“സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ച് പെരുംകുളം എ എം എൽ പി എസ്

“സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ച് പെരുംകുളം എ എം എൽ പി എസ്

സ്വതന്ത്ര്യ ദിനം ആറ്റിങ്ങൽ കലാപത്തിന്റെ ഓർമ്മകൾ ഉണർത്തി
വക്കo അബ്ദുൽ ഖാദറിന്റെ മണ്ണിൽ നിന്നും തുടക്കം കുറിച്ചു പെരുംകുളം എ എം എൽ പി എസ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയുടെ സമരങ്ങൾ, ഇന്ത്യൻ ഭരണ ഘടന, ഇന്ത്യൻ പ്രധാന മന്ത്രിമാരും കാലഘട്ടവും.,തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ഉയർത്താനുള്ള പതാക കുട്ടികളും അധ്യാപകരും ചേർന്ന് ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്ത സാക്ഷിയുമായ വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ വച്ചു അനുസ്മരണ വേദി ചെയർമാൻ ലത്തീഫിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി. ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

കുട്ടികളിൽ രാഷ്ട്ര സ്നേഹം, പരസ്പര സഹകരണം എന്നിവ വളർത്തുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ ഓഗസ്റ്റ് 4 നു സ്വാതന്ത്ര്യത്തിന്റ ചിറകൊച്ചകൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ്‌ അൻസർ പെരുംകുളം അധ്യാപകരായ രജനി ജി കെ, ശാന്തി വി എസ്, കാവേരി.എസ്, കൃഷ്ണരാജ് ആർ ജി, പി ടി എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

ആറ്റിങ്ങൽ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തിയ സാഹചര്യത്തിൽ അമേരിക്കയുമായുള്ള സമഗ്ര സാമ്പത്തിക കരാർ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻ്റിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കച്ചേരിനട ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അവനവഞ്ചേരി രാജു അധ്യക്ഷനായി.

കർഷകസംഘം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി സി ദേവരാജൻ സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ(സിഐടിയു), കെ.എസ് ബാബു(ജനതാദൾ) പി മണികണ്ഠൻ, സി ചന്ദ്ര ബോസ്, രാധാകൃഷ്ണകുറുപ്പ്, സി വി അനിൽകുമാർ, മോഹനൻ നായർ, ജി വ്യാസൻ, കെ മോഹനൻ, സുദീന്ദ്രൻ, ദുവനചന്ദ്രൻ, ജയകുമാർ, നൗഷാദ് ,ന്യൂട്ടൺ അക്ബർ തുടങ്ങിയവർ സംസാരിച്ചു.

സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം

സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം

കൊച്ചി: ആലുവ സ്വദേശിയായ ശ്രീനാഥിന് ഇത് രണ്ടാം ജന്മമാണ്. ലിവർ സിറോസിസും വൃക്ക രോ​ഗവും മൂലം ഒരേ സമയം കരളും വൃക്കയും തകരാറിലായ ശ്രീനാഥിന് പുതിയ ജീവിതം സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോ​ദരിയുടെ ഭർത്താവും ചേർന്നാണ്. സഹോദരി ശ്രീദേവിയുടെ വൃക്കയും സഹോദരിയുടെ ഭര്‍ത്താവ് വിപിന്‍റെ കരളുമാണ് ശ്രീനാഥിന് നല്‍കിയിരിക്കുന്നത്.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ഇരട്ട അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്. അതീവ ​സങ്കീർണമായ ശസ്ത്രക്രിയ ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് സീനിയർ കൺസൾട്ടൻ്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടൻ്റ് ആയ ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു.

ആലുവയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരു വന്നിരുന്നു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് മുറിവാവുകയും അത് ഉണങ്ങാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. അതിനിടെ കടുത്ത പനിയും ഉണ്ടായി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യാവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. ശരീരം വളരെയധികം ക്ഷീണിക്കുകയും സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തു. പിന്നീടാണ് വിദഗ്ധ ചികിത്സ തേടിയത്.

പരിശോധനയിൽ ക്രയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ശ്രീനാഥിന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിഞ്ഞിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കുക എന്നതായിരുന്നു ഒരു മാര്‍ഗം.

ആശാവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി തൻ്റെ വൃക്കകളിൽ ഒന്ന് സഹോദരന് നൽകാന്‍ സന്നദ്ധത അറിയിച്ചു. കൂടാതെ ശ്രീദേവിയുടെ ഭർത്താവായ വിപിൻ തന്റെ കരൾ പകുത്ത് നല്‍കാമെന്നും സമ്മതിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്ക്കേണ്ടി വന്നു.

ഏറെ സങ്കീർണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടർ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവൻ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങൾക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസത്തെ വിശ്രമത്തിന് ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭർത്താവ് വിപിനും പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്.

ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്.

കേരളതീരത്ത് വ്യാപകമായി ആൽഗൽ ബ്ലൂം; നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കുസാറ്റ് ഗവേഷകർ

കേരളതീരത്ത് വ്യാപകമായി ആൽഗൽ ബ്ലൂം; നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കുസാറ്റ് ഗവേഷകർ

ഓഗസ്റ്റ് ആദ്യ ആഴ്ചമുതൽ വടക്കൻ, മധ്യ കേരള തീരങ്ങളിൽ ഉപരിതല കടൽജലത്തിൽ കണ്ട “റെഡ് ടൈഡ്” പ്രതിഭാസം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന ഡൈനോ ഫ്ലാജെലേറ്റ് മൈക്രോആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനം കാരണമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ​ഗവേഷകർ.

തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് ജില്ലയിലെ ഒന്നിലധികം ബീച്ചുകളിലും ​ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളെത്തുടർന്നാണ് ആൽഗൽ ബ്ലൂമുകൾ സ്ഥിരീകരിച്ചത്. നിലവിലുള്ള ഉപരിതല പ്രവാഹങ്ങളുടെ സ്വാധീനത്താൽ, ആൽഗൽ ബ്ലൂം ക്രമേണ തെക്കോട്ട് വ്യാപിച്ചു. കൂടാതെ എടക്കഴിയൂരിനെയും പുത്തൻകടപ്പുറം തീരപ്രദേശങ്ങളെയും ഇത് ബാധിച്ചു.

പ്രാദേശികമായി പൂനീർ, പോളവെള്ളം അല്ലെങ്കിൽ കര വെള്ളം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം നിരവധി കിലോമീറ്ററിൽ തീരപ്രദേശങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ ഇന്റർടൈഡൽ സോണുകളിൽ ചുവപ്പ് നിറം ഏറ്റവും പ്രകടമാണ്, രാത്രിയിൽ കടൽ തീരത്ത് അതിശയകരമായ നീല-പച്ച ബയോലുമിനിസെൻസും ഒപ്പമുണ്ട്.

നോക്റ്റിലൂക്ക സിൻറ്റിലാൻസ് രണ്ട് രൂപങ്ങളിലാണ് കാണപ്പെടുന്നത് – “ഗ്രീൻ ടൈഡുകൾക്ക്” കാരണമാകുന്ന ഫോട്ടോസിന്തെറ്റിക് എൻഡോസിംബിയൻറ്റുകളുള്ള പച്ച വകഭേദവും, പ്രധാനമായും ഡയാറ്റങ്ങളെ ഭക്ഷിക്കുന്ന “റെഡ് ടൈഡുകൾ” ഉണ്ടാക്കുന്ന ചുവന്ന ഹെറ്ററോട്രോഫിക് വാകഭേദവും, കേരളത്തിന്റെ തീരദേശ ജലാശയങ്ങളിൽ പലപ്പോഴും മഴക്കാലത്ത് രണ്ട് വകഭേദങ്ങളും കാണപ്പെടുന്നുണ്ട്.

കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വിഭാഗം ഗവേഷകരാണ് ഇത് കണ്ടെത്തിയത് .

ഹാനികരമായ ആൽഗൽ ബ്ലൂമുകളിൽ (HABs) കാലാവസ്ഥാ സ്വാധീനം പഠിക്കുന്ന എ.എൻ.ആർ.എഫ് – എസ്ആർജി പ്രോഗ്രാമിന്റെ കീഴിലുള്ള ഗവേഷണ സംഘം, വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ഹാനികരമായ ആൽഗൽ ബ്ലൂം കാരണം ജലത്തിൽ ഓക്സിജൻ കുറയുന്നത്, ജലജീവികളിൽ അതിന്റെ സ്വാധീനവും അവയുടെ പരിസ്ഥിതിക ആഘാതങ്ങൾ, നോക്റ്റിലൂക്കയുടെ ജീവിതചക്രം, ഭക്ഷണ പരിസ്ഥിതിയും ജെല്ലിഫിഷ് ബ്ലൂമുകളുമായുള്ള ബന്ധം, തീരദേശ ഭക്ഷ്യവലയങ്ങളിലെ ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോക്റ്റിലൂക്കയുടെ വലിപ്പവും ഇടതൂർന്ന അഗ്രഗേഷനുകളും കാരണം, ആൽഗൽ ബ്ലൂമിന് ജലാശയത്തിൽ നിന്ന് ഓക്സിജനെ വേഗത്തിൽ ഇല്ലാതാകാൻ കഴിയും.

കാലാവസ്ഥ വ്യതിയാനം, സമുദ്രോപരിതല താപനിലയിലെ വർദ്ധനവ്, ജല മലിനീകരണം എന്നിവ കേരള തീരത്ത് ഇത്തരം പ്രതിഭാസത്തിന്റെ ആവർത്തനം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പ്രതിഭാസം മൽസ്യങ്ങളുടെ മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും, ആവർത്തിച്ചുള്ള ആൽഗൽ ബ്ലൂമുകൾ ജലത്തിന്റെ ഗുണനിലവാരത്തിൽ മാറ്റം വരുത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വകുപ്പ് നിലവിലെ പ്രതിഭാസം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുസാറ്റ് അറിയിച്ചു.

മാസപ്പടിക്കേസില്‍ ഷോണ്‍ ജോര്‍ജിന് തിരിച്ചടി; എസ്എഫ്‌ഐഒയുടെ പക്കലുള്ള രേഖകള്‍ നല്‍കണ്ട, ആവശ്യം തള്ളി ഹൈക്കോടതി

മാസപ്പടിക്കേസില്‍ ഷോണ്‍ ജോര്‍ജിന് തിരിച്ചടി; എസ്എഫ്‌ഐഒയുടെ പക്കലുള്ള രേഖകള്‍ നല്‍കണ്ട, ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്ലിനെതിരെ നല്‍കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് വീണ്ടും തിരിച്ചടി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ(എസ്എഫ്‌ഐഒ) കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

നിര്‍ണായക വിവരങ്ങള്‍ ഹര്‍ജിയിലുണ്ടെന്നും അതിനാല്‍ പകര്‍പ്പ് ലഭ്യമാക്കണമെന്നുമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആവശ്യം. കീഴ്ക്കോടതിയിലാണ് ആദ്യം ഷോണ്‍ ജോര്‍ജ്ജ് ഹര്‍ജി നല്‍കിയത്. ചില രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് നല്‍കാനാണ് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരേ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

സിഎംആര്‍എല്ലിന്റെ ഹരജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി. രേഖകള്‍ ഭാഗികമായി ഷോണ്‍ ജോര്‍ജിന് നല്‍കണമെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിഎംആര്‍എലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ സിഎംആര്‍എല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി ഷോണ്‍ ജോര്‍ജിനെ വിലക്കിയിരുന്നു.