ഹരിത സ്റ്റീൽ: ഇനി ഹൈ​ഡ്ര​ജ​ൻ ഉപയോഗിച്ചു സ്റ്റീ​ൽ നിർമ്മിക്കാം; ഗുണങ്ങളേറെ,ചെലവും കുറവ്

ഹരിത സ്റ്റീൽ: ഇനി ഹൈ​ഡ്ര​ജ​ൻ ഉപയോഗിച്ചു സ്റ്റീ​ൽ നിർമ്മിക്കാം; ഗുണങ്ങളേറെ,ചെലവും കുറവ്

അ​ബൂ​ദ​ബി: സ്റ്റീ​ൽ ഉ​ൽ​പ്പാ​ദ​ന​രം​ഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് യു എ ഇ. ഹ​രി​ത ഹൈ​ഡ്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റീൽ നിർമ്മാണം ദുബൈയിൽ ആരംഭിച്ചു. അ​ബു​ദാബി​യി​ലെ ഫ്യൂ​ച്ച​ർ എ​ന​ർ​ജി സ്ഥാ​പ​ന​മാ​യ മ​സ്ദാ​റും എം​സ്റ്റീ​ലും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പ​രി​സ്ഥി​തി സൗ​ഹൃ​ദമായ സ്റ്റീ​ൽ നിർമ്മാണമാകും ഇതിലൂടെ സാധ്യമാകുക എന്ന് അധികൃതർ അറിയിച്ചു.

സ്റ്റീ​ൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഒരു ഘട്ടമാണ് ഇ​രു​മ്പ​യി​രി​ൽ നി​ന്ന് ഇ​രു​മ്പ് വേ​ർ​തി​രി​ക്കുന്ന പ്രക്രിയ. സാധാരണ പ്രകൃതി വാതകം ഉപയോഗിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുന്നത്. ഈ ഘട്ടത്തിൽ വൻ തോതിൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുകയും പരിസ്ഥിതി മലിനീകരണം വർധിക്കുകയും ചെയ്യുന്നു. എന്നാൽ ഹരിത ഹൈഡ്രജൻ ഉപയോഗിച്ചു ഈ പ്രക്രിയ പൂർത്തിയാക്കുമ്പോൾ ജലം മാത്രമാണ് പുറന്തള്ളുന്നത്.

ഇതിലൂടെ ലഭിക്കുന്ന ഇ​രു​മ്പ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദവും കാർബൺ രഹിതവുമായ ‘ഹ​രി​ത സ്റ്റീൽ’ നിർമ്മിക്കാം.

സാധാരണ സ്റ്റീലിനെപ്പോലെ തന്നെ ശക്തിയും ഗുണമേന്മയും ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിനും ഉണ്ടാകും. വലിയ നിർമ്മാണ പദ്ധതികളിൽ കോളം, ബീം തുടങ്ങിയവയുടെ നിർമ്മാണത്തിനാകും പ്രധാനമായും ഈ സ്റ്റീൽ ഉപയോഗിക്കുക.

നിലവിൽ കെട്ടിടനിർമ്മാണത്തിന് ചെലവ് കുറവായതിനാൽ സാധാരണ സ്റ്റീലാണ് കൂടുതൽ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷേ ഭാവിയിൽ ഗ്രീൻ സർട്ടിഫിക്കേഷനും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിന് വലിയ പ്രാധാന്യം ലഭിക്കും എന്നാണ് വിലയിരുത്തൽ. ഭാവിയിൽ കെട്ടിടനിർമ്മാണത്തിലും വാഹന വ്യവസായത്തിലും ഇതിന് വലിയ പ്രാധാന്യം ലഭിക്കും. 2050ൽ കാ​ർ​ബ​ൺ വി​കി​ര​ണ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷം എ​ന്ന യു ​എ ഇ​യു​ടെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാഗമായി ആണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്നും നാളെയും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നദികളില്‍ യെല്ലോ അലര്‍ട്ട്

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴെ പറയുന്ന നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: വാമനപുരം (മൈലമ്മൂട് സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), മണിമല (തോണ്ട്ര സ്റ്റേഷന്‍)

തൃശൂര്‍: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍), കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

എം കെ സാനു മാഷ് അനുസ്മരണം നടന്നു

എം കെ സാനു മാഷ് അനുസ്മരണം നടന്നു

ആറ്റിങ്ങൽ: പുരോഗമന കലാ സാഹിത്യ സംഘം ആറ്റിങ്ങൽ മേഖല സാനു മാഷ് അനുസ്മരണവും, ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും താലൂക്ക് ഗവ. ടീച്ചേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. എം കെ സാനു മാഷ് അനുസ്മരണം ഡോ. ഭാസിരാജ് നടത്തി. തുടർന്ന് ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് ഉദ്ഘാടനം അഡ്വ. മോഹനൻ നായർ നിർവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡൻറ് സുജ കമല, സെക്രട്ടറി സാബു വി ആർ, വൈസ് പ്രസിഡൻറ് സി സുശോഭനൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ജെ.വിക്രമക്കുറുപ്പ്, ആറ്റിങ്ങൽ വെസ്റ്റ് കൺവീനർ രാജീവ് കുമാർ എന്നിവർ സംസാരിച്ചു.

ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് കുട്ടിയുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. വലതുവശത്തേക്ക് വീണ കുട്ടിയുടെ തലയിലൂടെ തൊട്ടുപിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയായിരുന്നു.

വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിതാവിന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇവിടെ അപകടം തുടര്‍ക്കഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്.

റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. കുറിപ്പില്‍ ആണ്‍ സുഹൃത്തും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

കൊച്ചി: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്.

ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി മാറിയ പാലാ സുരേഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്നു. കൊച്ചിന്‍ രസികയിലും സജീവമായിരുന്നു.