മലപ്പുറത്ത് വന്‍ കവര്‍ച്ച; ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു

മലപ്പുറത്ത് വന്‍ കവര്‍ച്ച; ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിർത്തി കവർന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം.

കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍, എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.

കശ്മീര്‍ മേഘവിസ്‌ഫോടനം: മരണം 46 ആയി, 200 ലേറെ പേരെ കാണാനില്ല; മിന്നൽ പ്രളയത്തിൽ കനത്ത നാശം

കശ്മീര്‍ മേഘവിസ്‌ഫോടനം: മരണം 46 ആയി, 200 ലേറെ പേരെ കാണാനില്ല; മിന്നൽ പ്രളയത്തിൽ കനത്ത നാശം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും മരണം 46 ആയി ഉയർന്നു. 160 പേരെ രക്ഷപ്പെടുത്തി. 200 ലേറെ പേരെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ഇതുവരെ 46 മൃതദേഹങ്ങൾ ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

മരിച്ചവരിൽ രണ്ടു സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു. ചോസ്തി, ഗാണ്ടർബാൾ, പഹൽഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതിലേറെയും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

സൈന്യവും, എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി. വിദൂരഗ്രാമമായ ചഷോത്തിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിലാണ് ദുരന്തമുണ്ടായത്.

മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിന്റെ സമയമായതിനാൽ ഗ്രാമത്തിൽ ഒട്ടേറേ ആളുകളുണ്ടായിരുന്നു. ചഷോതി ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെനിന്ന് കാൽനടയായി എട്ടര കിലോമീറ്റർ സഞ്ചരിച്ചാണ് മലമുകളിലെ ക്ഷേത്രത്തിലെത്തേണ്ടത്. ഈ പാതയടക്കം മിന്നൽ പ്രളയത്തിൽ മുങ്ങി. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറെ വീടുകൾ ഒലിച്ചുപോയിട്ടുണ്ട്.

വീണ്ടും ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

വീണ്ടും ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഇടിമിന്നലിനും, ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത 5 ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്നും നാളെയും, കർണാടക തീരത്ത് ഈ മാസം 18 വരെയും വരെയും, ലക്ഷദ്വീപ് തീരത്ത് ഈ മാസം 17 വരെയും വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 18 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമല നട നാളെ തുറക്കും; ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന

ശബരിമല നട നാളെ തുറക്കും; ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന

പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും.

ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതൽ ഈ മാസം 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. ഈ മാസം 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5ന് തുറക്കും. സെപ്റ്റംബർ 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും. സെപ്റ്റംബർ ഏഴിന് ശബരിമല നട അടയ്ക്കും.

ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവില്‍ രാജ്യം. 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്.

പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും മോദി പറഞ്ഞു. സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരുപുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. മതം ചോദിച്ചാണ് തീവ്രവാദികള്‍ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവര്‍ക്കും തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തിനായി.

പഹല്‍ഗാമില്‍ ഭീകരവാദികള്‍ ഭാര്യമാരുടെ മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നില്‍ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട മറുപടി നല്‍കി. സൈന്യത്തിനു സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി.പ്രസംഗത്തില്‍ സ്വാതന്ത്ര്യസമരസേനാനികളെയും ഭരണഘടനാ ശില്‍പികളെയും മോദി അനുസ്മരിച്ചു. മലയാളിയായ ദാക്ഷയണി വേലായുധനെയും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു.

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.

‘ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം’; വി എസിനെ ഓര്‍മ്മിച്ച് അരുണ്‍കുമാര്‍

‘ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം’; വി എസിനെ ഓര്‍മ്മിച്ച് അരുണ്‍കുമാര്‍

ആലപ്പുഴ: സ്വാതന്ത്ര്യദിനത്തില്‍ പിതാവ് വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് മകന്‍ വി എ അരുണ്‍കുമാര്‍. രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം.. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം. അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍…ജനങ്ങളുടെ വിഎസ്.’

‘സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു….’ അരുണ്‍കുമാര്‍ കുറിപ്പില്‍ അനുസ്മരിച്ചു.

അരുണ്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം..

ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം.

1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍…ജനങ്ങളുടെ വിഎസ്.

സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു….

ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗ സ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാം.