‘അമ്മ’യിൽ പുതു ചരിത്രം; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

‘അമ്മ’യിൽ പുതു ചരിത്രം; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.

ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.

ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.

11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ്‌ കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.

ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് 15 രൂപ മാത്രം; ഫാസ്ടാഗ് വാര്‍ഷിക പാസ് ആരംഭിച്ചു, അറിയേണ്ടതെല്ലാം

ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് 15 രൂപ മാത്രം; ഫാസ്ടാഗ് വാര്‍ഷിക പാസ് ആരംഭിച്ചു, അറിയേണ്ടതെല്ലാം

ഡല്‍ഹി: ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സ്‌കീമിന് സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസിന്റെ വില 3,000 ആണ്. പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകളില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ പാസ് ബാധകമാകൂ.

വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം (MoRTH) എന്നിവയുടെ കീഴിലുള്ള നാഷണല്‍ ഹൈവേകളിലും എക്‌സ്പ്രസ് വേകളിലുമുള്ള ടോള്‍ പ്ലാസകളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും. കേന്ദ്ര ഫാസ്ടാഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന ഹൈവേകളിലെ ടോള്‍ പ്ലാസകളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ടോള്‍ പ്ലാസകളുടെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്.

പുതിയ ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് എന്ത്? ഇതിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?

വാര്‍ഷിക ഫാസ്ടാഗ്:
ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസിന്റെ വില 3,000 ആണ്. പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകളില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ‘വെറും 3,000 ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ നടത്താന്‍ കഴിയും. നേരത്തെ, ഇതിന് ഏകദേശം 10,000 രൂപ ചെലവാകുമായിരുന്നു,’- ഗഡ്കരി പറഞ്ഞു. പദ്ധതി പ്രകാരം ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ്.

വാര്‍ഷിക ഫാസ്ടാഗിന് ആര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക?

കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ പാസ് ബാധകമാകൂ. വാണിജ്യ അല്ലെങ്കില്‍ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.

ഒരു ഉപയോക്താവിന് എത്രത്തോളം ലാഭിക്കാന്‍ കഴിയും?

ശരാശരി ടോള്‍ ചെലവ് 50 ല്‍ നിന്ന് 15 ആയി കുറയുന്നതിനാല്‍, സാധാരണ ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 7,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം പറയുന്നു.

വാര്‍ഷിക ഫാസ്ടാഗ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

നിലവിലുള്ള ഒരു ഫാസ്ടാഗില്‍ വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വരും. ശരിയായി ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍, സാധുവായ ഒരു വാഹന രജിസ്ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.’ആക്ടിവേഷനും പുതുക്കലിനും വേണ്ടിയുള്ള ഒരു ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും,’- ഗഡ്കരി എക്സില്‍ പറഞ്ഞു.

വാര്‍ഷിക ഫാസ്ടാഗ് വാലിഡിറ്റി:

പാസ് നാഷണല്‍ ഹൈവേ, എക്സ്പ്രസ് വേ ടോള്‍ പ്ലാസകളില്‍ മാത്രമേ സാധുതയുള്ളൂ. സംസ്ഥാന ഹൈവേകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ കീഴിലുള്ള ടോള്‍ പ്ലാസകളില്‍, ഫാസ്ടാഗ് സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ടോള്‍ നിരക്കുകള്‍ ബാധകമാകും.

200 യാത്രകള്‍:

വാര്‍ഷിക പാസ് 200 യാത്രകള്‍ക്കോ ഒരു വര്‍ഷത്തിനോ സാധുതയുള്ളതാണ്. ഏതാണ് ആദ്യം തീരുന്നത് അതിനുസരിച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിധി തീര്‍ന്നുകഴിഞ്ഞാല്‍, ഒരു വര്‍ഷം ആയില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് പുതിയ വാര്‍ഷിക പാസ് വീണ്ടും വാങ്ങാം.

ഒരു പുതിയ ഫാസ്ടാഗ് എടുക്കേണ്ടിവരുമോ?

വാര്‍ഷിക പാസ് ലഭിക്കാന്‍ പുതിയ ഫാസ്ടാഗ് വാങ്ങേണ്ട ആവശ്യമില്ല. യോഗ്യതയ്ക്ക് വിധേയമായി ഇത് നിലവിലുള്ള ഫാസ്ടാഗുമായി ലിങ്ക് ചെയ്യാം.

വാര്‍ഷിക ഫാസ്ടാഗ് നിര്‍ബന്ധമാണോ?

വാര്‍ഷിക പാസ് ഓപ്ഷണലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാര്‍ഷിക പാസ് സ്‌കീമില്‍ ചേരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ച് പതിവുപോലെ ടോള്‍ അടയ്ക്കുന്നത് തുടരാം.

ഒരു യാത്ര എങ്ങനെയാണ് കണക്കാക്കുന്നത്?

മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഓരോ ടോള്‍ ക്രോസിങ് ഒരു യാത്രയായും ഒരു റൗണ്ട് ട്രിപ്പ് രണ്ട് യാത്രകള്‍ക്കും തുല്യമാണ്. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പോലുള്ള ക്ലോസ്ഡ് ടോളിങ് ഹൈവേകളില്‍, ഒരു എന്‍ട്രി-എക്സിറ്റിനെ ഒരു യാത്രയായും മറ്റു ടോള്‍ റോഡുകളില്‍, ഓരോ ടോള്‍ പ്ലാസയും ഒരു പ്രത്യേക യാത്രയായും കണക്കാക്കപ്പെടുന്നു.

രണ്ടു മാസമായി ശമ്പളമില്ല, മന്ത്രിക്കുമുന്നില്‍ പരാതിയും പ്രതിഷേധവും; താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്

രണ്ടു മാസമായി ശമ്പളമില്ല, മന്ത്രിക്കുമുന്നില്‍ പരാതിയും പ്രതിഷേധവും; താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്

മലപ്പുറം: ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധിച്ചത്. രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.

ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഇതിനിടെ തങ്ങള്‍ ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി ജീവനക്കാര്‍ മന്ത്രിക്കു മുന്‍പിലെത്തിയത്. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ മന്ത്രിയെ അനുഗമിച്ച പാര്‍ട്ടി പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. ഇതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഷുക്കൂര്‍ വധത്തിനു പിന്നാലെ ആക്രമണം; പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ഷുക്കൂര്‍ വധത്തിനു പിന്നാലെ ആക്രമണം; പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പറില്‍ ആക്രമണത്തില്‍ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ വള്ളേരി മോഹനനാണ്(60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം.

അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. മോഹനനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചത്. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മോഹനന്റെ മരണത്തിന് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. ഇതോടെ ആരോപണങ്ങള്‍ തള്ളി ലീഗും രംഗത്തെത്തി. മോഹനന്റെ മരണം സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നാണ് ലീഗിന്റെ ആക്ഷേപം. കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് മോഹനന്റെ മരണം എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രതിരോധം.

വീണ്ടും റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില; അഞ്ചു ദിവസത്തിനിടെ 1500 രൂപ കുറഞ്ഞു

വീണ്ടും റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില; അഞ്ചു ദിവസത്തിനിടെ 1500 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സഹകരണ സംഘം പ്രസിഡൻറ് എം.ബിന്ദു ദേശീയ പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണൻ, സഹകരണ വകുപ്പ് മുൻ അസിസ്റ്റൻറ് രജിസ്ട്രാർ ജി വിജയകുമാരൻ, ഭരണസമിതി അംഗങ്ങളായ ശശിധരൻ നായർ, സബീലാബീവി, സെക്രട്ടറി മഞ്ജു തുടങ്ങിയവർ സംസാരിച്ചു.