുന്നുകളാണ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Sep 9, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇന്നു മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കുക. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച് കിഴക്കേക്കോട്ടയില്‍ സമാപിക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കംകുറിക്കും. ആയിരത്തോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ക്കൊപ്പം അറുപതോളം ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ഫ്ളോട്ടുകള്‍. ഇതോടൊപ്പം 91 ദൃശ്യശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറമേകും.
ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, എല്‍എംഎസ്, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കല്‍, കല്ലുമ്മൂട് വരെ റോഡില്‍ വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കില്ല.
ആറന്മുള വള്ളംകളി
ആറന്മുള ഉത്രട്ടാതി വള്ളം കളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. സെപ്റ്റംബര്‍ 9ന് (ചൊവ്വ) പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.
by Midhun HP News | Sep 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ പൊയ്കമുക്ക് പാറയടിയിൽ റീന ഭവനിൽ സി. രാധമ്മ (86) നിര്യാതയായി.
പിതാവ്: ശങ്കരൻ തമ്പി (പരേതൻ)
ഭർത്താവ്: വേലായുധൻ നായർ (പരേതൻ)
മക്കൾ: രാധാകൃഷ്ണൻ നായർ (പരേതൻ), അജയകുമാർ,
മരുമകൾ: റീന,
ചെറുമക്കൾ: അഖിൽ, ആര്യ,
ചെറുമരുമക്കൾ: നിതിൻ, ഉണ്ണിമായ
സഞ്ചയനം 13 നു രാവിലെ വീട്ടിൽ
by Midhun HP News | Sep 8, 2025 | Latest News, കേരളം
പാറശ്ശാല: മാലിന്യമുക്ത പ്രഖ്യാപനം നടത്തിയ മലയോര പഞ്ചായത്തുകളിലെ പാതയോരങ്ങളിൽ മാലിന്യനിക്ഷേപം ദിനംപ്രതി കൂടുന്നു. മാലിന്യമുക്ത പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നതല്ലാതെ പ്രാവര്‍ത്തികമാകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും മാലിന്യമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികളും ഹരിതകര്‍മസേനയും മാലിന്യനീക്കം നടത്തുമെന്നായിരുന്നു തീരുമാനം. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിലൊഴികെ പ്രഖ്യാപനം നടപ്പിലായില്ല. പാതയോരങ്ങളിലെ മാലിന്യ നീക്കവും പലയിടത്തും നടപ്പായിട്ടില്ല.
പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലോ കോളജിനുസമീപത്തും പരശുവയ്ക്കലിലും പാതയോരത്ത് നിക്ഷേപിച്ചിട്ടുള്ള അറവുമാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും പല ഗ്രാമപഞ്ചായത്തധികൃതരും ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല. കുളത്തൂര്‍ പഞ്ചായത്തില്‍ പൊഴിക്കര ഭാഗത്തും മാലിന്യനിക്ഷേപമുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നതിന് പ്രധാന കാരണം. ഭക്ഷ്യ, മാംസ അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടി രാത്രിയില്‍ പൊതുഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിനുള്ള കാരണവും ഇതാണ്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വിവാഹ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ തെരുവ്നായ്കളും പക്ഷികളും കൊത്തിവലിച്ച് റോഡിലും കിണറുകളിലും മറ്റും ഇടുന്നത് കാരണം പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
വെള്ളറട കുന്നത്തുകാല്‍ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം കാണാം. ഒരു ഘട്ടത്തില്‍ പ്രതികളെ കണ്ടെത്തുന്നതിന് കാമറ സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കാമറ ദൃശ്യങ്ങളില്‍ പെടാതെ തൊട്ടടുത്തു തന്നെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് പുതിയ രീതി. വെള്ളറടയിലെ ആറാട്ടുകുഴി കടുക്കറ റോഡില്മ മുതുവാന്കോണം മുതല്‍ കടുക്കറവരെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്.കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ വണ്ടിത്തടം റോഡിലും കട്ടച്ചല്വിള കോട്ടുക്കോണം റോഡിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപവുമാണ് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നത്.
അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ കുടപ്പനമൂട് -നെടുമങ്ങാട് റോഡിലെ വാഴിച്ചലിനുസമീപവും മാലിന്യ നിക്ഷേപം കാണാം. പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്ന പരിഹാരമാകും.തെരുവ് നായ്കളുടെ വര്‍ധനവിനും പകര്‍ച്ച വ്യാധി ഭീഷണിക്കും ഇടയാക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
by Midhun HP News | Sep 8, 2025 | Latest News, ദേശീയ വാർത്ത
കാഠ്മണ്ഡു: നേപ്പാളില്‍ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നേപ്പാളില്‍ പ്രാദേശിക സമയം രാത്രി 10 മണി വരെ കര്‍ഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
രാജ്യസുരക്ഷയുടെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Recent Comments