സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി; ലോക്ഭവന്‍ നിര്‍ദേശം

സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി; ലോക്ഭവന്‍ നിര്‍ദേശം

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്‍. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ലോക്ഭവനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദിയില്‍ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്. വേദിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ലോക്ഭവന്‍ ആണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ രാഹുല്‍ ഗാന്ധി, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരെ യുഡിഎഫ് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന ചില കാര്യങ്ങളില്‍ ലോക്ഭവന്‍ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ കേരളത്തെ മാതൃകയാക്കാനും ലോക്ഭവന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്മാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തിരുന്നു. കൂടാതെ പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഇവിടെയെല്ലാം അനുവദിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ മാത്രം നിയന്ത്രണം കൊണ്ടുവന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചെന്ന് സ്വാമി സച്ചിദാനന്ദ

‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചെന്ന് സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒമ്പത് പേര്‍ ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് എന്നിവ മഠവുമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. കൂടാതെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയന്ത്രിക്കുന്നതിലും നിയമിക്കുന്നതിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുറഞ്ഞത് മൂന്ന് -നാല് പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ മഠത്തിന് വലിയ പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി ഇത് നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നതായും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ?അന്വേഷണം

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ?അന്വേഷണം

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27) മരിച്ചു. സംഭവത്തിന്റെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

തീപിടിത്തത്തിന് കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നതാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ച സൂചന. കാറിന്റെ വൈദ്യുത വയറിങ്ങിലോ ഇന്ധന ടാങ്കിലോ തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും അന്വേഷണസംഘം അറിയിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തമെങ്കില്‍ കാര്‍ ഇത്രയും വേഗത്തില്‍ പൂര്‍ണമായി കത്തിനശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കാറിനുള്ളില്‍ അപകടകരമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നിലിരുത്തിയതും സംശയം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രജിന്‍ ലാലിനെതിരെ സംശയമുണ്ടെന്നും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണെന്നും സത്യന്‍ വ്യക്തമാക്കി.

സോനയും രജിന്‍ ലാലും പ്രണയവിവാഹം ചെയ്തവരാണെന്നും സത്യന്‍ പറഞ്ഞു. രജിന്‍ വിദേശത്തായിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ രജിന്‍ മറ്റൊരു യുവതിയുമായി ബന്ധത്തിലായതായും പിന്നീട് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് രജിന്‍ സോനയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് 2023-ലാണ് ഇരുവരും വിവാഹിതരായത്.

സോനയുടെ ആശുപത്രി പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കക്കറമുക്ക് റോഡിലെ എടോളിത്താഴെ രാത്രി 9.15ഓടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തിയതായി പറയുന്നു. കാര്‍ ഓടിച്ചിരുന്നത് സോനയുടെ ഭര്‍ത്താവ് രജിന്‍ ലാലായിരുന്നു. സോന പിന്‍സീറ്റിലായിരുന്നു ഇരുന്നത്. വാഹനം നിര്‍ത്തിയതിന് പിന്നാലെ തീ പടരുകയും രജിന്‍ ലാല്‍ രക്ഷപ്പെടാന്‍ സമീപത്തെ തോട്ടിലേക്ക് ചാടുകയുമായിരുന്നു.

നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടര്‍ന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അതിനുമുമ്പേ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടസമയത്ത് വലിയ പൊട്ടിത്തെറി ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. “ശക്തമായ പൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടര്‍ന്നത്. ഉടന്‍ തന്നെ രജിന്‍ ലാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ തോട്ടിലേക്ക് ചാടി. ഞങ്ങള്‍ വെള്ളം കോരി ഒഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടരുകയായിരുന്നു. പിന്നിലെ വാതില്‍ ലോക്കായിരുന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല,” സമീപവാസിയായ ഒതയോത്ത് മുഹമ്മദ് പറഞ്ഞു.

വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ അപകടം ഉടന്‍ ശ്രദ്ധയില്‍പെടാന്‍ വൈകിയതായും മുഹമ്മദ് കൂട്ടിച്ചേർത്തു

കാറിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നെങ്കില്‍ തീ മുന്‍ഭാഗത്തുനിന്നാകുമായിരുന്നു പടരുകയെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

‘7 വയസ് മുതല്‍ ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം’: മീര വാസുദേവന്‍

‘7 വയസ് മുതല്‍ ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം’: മീര വാസുദേവന്‍

കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. തന്റെ ട്യൂഷന്‍ അധ്യാപകനില്‍ നിന്നാണ് മീരയ്ക്ക് ദുരനുഭവമുണ്ടായത്. അതിക്രമം നേരിടുമ്പോള്‍ തനിക്ക് ഏഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുറത്തു പറയാതിരിക്കാന്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മീര പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര വാസുദേവന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്;

ട്യൂഷന്‍ ടീച്ചറായിരുന്നു. തമിഴ് പഠിപ്പിച്ചിരുന്നയാളായിരുന്നു. ഞാന്‍ തമിഴില്‍ വീക്കായിരുന്നു. മുത്തശ്ശിയുടെ റഫറന്‍സായിരുന്നു അയാള്‍. വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല. അയാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗിക ഉപദ്രവിച്ചു. അവിടെ വരുന്ന മറ്റ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം അയാള്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. സംഭവം തുടങ്ങുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ് മാത്രമേയുള്ളൂ. അപ്പോഴത്തെ കാലത്ത് ലൈംഗിക വിദ്യാഭ്യാസമില്ലായിരുന്നു.

അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ ചെറുതായിരുന്നതിനാല്‍ അതില്‍ വീണുപോയി. ഞാനൊരു മോശം പെണ്‍കുട്ടിയാണെന്ന് സ്‌കൂളിലെ അധ്യാപകരോടും അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞു കൊടുക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. അതോടെ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചു പോയി.

ചൂഷണം നേരിട്ടൊരാളാണെങ്കില്‍ നമ്മുടെ ശരീരഭാഷ തന്നെ മാറിപ്പോകും. അക്രമികള്‍ ഇരകളെ പ്രൊഫൈല്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അതിക്രമികളുടെ മുന്നില്‍ ഇരകളുടെ സ്വഭാവം തന്നെ മാറും. ലൈംഗിക അതിക്രമം നേരിടാത്ത ഒരാളാണെങ്കില്‍ എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പ്രതികരിക്കും. മറിച്ച് ദുരനുഭവം നേരിട്ടവരാണെങ്കില്‍ പ്രതികരിക്കുന്ന രീതി മാറും. ശരീരഭാഷ മാറും. പേടി കാണിക്കും. സബ് മിസീവ് ആകും. അത് അവര്‍ മുതലെടുക്കും. അതില്‍ നിന്നുമാണ് പുറത്ത് കടക്കേണ്ടത്.

പതിനേഴ് വയസ് വരെ എനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ നിലവിളിക്കുകയും, കരയുകയും സ്വയം മുറിവേല്‍പ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ മനസിലാക്കുകയോ ചെയ്യില്ലെന്ന് തോന്നിയതോടെ മിണ്ടാതായി. എനിക്ക് സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ഇതേ അധ്യാപകന്‍ തന്നെ സഹോദരിയ്ക്കും ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. പക്ഷെ എനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എനിക്ക് സംഭവിക്കുന്നത് എന്തെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ അച്ഛനോടും അമ്മയോടും എങ്ങനെ വിശദീകരിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

മാറ്റമില്ലാതെ സ്വര്‍ണവില; അറിയാം ഇന്നത്തെ നിരക്ക്

മാറ്റമില്ലാതെ സ്വര്‍ണവില; അറിയാം ഇന്നത്തെ നിരക്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നത് തുടരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതും സ്വര്‍ണവില കുതിപ്പിനെ പിടിച്ചുകെട്ടാനാകാതെ വരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അധികം വൈകാതെ സ്വര്‍ണവില പവനു ഒന്നേകാല്‍ ലക്ഷത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇക്കാര്യം.

ഞായറാഴ്ച പുതിയ സ്വര്‍ണവില പുറത്തുവന്നതോടെ നിരക്കില്‍ മാറ്റമില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. 115080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ശനിയാഴ്ചയും സമാന വിലയായിരുന്നു. പുതിയ വിലപ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14385 രൂപയായി.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇന്ധനവിലയും കുതിച്ചുയരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ രാജ്യത്തെ സ്വര്‍ണവിലയെ ബാധിക്കാന്‍ പോവുന്ന അടുത്ത പ്രശ്‌നമായിരിക്കും ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഇന്ധനവില ലിറ്ററിനു മൂന്നുരൂപ കൂടിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് സൂചന. ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വിലയെയും ഇതു ബാധിച്ചേക്കും. അന്താരാഷ്ട്ര വിപണിയിലെ വില, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങളും രാജ്യത്തെ സ്വര്‍ണവിലയെ ബാധിക്കുമെന്നതാണ്.

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ചലച്ചിത്രമേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ആറ് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അടക്കം കമലഹാസന്റെ ആവശ്യങ്ങളിലുള്‍പ്പെടുന്നു. സബ്‌സിഡി നിരക്കില്‍ തമിഴ് ഫീച്ചര്‍ സിനിമകള്‍, സ്വതന്ത്ര സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാകുന്ന, തമിഴ് പ്രേക്ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.

വര്‍ധിച്ചു വരുന്ന നിര്‍മാണച്ചെലവുകള്‍, വിതരണച്ചെലവുകള്‍, തിയറ്റര്‍ നടത്തിപ്പ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നികുതിയിലും ഇളവ് വേണമെന്ന് കമലഹാസന്റെ നിവേദനത്തില്‍ പറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന 4 ശതമാനം വിനോദനികുതി നിര്‍ത്തലാക്കണമെന്നാണ് കമലഹാസന്റെ ആവശ്യം.

കൂടാതെ ആന്റി പൈറസി ടീം രൂപീകരിക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള തീയറ്ററുകളില്‍ ദിവസം അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും ടിവികെ സര്‍ക്കാരിനോട് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമയായ ജനനായകനടക്കം പൈറസി പ്രതിസന്ധി നേരിട്ടിരുന്നു. “ആയിരക്കണക്കിനു കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും കഠിനാധ്വാനത്തെ പൈറസി നശിപ്പിക്കുകയാണ്. അതിനെതിരെ തമിഴ്‌നാട് പൊലീസിന്റെ സൈബര്‍ ക്രൈം വകുപ്പിനുള്ളില്‍ ആന്റി പൈറസി എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം. പുറത്തിറങ്ങുന്ന കണ്ടന്റുകള്‍ ഉടനടി നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം” : കമല്‍ഹാസന്റെ നിവേദനത്തില്‍ പറയുന്നു.