കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3 യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. എന്നാൽ കപ്പലിൽ നിന്ന് വോയേജ് ഡാറ്റ റിക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്തിയാൽ മാത്രമേ ദുരന്തത്തിന് ഇടയായ കാരണം മനസിലാക്കാനാവൂ.

ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പൽ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ കപ്പൽ കമ്പനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്പനികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.

15 ടാങ്കുകളിൽ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സാൽവേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ ചോർച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോർച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇൻസിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂർത്തിയായി. ഇന്ധന ചോർച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22, 23 എന്നിവയുടെയും തകരാർ പരിഹരിച്ചു. ഇന്ധന ചോർച്ച തടയുന്നതിന്റെ ഭാഗമായി കപ്പൽ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോർട്ട് യാനമായ സീമാക് 3 സാച്ചുറേഷൻ ഡൈവിങ് ഒരുക്കങ്ങൾക്കായി കൊച്ചിയിൽ തിരിച്ചെത്തി.

51 മീറ്റർ അടിയിൽ കിടക്കുന്ന കപ്പലിലെ ടാങ്കിൽ നിന്ന് ഇന്ധനം നീക്കുന്നത് ഉൾ‍പ്പെടെയുള്ള കാര്യങ്ങൾക്ക് സാച്ചുറേഷൻ ഡൈവിങ് ആവശ്യമാണ്. ഇതിനായുള്ള തയാറെടുപ്പുകൾക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്.

മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് സി ഐ എഫ് ടി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് സി ഐ എഫ് ടി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഡയറക്ടർ ജോർജ്ജ് നൈനാൻ പറഞ്ഞു.

അതേസമയം, അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെട്ട രണ്ട് അപകടങ്ങൾ മൂലമുണ്ടാകുന്ന രാസമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ച് ദീർഘകാല പഠനം നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി ഐ എഫ് ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയ പ്രമുഖ മത്സ്യബന്ധന ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നാണ് പഠനം നടത്തുക .

“എംഎസ്‌സി എൽസ 3 മുങ്ങിയതിനുശേഷം രാസമാലിന്യത്തെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന ഫിഷറീസ് മന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തുറമുഖങ്ങളിൽ നിന്ന് മത്സ്യഫെഡ് ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ഉപയോഗിച്ച് ഞങ്ങൾ പ്രാഥമിക പഠനം നടത്തി. മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് നിന്ന് ശേഖരിച്ച കടൽ വെള്ളത്തിന്റെ പിഎച്ച് അളവ് സാധാരണമായിരുന്നു. മഴക്കാലം കാരണം കലക്ക നില അല്പം കൂടുതലായിരുന്നു.

“ഫ്ലൂറസെൻസ് പരിശോധനയും പോസിറ്റീവ് ഫലങ്ങൾ നൽകി. ഇതൊരു സെൻസറി വിലയിരുത്തലായിരുന്നു, ബയോകെമിക്കൽ പാരാമീറ്ററുകൾ വിശകലനം ചെയ്യുന്നതിന് വിശദമായ ഒരു പഠനം നടത്തേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും വിപണിയിൽ മത്സ്യത്തിനുള്ള ആവശ്യം കുറഞ്ഞതായി പരാതിപ്പെടുന്നു. “കപ്പൽ തകർച്ചയ്ക്ക് ശേഷം പല സ്ഥിരം ഉപഭോക്താക്കളും മീൻ വാങ്ങുന്നത് നിർത്തി. എന്നാൽ,, ശുദ്ധജല മത്സ്യത്തിനുള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണ്,” കൊച്ചിയിലെ മത്സ്യക്കച്ചവടക്കാരനായ ഷിനാസ് പറഞ്ഞു.

മത്സ്യത്തിന്റെ ആവശ്യകതയിലുണ്ടായ കുറവ് കോഴി കർഷകർക്ക് ഒരു അനുഗ്രഹമായി മാറി. ഡിമാൻഡിൽ 30% വർദ്ധനവുണ്ടായി, വിപണിയിൽ പുതിയ കോഴിയുടെ ലഭ്യതക്കുറവും വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി.മെയ് 25 ന് ശേഷം കോഴിയിറച്ചിയുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. വിപണിയിൽ വിൽപ്പനയിൽ 30% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ക്ഷാമത്തിന് കാരണമായി. വേനൽക്കാലം കാരണം ദേശീയ തലത്തിൽ ഉത്പാദനം ഇടിഞ്ഞിരുന്നു, കിലോഗ്രാമിന് 80 രൂപയായിരുന്ന കോഴിയിറച്ചിയുടെ മൊത്തവില കിലോഗ്രാമിന് 125 രൂപയായി ഉയർന്നു, ”ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു.

അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് (kerala rain) സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 13 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

ആകാശത്തെ പ്രണയിച്ച അവള്‍ യാത്രയായി; ബാക്കിയായി റോഷ്‌നിയുടെ സ്വപ്‌നം

ആകാശത്തെ പ്രണയിച്ച അവള്‍ യാത്രയായി; ബാക്കിയായി റോഷ്‌നിയുടെ സ്വപ്‌നം

ആകാശത്തെ അതിരറ്റ് സ്നേഹിച്ച പെണ്‍കുട്ടിയായിരുന്നു റോഷ്നി സോങ്ഹാരെ. ആകാശത്ത് സംഭവിച്ച ഒരു ദുരന്തത്തില്‍ തന്നെ ആ ജീവനും പൊലിഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറുമായ 27കാരിയായ റോഷ്‌നി വിട പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോഷ്നി ‘സ്‌കൈ ലവ്സ് ഹെര്‍’ എന്നാണ് തന്റെ അക്കൗണ്ടിന് പേര് നല്‍കിയിരിക്കുന്നത്. അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്നി അധികവും പങ്കുവെച്ചിരുന്നത് ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ്. അപകടത്തിന് ഒരാഴ്ച്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം താമസം മാറിയത്. ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. കഠിനധ്വാനത്തിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള്‍ ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ ബന്ധു വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് റോഷ്നിയോട് സംസാരിച്ചിരുന്നുവെന്നും അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞശേഷം അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും റോഷ്നിയുടെ ഫാമിലി ഡോക്ടറായ ഗിരിഷ് ഘന്‍ഡ്ഗെ പ്രതികരിച്ചു.

‘കണ്ണ് തുറന്നപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍, എങ്ങനെ ജീവനോടെ രക്ഷപ്പെട്ടെന്ന് അറിയില്ല’; ദുരന്തനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിശ്വാസ് കുമാര്‍

‘കണ്ണ് തുറന്നപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍, എങ്ങനെ ജീവനോടെ രക്ഷപ്പെട്ടെന്ന് അറിയില്ല’; ദുരന്തനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിശ്വാസ് കുമാര്‍

ഗാന്ധിനഗര്‍: ”ഞാനെങ്ങനെ ജീവനോടെ ബാക്കിയായി എന്ന് ഇപ്പോഴും അറിയില്ല”. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന് അപകടത്തെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. അപകടത്തെകുറിച്ച് നടത്തിയ ആദ്യ പ്രതികരണത്തിലാണ് വിശ്വാസ് കുമാര്‍ ദുരന്ത നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നത്.

‘വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കുടുങ്ങിയ പോലെ അനുഭവപ്പെട്ടു. ഇതിനൊപ്പം വിമാനത്തിനുള്ളില്‍ പച്ചയും വെള്ളയും ലൈറ്റുകള്‍ മിന്നിമറഞ്ഞു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സംഭവിച്ചു. വിമാനം എന്തിലോ ചെന്ന് ഇടിച്ചുകയറുകയായിരുന്നു.’ മരിച്ചെന്നാണ് കരുതിയത്. കണ്ണു തുറന്നപ്പോഴാണ് ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞത്. എങ്ങനെയത് സംഭവിച്ചു എന്ന് ഇപ്പോഴും അറിയില്ല. വിശ്വാസ് കുമാര്‍ പറയുന്നു.

എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തകരാതെ വീണ ഭാഗത്തായിരുന്നു വിശ്വാസ് കുമാറിന്റെ ഇരിപ്പിടം എന്നതാണ് രക്ഷപ്പെടാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തല്‍. ബോധം വന്നപ്പോള്‍ പുറത്തേക്കുള്ള വഴി കണ്ടു. അതുവഴി പുറത്തുവരികയായിരുന്നു. വിമാനത്തിന്റെ മറുവശത്തുണ്ടായിരുന്നവര്‍ക്ക് അതിന് കഴിഞ്ഞില്ലായിക്കാം എന്നും വിശ്വാസ് കുമാര്‍ പറയുന്നു. എന്റെ കണ്‍മുന്നില്‍ ആളുകള്‍ മരിച്ചുവീഴുന്നത് ഞാന്‍ കണ്ടു. അതില്‍ എയര്‍ഹോസ്റ്റസുമാരും യാത്രക്കാരും ഉണ്ടായിരുന്നു. വിശ്വാസ് കുമാര്‍ പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 ലണ്ടന്‍ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പെ 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ നിന്നും വിശ്വാസ് കുമാര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്.

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം കടന്നു പോയത്. വിഷമഘട്ടങ്ങളെയെല്ലാം കൃഷ്ണകുമാറിന്റെ കുടുംബം ഒറ്റക്കെട്ടോടെയാണ് നേരിട്ടത്. ഇപ്പോഴിതാ തന്റെ 57-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

ഈ 57-ാമത്തെ വയസിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്ന് അദ്ദേഹം കുറിച്ചു. ഈ ഒരനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്.

അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷമായിരുന്നു അതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. തകർന്നു എന്ന് തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എല്ലാവർക്കും നന്ദിയെന്നും കൃഷ്ണകുമാർ കുറിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്ന് എനിക്ക് 57 വയസ്സ്.. ഈ പിറന്നാളിന് സുഖവും സൗന്ദര്യവും അല്പം കൂടുതലാണ്. ഒരു പുതിയ ജന്മം ആരംഭിച്ച തോന്നൽ..

ജീവിതത്തിൽ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്. അന്ന് പ്രയം കുറവായിരുന്നു. ഇന്നത്തേതിനേക്കാൾ ആരോഗ്യമുണ്ടായിരുന്നു. അതിനാൽ അന്ന് അത് എളുപ്പം തരണം ചെയ്തു..

ഇന്ന് ഈ 57 മത്തെ വയസ്സിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പ്രതിസന്ധിയിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോയത്.. FIR ൽ ഇട്ട വകുപ്പുകൾ കടുപ്പമേറിയതായിരുന്നു. 36 കൊല്ലം മുൻപ് ദൂരദർശനിലൂടെ മാധ്യമരംഗത്തുന്നു ജീവിതമാരംഭിച്ച എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിട്ടും ചില ചാനലുകൾ സത്യം എന്തെന്ന് അന്വേഷിക്കാതെ രണ്ടുമൂന്നു മണിക്കൂർ ഞങ്ങളെ പ്രതിസ്ഥാനത്തു നിർത്തി പറയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോയി.

പ്രത്യേകിച്ച് ദിയയെ. പക്ഷേ കേരള സമൂഹം ഒന്നടങ്കം ശരിയേതെന്നു തിരിച്ചറിഞ്ഞു ഞങ്ങൾക്കനുകൂലമായി പ്രതികരിച്ചപ്പോൾ എല്ലാം മാറി മറിഞ്ഞു. ഈ ഒരു അനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു..ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്.

‘ഞാന്‍ സുരക്ഷിത, സഹപ്രവര്‍ത്തകര്‍ മരിച്ചിട്ടുണ്ട്, നിരവധി പേരെ കാണ്മാനില്ല’; അഹമ്മദാബാദില്‍ നിന്നും എലിസബത്ത്

ഭൂമിയിൽ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്. ശക്തരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്. കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാർഹമാണ്. അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം.

കൃഷ്ണകുമാറിന്റേയും മകളുടേയും പരാതി; കേസ് ക്രൈംബ്രാഞ്ചിന്, പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

ഇനിയും പലതും പറയാനുണ്ട്. വലിച്ചു നീട്ടുന്നില്ല. ഇത്രയും കാലം ആരോഗ്യത്തോടെ ഇവിടെ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി. തകർന്നു എന്നു തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എന്റെ പ്രിയ സഹോദരീ സഹോദരങ്ങൾക്കും എന്റെ നന്ദി