by Midhun HP News | Aug 16, 2025 | Latest News, ജില്ലാ വാർത്ത
കാസർകോടുള്ള കേരള കേന്ദ്ര സർവകലാശാലയിലും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലും കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിലും വിവിധ വകുപ്പുകളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ.
കേന്ദ്രസർവകലാശാലയിലേക്ക് ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. വനിതാകോളേജിൽ ഓഗസ്റ്റ് 20 ന് യോഗ്യതയുള്ളവർക്ക് നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാം.

കേരള കേന്ദ്ര സര്‍വകലാശാല ഒഴിവുകള്‍
കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജിനോമിക് സയന്‍സ്, ജിയോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്‌സ്, സംസ്‌കൃതം, യോഗ എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവ വേണം. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി ഓഗസ്റ്റ് 22.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in സന്ദര്‍ശിക്കുക.
ഗവൺമെന്റ് വിമൻസ് കോളേജ്
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഹോം സയൻസ് ജനറൽ വിഭാഗത്തിൽ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജ്
തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ 2026 മാർച്ച് 31 വരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ലേയ്ക്ക് ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.

by Midhun HP News | Aug 16, 2025 | Latest News, കേരളം
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ചുള്ള യുഎപിഎ കേസില്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തുവര്‍ഷം ഇളവ് ചെയ്തു. എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയുടെ 2020 സെപ്റ്റംബര്‍ 25ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഹര്‍ജിക്കാരന്‍ 2015ല്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നു പരിശീലനം നേടിയെന്നും പരിക്കേറ്റതിനാല്‍ യുദ്ധമുഖത്തനിന്നും പോരാടാന്‍ കഴിയാതെ വന്നതിനാല്‍ നാട്ടിലേക്ക് മടങ്ങണമെന്നും നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ ഇറാഖിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

2015 സെപ്റ്റംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്‌നാട്ടില്‍ സെയില്‍സ്മാനായി ജോലി ചെയ്യവെ 2016 ഒക്ടോബര്‍ അഞ്ചിനാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വിസയിലാണ് തുര്‍ക്കിയിലെത്തിയതെന്നും ഐഎസ് ബന്ധമാരോപിച്ചുള്ള കേസ് എന്‍ഐഎ കെട്ടിച്ചമച്ചതാണെന്നും പ്രതി അപ്പീലില്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം സംശയാസ്പദമായി തെളിയിക്കാന്‍ കഴിയുന്നുണ്ടെന്നും കോടതി വിലയിരുത്തി. ജി മെയില്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ ഉടമസ്ഥത, 2015ലെ തുര്‍ക്കി സന്ദര്‍ശനം, ഇറാഖിലേക്ക് കടന്നത്, ഐഎസിനുവേണ്ടിയുള്ള ആയുധ പരിശീലനം, പോരാട്ടം ഒക്കെ തെളിയിക്കാനാകുന്നുണ്ട്.
എന്‍ഐഎ കോടതിയുടെ നിഗമനത്തില്‍ തെറ്റില്ല. ചെയ്ത കുറ്റം ഗൗരവമേറിയതാണെങ്കിലും 35ാം വയസ്സില്‍ ചെയ്തതാണെന്ന കാര്യം കോടതി പരിഗണിച്ചു. തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടില്ല. പ്രതിയുടെ മാനസാന്തരത്തിനും പരിവര്‍ത്തനത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി.

by Midhun HP News | Aug 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഞായറാഴ്ച വരെയും, കര്‍ണാടക തീരത്ത് ചൊവ്വാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 16, 2025 | Latest News, ജില്ലാ വാർത്ത
വേങ്ങോട്: സ്വാതന്ത്യദിനാഘോഷ അനുസ്മരണ സമ്മേളനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ അഡ്വ. എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി. ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ സ്വാതന്ത്യ ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അഭിജിത്ത്, ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി, മാണിക്കൽ മണ്ഡലം പ്രസിഡൻ്റ് ഭുവനചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.

സജിത്ത് സ്വാഗതവും ഷംനാദ് നന്ദിയും പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ കല്ലുവെട്ടി ഷിഹാബ്, നേതാജിപുരം ബൈജു, മുംതാസ് ബീഗം, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ നൂപുരം ചന്ദ്രൻ, ഷംനാദ് മഞ്ഞമല, ജനറൽ സെക്രട്ടറിമാരായ മുജീബ്, സജിത്ത്, തുളസീധരൻ നായർ, ഷാക്കിർ, ഹുസൈൻ, കുന്നുകാട് വിമലൻ, കൊയ്തൂർക്കോണം രവി, കട്ടിയാട് തുളസി, മണ്ഡലം ട്രഷററും വാർഡ് പ്രസിഡൻ്റുമായ നേതാജി പുരം രാജു, വാർഡ് പ്രസിഡൻ്റുമാരായ നാരായണൻ നായർ, ജബ്ബാർ,സലിം മഞ്ഞമല, ബൈജു തച്ചപ്പള്ളി, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ദീൻ, സുജാദ്,മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Aug 16, 2025 | Latest News, ജില്ലാ വാർത്ത, മരണം
വടശ്ശേരിക്കോണം വാറുവിള വീട്ടിൽ റംലത്ത് ബീവി (77) അന്തരിച്ചു. വർക്കല- വടശ്ശേരിക്കോണം വാറുവിള വീട്ടിൽ പരേതനായ ഫക്കീർ മുഹമ്മദിന്റെ ഭാര്യ റംലത്ത് ബീവി (77) അന്തരിച്ചു.
മക്കൾ: നിസ ബീവി, നസീർ, സലീന, നവാസ് ഖാൻ.
മരുമക്കൾ: ഹുസൈൻ, രഹന, അബ്ദുൽ സലീം (അബുദാബി) സമീറ.
by Midhun HP News | Aug 16, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൾട്ടി നാഷണൽ കമ്പനിയായ എൽ ആൻഡ് ടി ആറ്റിങ്ങൽ ഐ ടി ഐ യിൽ വച്ചു നടത്തിയ ക്യാമ്പസ് ഇന്റർ വ്യൂവിൽ 15 വിദ്യാർത്ഥികൾക്ക് കൂടി നിയമനം. 2024-25 അധ്യയന വർഷാവസാനം വിവിധ ട്രേഡുകളിലായി
പഠിച്ചുകൊണ്ടിരിക്കുന്ന 61 പേർക്ക് കാഞ്ചിപുരം എൽ ആൻഡ് ടി.യിലും ഡ്രാഫ്റ്റ്‌മാൻ സിവിൽ/ മെക്കാനിക്കൽ ട്രേഡിലെ 14 പേർക്ക് തിരുവനന്തപുരം ബിംലാബ്‌സ് എന്ന സ്ഥാപനത്തിലും ലഭിച്ച നിയമനത്തിന് പുറമേയാണിത്.

കഴിഞ്ഞ അധ്യയന വർഷം യു എ ഇ ആസ്ഥാനമായുള്ള വെർട്ടിവ് പവർ ബാർ, ഐവ ഗ്രൂപ്പ്, അശോക് ലൈലാൻഡ്, വർക്‌സ് ഇന്റർനാഷണൽ എന്നീ പ്രമുഖ കമ്പനികളിൽ ഉൾപ്പെടെ 625 ഓളം ട്രെയിനികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഐടിഐ പ്രിൻസിപ്പൽ ശിവരാജ് അവർകൾ നിയമന ഉത്തരവുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി. കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടറർമാരായ സന്തോഷ്, ഉമേഷ്, സാബു, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ എം, പ്ലേസ്മെൻ്റ് ഓഫീസർ പ്രീത വി കെ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Recent Comments