ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് വേര്‍പ്പെടുത്തിയ കോച്ചില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം

ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് വേര്‍പ്പെടുത്തിയ കോച്ചില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച ആലപ്പുഴ എക്‌സ്പ്രസിന്റെ കോച്ചില്‍ അജ്ഞാതസ്ത്രീയുടെ അഴുകിയ മൃതദേഹം. ഫാന്‍ പ്രവര്‍ത്തിക്കാതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 7 ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലായിരുന്നെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

കോച്ചില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്. സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഡൽഹിയിലെ തെരുവുനായകളെ പൂര്‍ണമായും പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനായി മൂന്നം​ഗ ബെഞ്ചിന് വിട്ടു. വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് വിഷയം ഇന്ന് പരി​ഗണിക്കും.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയത്.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേ​ഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ രണ്ടം​ഗ ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു, ലിറ്ററിന് നാനൂറില്‍ താഴേക്ക്; ഓണവിപണിയില്‍ ആശ്വാസം

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു, ലിറ്ററിന് നാനൂറില്‍ താഴേക്ക്; ഓണവിപണിയില്‍ ആശ്വാസം

കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് കുടുംബ ബജറ്റിന്റെ താളംതെറ്റിച്ച വെളിച്ചെണ്ണ വില കുറയുന്നു. നിലവില്‍ പൊതുവിപണിയില്‍ 390-400 രൂപയാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 500 രൂപയില്‍ കൂടുതലായിരുന്നു വെളിച്ചെണ്ണ വില. ആളുകള്‍ വെളിച്ചെണ്ണയ്ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടി പോകുന്നതിനിടെയാണ് വില കുറഞ്ഞത്.

പൊതുവിപണിയില്‍ വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഇടപെടല്‍ നടത്തി. സര്‍ക്കാരിന് കീഴിലുള്ള കേരളഫെഡ് പുറത്തിറക്കുന്ന കേര വെളിച്ചെണ്ണയുടെ വില കുറച്ചു. പുതിയ വിലയായ 479 രൂപ ഇന്ന് നിലവില്‍ വരും. കേര വെളിച്ചെണ്ണ ഒരു ലിറ്ററിന്റെ വില 529 രൂപയില്‍ നിന്ന് 479 ആയും അര ലിറ്ററിന്റേത് 265ല്‍ നിന്ന് 240 ആയുമാണ് കുറച്ചത്. ഭക്ഷ്യമന്ത്രി നല്‍കിയ നിര്‍ദേശം കണക്കിലെടുത്താണ് കേരഫെഡിന്റെ തീരുമാനം.

എന്നാല്‍ ഈ വില പൊതുവിപണിയിലേതിലും കൂടുതല്‍ ആണെന്നും സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊതുവിപണിയില്‍ 390-400 രൂപയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമ്പോഴാണ് 479 രൂപയ്ക്ക് കേര വെളിച്ചെണ്ണ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

ജൂലൈ 18നാണ് കേരള വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ത്തി 529 ആക്കിയത്. വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക് അനുസൃതമായി 120 രൂപയുടെയെങ്കിലും കുറവ് വരുത്തി ഓണത്തിന് ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ കേരഫെഡിന് ഇപ്പോള്‍ കഴിയും. എന്നാല്‍ 50 രൂപ മാത്രം കുറയ്ക്കാനുള്ള തീരുമാനം കേരഫെഡിന്റെ ഓണവില്‍പ്പനയ്ക്ക് വന്‍തിരിച്ചടിയാകുമെന്ന് ജീവനക്കാരും ആശങ്കപ്പെടുന്നുണ്ട്.

കുവൈത്ത് വിഷ മദ്യ ദുരന്തം: 13 പേർ മരിച്ചു, 21 പേരുടെ കാഴ്ച നഷ്ടമായി; ഹെല്പ് ലൈൻ നമ്പറുമായി എംബസി

കുവൈത്ത് വിഷ മദ്യ ദുരന്തം: 13 പേർ മരിച്ചു, 21 പേരുടെ കാഴ്ച നഷ്ടമായി; ഹെല്പ് ലൈൻ നമ്പറുമായി എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 63 പേരാണ് ചികിത്സ തേടിയത് . മരിച്ചവർ മുഴുവൻ ഏഷ്യക്കാരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേർ വെന്റിലേറ്ററുകളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരിൽ 21 പേരുടെ കാഴ്ച ശക്തി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. 51 പേരെ അടിയന്തര ഡയാലിസിസ് നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യത്ത് നിന്നുള്ള ആളുകളാണെന് കൃത്യമായി പറയാൻ അധികൃതർ തയ്യാറായിട്ടില്ല.

സംഭവത്തിൽ കുവൈത്ത് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ മദ്യം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്‌. മദ്യം നിർമ്മിച്ച സ്ഥലങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി എംബസി അറിയിച്ചു. +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി.സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ആശുപത്രികൾ സന്ദർശിച്ചു.

വിഷ മദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് ലഭ്യമായ വിവരം. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയത്. മറ്റുള്ള പ്രവാസികൾക്കൊപ്പം റൂമുകളിൽ ഇരുന്ന് പലരും ഈ മദ്യം കുടിച്ചു. അതിനു ശേഷം പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടതായതോടെ തൊട്ടടുത്തുള്ള പ്രവാസികളെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫർവാനിയ, അദാൻ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 10 പേർ മരിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പക്ഷെ അധികൃതർ തയ്യാറായിരുന്നില്ല. ഇന്നലെ രാത്രിയിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട എക്‌സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുകേസ് ഡല്‍ഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപ്പൂര്‍മുണ്ടായ വീഴ്ച അല്ലെന്നാണ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്.

മാസപ്പടി കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.സിഎംആർഎൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ് എഫ് ഐ ഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.