by Midhun HP News | Jun 13, 2025 | Latest News, കേരളം
കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.
ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
by Midhun HP News | Jun 13, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് നാളെ ആറ്റിങ്ങലിൽ സ്വീകരണം നൽകും. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അതിജീവനസമരത്തിൻ്റെ ഭാഗമായിട്ടാണ് ആശമാർ രാപകൽ സമരയാത്ര നടത്തുന്നത്.
ആശമാരുടെ ന്യായമായ ആവശ്യങ്ങൾ ‘പൊതുജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് മേയ് 5 മുതൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർകോഡ് നിന്നും പര്യടനം ആരംഭിച്ചത്. ബഹുജനങ്ങളുടെ വമ്പിച്ച സ്വീകാര്യതയാണ് സമരയാത്രയ്ക്ക് ലഭിക്കുന്നത്. തെരുവുകളിൽ തന്നെ ആശമാർ അന്തിയുറങ്ങിയാണ് യാത്ര ഓരോ ദിനവും കടന്നുവരുന്നത്.
ജില്ലയിൽ 4 ദിവസം നിരവധി കേന്ദ്രങ്ങളിൽ സമരയാത്രയ്ക്ക് സ്വീകരണ നൽകും.
ജൂൺ 18 ന് സെക്രട്ടേറിയറ്റിലേയ്ക്ക് മഹാറാലി നടത്തും. 10 മണിക്ക് കലാസംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം ആശാഭരിതം അവതരിപ്പിക്കും. 10.30 ന് സ്വീകരണ റാലി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിയ്ക്കും. ജാഥ ക്യാപ്റ്റനെ ആദരിക്കും.
11 ന് സ്വീകരണ സമ്മേളനം ആരംഭിക്കും. ജനപ്രതിനിധികളും വിവിധ സാമൂഹിക രാഷ്ട്രീയ – സാംസ്കാരിക – സമുദായിക സംഘടനാ നേതാക്കളും ആശാ വർക്കർമാരും കുടുംബാംഗങ്ങളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
സ്വാഗത സംഘം ചെയർമാൻ എസ്. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രമുഖ രാഷ്ട്രീയ-സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. ടി. ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ), തോട്ടയ്ക്കാട് ശശി (BJP സംസ്ഥാന കമ്മിറ്റിയംഗം),
അഡ്വ. വി. ജയകുമാർ (മുൻ KPCC നിർവാഹക സമിതിയംഗം), അംബിരാജ
എം. ഷാജർഖാൻ (ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി)
എം.പി സാജു (സംസ്ഥാന സെക്രട്ടറി, CMP) നഹാസ് ആറ്റിങ്ങൽ (മുസ്ലിംലീഗ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്), അനിൽ ആറ്റിങ്ങൽ (RSP ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി),
ശശി പള്ളിപ്പുറം (SUCI കമ്മ്യൂണിസ്റ്റ്), ശാന്തശീലൻ (KPMS, താലൂക്ക് യൂണിയൻ സെക്രട്ടറി), ലാലിജ (വക്കം പഞ്ചായത്ത് പ്രസിഡൻറ്), പി. ജയചന്ദ്രൻനായർ (സംസ്ഥാന കൗൺസിലംഗം, KSSPA), ബിഷ്ണു നൗഷാദ് (വക്കം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), അഡ്വ. ദീപ. പി (ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ്, മഹിളാ കോൺഗ്രസ്), പൂജ ഇക്ബാൽ (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ആറ്റിങ്ങൽ), കണ്ണൻ ചന്ദ്രപ്രസ് (ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, ആറ്റിങ്ങൽ), ബൈജു (BJP ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ്) തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.
by Midhun HP News | Jun 13, 2025 | Latest News, കേരളം
കൊച്ചി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള യുവാവ് സഹായം തേടുന്നു. കാക്കനാട് തെങ്ങോട് മനക്കകടവില്‍ താമസിക്കുന്ന വാക്കാട്ടുപറമ്പില്‍ വി കെ പ്രമേഷിനാണ് (41) അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രമേഷ് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിന് വിധേയനാകുന്നുണ്ട്.
പ്രമേഷിന്റെ ഇളയ സഹോദരന്റെ ഭാര്യയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അതിനായി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രമേഷും ഇരു വൃക്കകളും തകരാറിലായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായത്.
പ്രമേഷിന് എല്ലാ സഹായവും നല്‍കിയിരുന്ന മൂത്ത സഹോദരന്‍ അപകടത്തില്‍ മരിച്ചതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. കടുത്ത ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരാളുടെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്ന ഭാര്യയും എട്ടു വയസുള്ള മകനുമുള്‍പ്പെട്ട പ്രമേഷിന്റെ കുടുംബത്തിന് വലിയ ചെലവുവരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക ഒറ്റയ്ക്കാന്‍ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.
ചികിത്സയ്ക്ക് തുക സമാഹരിക്കാനായി വാര്‍ഡ് കൗണ്‍സിലര്‍ അനിത ജയചന്ദ്രന്‍ ചെയര്‍പഴ്‌സനായി ‘പ്രമേഷ് ചികിത്സാ സഹായ നിധിക്ക്’ രൂപം നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 99952 96649, അക്കൗണ്ട് നമ്പര്‍: 44035719585, പ്രമേഷ് വി കെ ചികിത്സാ സഹായ നിധി, എസ്ബിഐ, സിവില്‍ സ്റ്റേഷന്‍, തൃക്കാക്കര, ഐഎഫ്എസ് സി കോഡ്: SBIN0070339
by Midhun HP News | Jun 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. ഇന്ന് 10 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ടു ജില്ലകളിൽ നാളെ അതീതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്കും റിട്ടേണിങ് ഓഫീസര്‍ ബി സുബ്രഹ്മണ്യം ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറി.
തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തമിഴ്‌നാട്ടില്‍ ആറു സീറ്റുകളിലാണ് ഒഴിവുണ്ടായിരുന്നത്. അതിലേക്കായി ആകെ 13 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ ഏഴു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളുകയായിരുന്നു. ആവശ്യമായ രേഖകള്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കാതിരുന്നതാണ് പത്രിക തള്ളാന്‍ കാരണമെന്ന് വരണാധികാരി അറിയിച്ചു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡിഎംകെ നോമിനികളായ പി വില്‍സണ്‍, സല്‍മ, സിവലിംഗം എന്നിവര്‍ മുന്‍ മുഖ്യമന്ത്രിമാരും ഡിഎംകെയുടെ നേതാക്കന്മാരുമായിരുന്ന സി എന്‍ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ സ്മാരകങ്ങളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട ഇമ്പദുരൈ, ധനപാല്‍ എന്നിവര്‍ പാര്‍ട്ടി ഓഫീസിലെ എംജിആറിന്റെയും ജയലളിതയുടേയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഗുജറാത്തിലെ ബറൂച്ച് നിവാസിയായ ഭൂമി ചൗഹാന്‍ . ഇന്നലെ ഉച്ചയ്ക്കുള്ള അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ളവിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു ഭൂമി. ട്രാഫിക്കില്‍ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടര്‍ന്ന് ഭൂമിയ്ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാനായില്ല.
വിമാനത്തില്‍ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയെങ്കിലും, നേരം വൈകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞു. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് ഉഗ്രസ്‌ഫോടന ശബ്ദമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.10 ഓടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
‘എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടതിന് ശേഷം എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്’, ഭൂമി പറഞ്ഞു
ലണ്ടനില്‍ താമസിക്കുന്ന ഭര്‍ത്താവിനടുത്തേക്ക് പോകാനാണ് ലക്ഷ്മി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണമം യഥാസമയം വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന് ഭൂമി പറഞ്ഞു. ‘വിമാനം ഉച്ചയ്ക്ക് 1.10 ന് പറന്നുയരേണ്ടതായിരുന്നു. എനിക്ക് വിമാനത്തില്‍ കയറാന്‍ അനുവാദം കിട്ടിയില്ല, വല്ലാതെ വിഷമിച്ചു, വിമാനത്താവള എക്‌സിറ്റില്‍ എത്തിയപ്പോഴാണ് വിമാനം തകര്‍ന്നുവീണു എന്നറിഞ്ഞത്. എന്റെ ഗണപതി ജി എന്നെ രക്ഷിച്ചു.’ ഭൂമി പറഞ്ഞു. തന്റെ മകളെ സംരക്ഷിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നായിരുന്നു ഭൂമിയുടെ അമ്മയുടെ പ്രതികരണം.
അപകടത്തില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനായ രമേഷ് കുമാര്‍ വിശ്വാസ് ആണ് രക്ഷപ്പെട്ടത്. അപകടം ഉണ്ടായ ഉടനെ രമേഷ് എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നു.
Recent Comments