by Midhun HP News | Sep 8, 2025 | Latest News, കേരളം
പാറശ്ശാല: മാലിന്യമുക്ത പ്രഖ്യാപനം നടത്തിയ മലയോര പഞ്ചായത്തുകളിലെ പാതയോരങ്ങളിൽ മാലിന്യനിക്ഷേപം ദിനംപ്രതി കൂടുന്നു. മാലിന്യമുക്ത പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നതല്ലാതെ പ്രാവര്‍ത്തികമാകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും മാലിന്യമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികളും ഹരിതകര്‍മസേനയും മാലിന്യനീക്കം നടത്തുമെന്നായിരുന്നു തീരുമാനം. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിലൊഴികെ പ്രഖ്യാപനം നടപ്പിലായില്ല. പാതയോരങ്ങളിലെ മാലിന്യ നീക്കവും പലയിടത്തും നടപ്പായിട്ടില്ല.
പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലോ കോളജിനുസമീപത്തും പരശുവയ്ക്കലിലും പാതയോരത്ത് നിക്ഷേപിച്ചിട്ടുള്ള അറവുമാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും പല ഗ്രാമപഞ്ചായത്തധികൃതരും ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല. കുളത്തൂര്‍ പഞ്ചായത്തില്‍ പൊഴിക്കര ഭാഗത്തും മാലിന്യനിക്ഷേപമുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നതിന് പ്രധാന കാരണം. ഭക്ഷ്യ, മാംസ അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടി രാത്രിയില്‍ പൊതുഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിനുള്ള കാരണവും ഇതാണ്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വിവാഹ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ തെരുവ്നായ്കളും പക്ഷികളും കൊത്തിവലിച്ച് റോഡിലും കിണറുകളിലും മറ്റും ഇടുന്നത് കാരണം പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
വെള്ളറട കുന്നത്തുകാല്‍ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം കാണാം. ഒരു ഘട്ടത്തില്‍ പ്രതികളെ കണ്ടെത്തുന്നതിന് കാമറ സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കാമറ ദൃശ്യങ്ങളില്‍ പെടാതെ തൊട്ടടുത്തു തന്നെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് പുതിയ രീതി. വെള്ളറടയിലെ ആറാട്ടുകുഴി കടുക്കറ റോഡില്മ മുതുവാന്കോണം മുതല്‍ കടുക്കറവരെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്.കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ വണ്ടിത്തടം റോഡിലും കട്ടച്ചല്വിള കോട്ടുക്കോണം റോഡിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപവുമാണ് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നത്.
അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ കുടപ്പനമൂട് -നെടുമങ്ങാട് റോഡിലെ വാഴിച്ചലിനുസമീപവും മാലിന്യ നിക്ഷേപം കാണാം. പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്ന പരിഹാരമാകും.തെരുവ് നായ്കളുടെ വര്‍ധനവിനും പകര്‍ച്ച വ്യാധി ഭീഷണിക്കും ഇടയാക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
by Midhun HP News | Sep 8, 2025 | Latest News, ദേശീയ വാർത്ത
കാഠ്മണ്ഡു: നേപ്പാളില്‍ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നേപ്പാളില്‍ പ്രാദേശിക സമയം രാത്രി 10 മണി വരെ കര്‍ഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
രാജ്യസുരക്ഷയുടെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Sep 8, 2025 | Latest News
മണ്ണറിഞ്ഞ് കൃഷി ചെയ്യൂ…. മണ്ണിലെ പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, ഘടന, ജലാംശം എന്നിവ മനസ്സിലാക്കാൻ നഗരസഭാ പരിധിയിലുള്ള കർഷകർക്കായി ആറ്റിങ്ങൽ കൃഷി ഭവൻ മണ്ണ് പരിശോധിക്കുന്നു, തികച്ചും സൗജന്യമായി കർഷകരുടെ വീട്ടിൽ എത്തി മണ്ണിന്റെ സാമ്പിൾ ശേഖരിക്കുന്നു.
മണ്ണ് പരിശോധിക്കേണ്ട കർഷകർ.. 9745451318 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആറ്റിങ്ങൽ കൃഷി ഓഫിസർ അറിയിച്ചു.
by Midhun HP News | Sep 8, 2025 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും ആഹ്വാനം ചെയ്ത് ഒഡിഷ നിയമസഭാ സ്പീക്കര്‍ സുരാമ പാധി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 33-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
സമൂഹം സ്ത്രീകളെ ബഹുമാനിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പുരോഗതി ഉണ്ടാവുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമൂഹിക സുരക്ഷ, രാഷ്ട്രീയം എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ വികസനം സാധ്യമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ സ്വാശ്രയരാകുകയും സാമ്പത്തിക വളര്‍ച്ച അനുഭവിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത കുടുംബങ്ങളില്‍ നിന്ന് ആരംഭിച്ച് മുഴുവന്‍ രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും വേഗവും ശക്തിയും പകരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
‘സ്ത്രീകള്‍ മുന്നിട്ടിറങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ സ്വയംപര്യാപ്തരാകാന്‍ പരിശ്രമിക്കണം. മറ്റുള്ളവര്‍ക്ക് ഒരു മാതൃക കാണിക്കണം. ആത്യന്തികമായി, അവര്‍ സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കണം’- സുരാമ പാധി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പരിഷ്‌കര്‍ത്താവായ ദേവി അഹല്യഭായ് ഹോള്‍ക്കറുടെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചായിരുന്നു സ്പീക്കറുടെ പ്രസംഗം. ദേവി അഹല്യഭായ് ഹോള്‍ക്കറുടെ 300- ാം ജന്മവാര്‍ഷികം അടുത്തിടെ ആഘോഷിച്ചിരുന്നു.ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏറ്റവും മുന്‍ഗണന നല്‍കുന്ന ഒരു നല്ല ഭരണ മാതൃക അവതരിപ്പിച്ച മാതൃകാപരമായ നേതാവായിരുന്നു ദേവി എന്നും സ്പീക്കര്‍ പറഞ്ഞു. എത്ര പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും ഇച്ഛാശക്തിയും ഉറച്ച ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന ആശയത്തിന്റെ പ്രതീകമാണ് ദേവിയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
‘ഈ അവാര്‍ഡ് വേളയില്‍, സ്ത്രീകള്‍ അവരുടെ അന്തസ്സ് സംരക്ഷിക്കാനും എല്ലാത്തരം അനീതികളോട് പോരാടാനും മുന്നോട്ട് വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ( ടിഎന്‍ഐഇ) ഈ അവാര്‍ഡ് ദാന ചടങ്ങ് തീര്‍ച്ചയായും സംസ്ഥാനത്തെ സ്ത്രീകളെ അത്തരം ശ്രമങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഒഡിഷയില്‍ നടന്ന ദേവി അവാര്‍ഡുകളുടെ നാലാമത്തെ പതിപ്പില്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച് വേറിട്ടുനിന്ന 14 മുന്‍നിര സ്ത്രീകളെ ആദരിച്ചു. സംരക്ഷണ വാസ്തുശില്പി വിജയ അമുജുരെ, ഗാര്‍ഗി ഭട്ടാചാര്യ, കര്‍ഷക റൈമതി ഘുരിയ, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മൃതി സ്വെയിന്‍, ആഗോളതലത്തില്‍ പ്രശസ്തയായ ഒഡീസി നര്‍ത്തകി സുജാത മൊഹപത്ര, സംരംഭക മിനുശ്രീ മധുമിത, ശാസ്ത്രജ്ഞ ജ്യോതിര്‍മയി ഡാഷ്, സാമൂഹിക പ്രവര്‍ത്തക നിബേദിത ലെങ്ക, ഷെഫ് മധുസ്മിത സോറന്‍ തുടങ്ങിയവരെയാണ് ആദരിച്ചത്. ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, ടിഎന്‍ഐഇ ഒഡിഷ റെസിഡന്റ് എഡിറ്റര്‍ സിബ മൊഹന്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
by Midhun HP News | Sep 8, 2025 | Latest News, കേരളം
തൃശൂര്‍: നൂറ്റാണ്ട് പാരമ്പര്യമുള്ള തൃശൂര്‍ പുലിക്കളിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഡിജിറ്റല്‍ പുലിവണ്ടിയും. പുലിക്കളി കാഴ്ചകളിലെ അപൂര്‍വ ദൃശ്യവിരുന്നാകും ഡിജിറ്റല്‍ ത്രിഡി പുലിവണ്ടി ഒരുക്കുക. അവതാര്‍ സിനിമയെ ആസ്പദമാക്കിയാണ് ഡിജിറ്റല്‍ പുലിവണ്ടിയൊരുക്കുന്നത്.
ശില്‍പ്പി പ്രസാദ് ആണ് ഇതിന്റെ ആശയവും ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. മനീഷ്‌കുമാര്‍ ആണ് സജ്ജീകരണം. ഓസ്‌കര്‍ ഇവന്റ്‌സ് ആണ് ഡിജിറ്റല്‍ ക്രിയേഷന്‍. നിരവധി മലയാളം, തമിഴ് സിനിമകള്‍ക്ക് വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന അഖില്‍ പ്രകാശ് ആണ് ദൃശ്യങ്ങളുടെ സംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ശബ്ദങ്ങളും കാഴ്ചകളുമായി പുത്തന്‍ അനുഭവമാകും ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയെന്നാണ് സംഘാടകര്‍ പറയുന്നത്.


by Midhun HP News | Sep 8, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.
ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.
കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടിയത്.
ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒക്ടോബർ 14 ന് വിശദ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും ഹാജരായി.
Recent Comments