by Midhun HP News | Aug 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രത്യേക തീവ്ര പുനഃപരിശോധനയെ തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരോടൊപ്പം ചായകുടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്.
‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ് ഇവര്‍ക്കൊപ്പം ചായ കുടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്സില്‍ കുറിച്ചു.

തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. എസ്ഐആറിന് ആവശ്യമായ രേഖകളെല്ലാം ഇവര്‍ സമര്‍പ്പിച്ചിരുന്നുവെന്നും എന്നിട്ടും ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി യാദവ് പറഞ്ഞു. പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിന് കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നില്ലെന്നും യാദവ് രാഹുലിനോട് പറഞ്ഞു. ഇതിന് രാഹുല്‍ നല്കുന്ന മറുപടിയും വീഡിയോയില്‍ കേള്‍ക്കാം. ‘വിവരം നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വിവരം നല്കിക്കഴിഞ്ഞാല്, കളി തീര്‍ന്നു,’ രാഹുല്‍ പറയുന്നു.

by Midhun HP News | Aug 14, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്. തന്റെ 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നല്‍കിയത്. ശില്‍പ്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ നല്‍കിയിരുന്നു. പക്ഷേ അവര്‍ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചു എന്നാണ് ബിസിനസുകാരന്റെ പരാതിയില്‍ പറയുന്നത്.
താര ദമ്പതികളുടെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്. 2015-2023 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ താന്‍ നല്‍കിയെന്നും എന്നാല്‍ അവര്‍ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചുവെന്നും ബിസിനസുകാരനായ ദീപക് കോത്താരി ആരോപിച്ചു.
2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് താര ദമ്പതികളുമായി താന്‍ ബന്ധപ്പെട്ടതെന്നും കോത്താരി അവകാശപ്പെട്ടു. ആ സമയത്ത്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു ഈ ദമ്പതികള്‍. അന്ന് കമ്പനിയില്‍ 87 ശതമാനത്തിലധികം ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു.
തുടക്കത്തില്‍ 12 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ തുക ഒരു ‘നിക്ഷേപമായി’ മാറ്റാന്‍ രാജേഷ് ആര്യ നിര്‍ദേശിച്ചു. പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് താനുമായി കരാറിലേര്‍പ്പെട്ടതായും ദീപക് കോത്താരി പരാതിയില്‍ പറയുന്നു.
2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കോത്താരി കൈമാറി. എന്നാല്‍ നികുതി പ്രശ്നം തുടര്‍ന്നു. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും ബിസിനസുകാരന് പറയുന്നു.
മൊത്തത്തില്‍, ഇടപാടിനായി 60.48 കോടിയിലധികം രൂപ കൈമാറി. കൂടാതെ 3.19 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നല്കി. 2016 ഏപ്രിലില്‍ ശില്‍പ്പ ഷെട്ടി തനിക്ക് ഒരു വ്യക്തിഗത ഗ്യാരണ്ടിയും നല്‍കിയിരുന്നുവെന്നും കോത്താരി അവകാശപ്പെട്ടു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ ശില്‍പ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.

താമസിയാതെ, കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയര്‍ന്നുവന്നു. 2015-2023 കാലയളവില്‍ താര ദമ്പതികള്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കൈപ്പറ്റിയെന്നും വ്യക്തിപരമായ ചെലവുകള്‍ക്കായി പണം വകമാറ്റിയെന്നും കോത്താരി തന്റെ പരാതിയില്‍ ആരോപിച്ചു.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നി കുറ്റങ്ങള്‍ ചുമത്തി ജുഹു പൊലീസ് സ്റ്റേഷനില്‍ ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ 10 കോടി രൂപയ്ക്ക് മുകളിലുള്ള വഞ്ചനാ കേസ് ആയതിനാല്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കേസ് കൈമാറി.

by Midhun HP News | Aug 14, 2025 | Latest News, കേരളം
കോട്ടയം: ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
സെബാസ്റ്റ്യന്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വീടിന് പിന്നിലെ മുറിയില്‍ നിന്നാണ് രക്തക്കറ പൊലീസിന് ലഭിച്ചത്.
ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ, ജൈനമ്മ തിരോധാനക്കേസ് കൊലപാതകക്കേസായി മാറിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജൈനമ്മയുടെ ശരീരത്തില്‍ പത്തുപവനോളം സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു.
ഈ സ്വര്‍ണത്തിനു വേണ്ടിയാണ് സെബാസ്റ്റ്യന്‍ ജൈനമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരുന്നത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജൈനമ്മ തിരോധാനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
by Midhun HP News | Aug 14, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Aug 14, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. നാലു ദിവസത്തിനിടെ പവന് 1400 രൂപയിലധികമാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കുള്ള ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (IMPS) ഇടപാട് നിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 15 മുതല്‍ ഇത് ബാധകമാകും. ഓണ്‍ലൈന്‍, ബ്രാഞ്ച് ഇടപാടുകളില്‍ നിരക്കില്‍ വ്യത്യാസം ഉണ്ടാവും. ചില സ്ലാബുകളില്‍ മാത്രമാണ് നിരക്കില്‍ വര്‍ധന ഉണ്ടാവുക.
ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് 25,000 രൂപ വരെയുള്ള ചെറിയ മൂല്യമുള്ള ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമായി തുടരും. അതേസമയം, ഓണ്‍ലൈന്‍ വഴി നടത്തുന്ന 25,000 രൂപയ്ക്ക് മുകളിലുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ നാമമാത്ര നിരക്ക് ഈടാക്കും. ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ IMPS ട്രാന്‍സ്ഫറുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പൂര്‍ണ്ണമായ ഇളവ് തുടര്‍ന്നും ലഭിക്കും.
ഐഎംപിഎസ് എന്താണ്?
24 മണിക്കൂറും ലഭ്യമായ ഒരു നൂതന തത്സമയ പേയ്മെന്റ് സേവനമാണ് ഐഎംപിഎസ്. ഈ സേവനം നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് നല്‍കുന്നത്. ഐഎംപിഎസിലെ ഓരോ ഇടപാടിനും പരിധിയുണ്ട്. ഇത് 5 ലക്ഷം രൂപയാണ്
എസ്ബിഐയിലെ ഐഎംപിഎസ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് ഇങ്ങനെ?
ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് 25,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 2 രൂപ + ജിഎസ്ടി ഈടാക്കും. 1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 6 രൂപ + ജിഎസ്ടിയാണ് ചാര്‍ജ്. 2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 10 രൂപ + ജിഎസ്ടി ഈടാക്കും. മുമ്പ്, ഈ ഇടപാടുകള്‍ സൗജന്യമായിരുന്നു.
എസ്ബിഐ ശാഖകളില്‍ നടത്തുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞ ബ്രാഞ്ച് ചാര്‍ജ് 2 രൂപ + ജിഎസ്ടി ആണ്. അതേസമയം ഏറ്റവും ഉയര്‍ന്ന ബ്രാഞ്ച് ചാര്‍ജ് 20 രൂപ + ജിഎസ്ടി ആണ്.
ഐഎംപിഎസ് നിരക്കുകള്‍ ബാധകമല്ലാത്ത അക്കൗണ്ടുകള്‍
ശൗര്യ ഫാമിലി പെന്ഷന് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ, DSP (പ്രതിരോധ ശമ്പള പാക്കേജ്), PMSP (പാരാ മിലിട്ടറി ശമ്പള പാക്കേജ്), ICGSP (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശമ്പള പാക്കേജ്), CGSP (കേന്ദ്ര സര്‍ക്കാര്‍ ശമ്പള പാക്കേജ്), PSP (പൊലീസ് ശമ്പള പാക്കേജ്), RSP (റെയില്‍വേ ശമ്പള പാക്കേജ്) എന്നിവയുടെ എല്ലാ വകഭേദങ്ങളെയും ഓണ്‍ലൈനില്‍ ശമ്പള പാക്കേജ് അക്കൗണ്ടുകള്‍ക്കുള്ള ഐംപിഎസ് ഇടപാട് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്ത മേഖലകള്‍ക്കും സംഘടനകള്‍ക്കും വേണ്ടി എസ്ബിഐ തയ്യാറാക്കിയ ശമ്പള പാക്കേജുകളാണിവ. ഇതിന് പുറമേ കോര്‍പ്പറേറ്റ് ശമ്പള പാക്കേജ് (CSP), സംസ്ഥാന സര്‍ക്കാര്‍ ശമ്പള പാക്കേജ് (SGSP), സ്റ്റാര്‍ട്ടപ്പ് ശമ്പള പാക്കേജ് (SUSP), ഫാമിലി സേവിംഗ്സ് അക്കൗണ്ട്-SBI റിഷ്ടെ എന്നിവയെയും ഓണ്‍ലൈനില്‍ ശമ്പള പാക്കേജ് അക്കൗണ്ടുകള്‍ക്കുള്ള ഐഎംപിഎസ് ഇടപാട് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാനറ ബാങ്ക് ഐംപിഎസ് ഇടപാട് നിരക്കുകള്‍:
1,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക്, നിരക്കൊന്നുമില്ല. 1,000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 3 രൂപ + ജിഎസ്ടിയും 10,000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപ + ജിഎസ്ടിയും 25,000 രൂപ മുതല്‍ 1,00,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് 8 രൂപ + ജിഎസ്ടിയും ഈടാക്കും. 1,00,000 രൂപ മുതല്‍ 2,00,000 രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 15 രൂപ + ജിഎസ്ടിയും 2,00,000 രൂപ മുതല്‍ 5,00,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 20 രൂപ + ജിഎസ്ടിയും ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്:
1,000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് യാതൊരു നിരക്കും ഈടാക്കില്ല. 1,001 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ബ്രാഞ്ച് വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 6 രൂപ + ജിഎസ്ടിയും ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 5 രൂപ + ജിഎസ്ടിയും ഈടാക്കും. 1,00,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക്, ബാങ്ക് വഴി നടത്തുകയാണെങ്കില്‍ 12 രൂപ + ജിഎസ്ടിയും ഓണ്‍ലൈനായി നടത്തുകയാണെങ്കില്‍ 10 രൂപ + ജിഎസ്ടിയും ഈടാക്കും.
Recent Comments