മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ചത് പൊലീസ്

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ചത് പൊലീസ്

പത്തനംതിട്ട: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലെത്തിച്ച് പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവര്‍ തന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കുകയായിരുന്നു.

ഇലന്തൂര്‍ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്‌കൂളിലെ ബസിലാണ് ഡ്രൈവര്‍ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.

ഡ്രൈവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നതാണ് അതിലേറ്റവും പ്രധാനം. ഈ പരിശോധനക്കിടെയാണ് ഡ്രൈവര്‍ ലിബിന്‍ പിടിയിലാകുന്നത്.

26 കിലോമീറ്റര്‍ നീളം; ഒരേസമയം മൂന്ന് ലക്ഷം പേര്‍ യോഗ ചെയ്യും; നരേന്ദ്ര മോദി മുഖ്യാതിഥി; ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

26 കിലോമീറ്റര്‍ നീളം; ഒരേസമയം മൂന്ന് ലക്ഷം പേര്‍ യോഗ ചെയ്യും; നരേന്ദ്ര മോദി മുഖ്യാതിഥി; ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

അമരാവതി: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷം നടക്കും. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിശാഖപട്ടണത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 6:30 മുതല്‍ രാവിലെ 8:00 വരെ നടക്കുന്ന പരിപാടി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്തുടനീളം ഒരുലക്ഷം സ്ഥലങ്ങളില്‍ ‘യോഗാ സംഗം’ പരിപാടി സംഘടിപ്പിക്കും. അന്താരാഷ്ട്ര യോഗാദിനത്തിന്റെ പതിനൊന്നാം വര്‍ഷത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും യോഗ എത്തിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

‘യോഗ ഒരൊറ്റ ഭൂമിയ്ക്ക്, ഒരൊറ്റ ആരോഗ്യത്തിന്’ എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം. കാല്‍ലക്ഷത്തോളം ആദിവാസി വിദ്യാര്‍ഥികള്‍ 108 മിനിറ്റ് നേരം സൂര്യനമസ്‌കാരം അവതരിപ്പിക്കും. ഒരേസമയം ഇത്രയധികം പേര്‍ സൂര്യനമസ്‌കാരം ചെയ്യുന്നതിലും റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന പരിപാടിയില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്ര ആയൂഷ് സഹമന്ത്രി പ്രതാപ് റാവ ജാധവ് തുടങ്ങിയവര്‍ പങ്കെടുക്കും. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗദിനത്തില്‍ പങ്കെടുക്കാന്‍ രണ്ടുകോടിയിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

യോഗയെ ജീവിതചര്യയാക്കി മാറ്റുംവിധം 100 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. അറുപതിലേറെ വിദേശരാജ്യങ്ങള്‍ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.

സ്വർണം താഴോട്ടോ? വിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

സ്വർണം താഴോട്ടോ? വിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,680 യായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74120 രൂപയായിരുന്നു. ഏക്കാലത്തേയും ഉയർന്ന നിരക്കിൽ ഈ മാസം സ്വർണവില തൊട്ടിരുന്നു.

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ഇസ്രയേലിലേക്ക് ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് ഇറാന്‍; മധ്യസ്ഥ ശ്രമവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍, നിര്‍ണായക യോഗം നാളെ

ഇസ്രയേലിലേക്ക് ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് ഇറാന്‍; മധ്യസ്ഥ ശ്രമവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍, നിര്‍ണായക യോഗം നാളെ

ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ അടങ്ങുന്ന മിസൈലുകള്‍ പ്രയോ​ഗിച്ച് ഇറാന്‍. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍, ഇതാദ്യമായാണ് ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആള്‍നാശം ലക്ഷ്യമിട്ടാണ് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു.

ഇറാനുമേല്‍ ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 639 ആയി ഉയര്‍ന്നു. ഏതാണ്ട് 1350 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ 24 പേരും മരിച്ചു. ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാന്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ആശുപത്രി ആക്രമിച്ചതിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷവും കഴിഞ്ഞ 13ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി പലവട്ടം ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണം നിർത്താതെ ഇറാൻ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് അരാഗ്ചി സ്വീകരിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനീവയില്‍ നാളെ നിർണായക യോഗം നടക്കും. ബ്രിട്ടന്‍, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും.

അതിനിടെ ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേർട്സ് ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. സൈനിക നടപടിയുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ട്രംപ് തീരുമാനം എടുത്തേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

പോലീസിനു വേണ്ടി പുതുതായി വാങ്ങിയ 241 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഇന്ന് (ജൂണ്‍ 20) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു എസ്.എ.പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനങ്ങളാണ് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്നത്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാര്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.

ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.