ബോംബു ഭീഷണി: എയര്‍ ഇന്ത്യ വിമാനം ഫുക്കറ്റില്‍ അടിയന്തരമായി ഇറക്കി

ബോംബു ഭീഷണി: എയര്‍ ഇന്ത്യ വിമാനം ഫുക്കറ്റില്‍ അടിയന്തരമായി ഇറക്കി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ് ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

വിമാനത്തില്‍ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയെന്ന് പറഞ്ഞ യാത്രക്കാരനെ തായ് വിമാനത്താവള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എഐ 379 വിമാനത്തില്‍ 156 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9:30 ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതാണ് വിമാനം.

ഫുക്കറ്റില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തായ് ലന്‍ഡ് എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. എയര്‍ ഇന്ത്യയുടെ പ്രതികരണവും ലഭ്യമായിട്ടില്ല.

വിമാനത്തില്‍ ’11A’ സീറ്റ് എവിടെ?, എന്താണ് പ്രത്യേകത; വിശ്വാസിന് രക്ഷയായത് ഇരിപ്പിടത്തിന്റെ സ്ഥാനമോ?

വിമാനത്തില്‍ ’11A’ സീറ്റ് എവിടെ?, എന്താണ് പ്രത്യേകത; വിശ്വാസിന് രക്ഷയായത് ഇരിപ്പിടത്തിന്റെ സ്ഥാനമോ?

ഡല്‍ഹി: വ്യാഴാഴ്ച അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ഡ്രീംലൈനറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് അതിജീവനകഥകളില്‍ ഒടുവില്‍ ചേര്‍ക്കപ്പെട്ട പേരാണ്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 241 പേര്‍ മരിക്കുകയും ഒരാള്‍ മാത്രം അത്ഭുകരമായി രക്ഷപ്പെടുകയുമായിരുന്നു. വിമാനത്തില്‍ ’11A’ സീറ്റില്‍ ഇരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശ് (45) എന്ന യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതോടെ 11A’ സീറ്റിന്റെ പ്രത്യേകതകളെ കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിലെ 238 ഇക്കണോമി ക്ലാസ് സീറ്റുകളില്‍ ഒന്നാണ് ’11എ’. അഹമ്മദാബാദ്-ലണ്ടന്‍ എഐ 171 വിമാനത്തില്‍ 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ B787-8 വിമാനങ്ങളുടെ ഇക്കണോമി ക്ലാസിലെ ആദ്യ നിരയിലെ ആറ് സീറ്റുകളില്‍ ഒന്നാണ് ’11A’. സീറ്റ് മാപ്പ് അനുസരിച്ച്, എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകളില്‍ ഒന്നിനും വിമാന ഗാലി ഏരിയ്ക്കും സമീപമുള്ള വിന്‍ഡോ സീറ്റാണിത്. വിമാനത്തിലെ അടുക്കളയെയാണ് സാധാരണയായി വിമാന ഗാലി ഏരിയ എന്ന് വിളിക്കുന്നത്.

തീപിടിച്ച വിമാനത്തില്‍ നിന്ന് രമേശിനെ പുറത്തുകടക്കാന്‍ സഹായിച്ച ഘടകങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിലേക്ക് എത്തിയത് കുറച്ചു നേരത്തെയായി പോയി എന്ന ആക്ഷേപങ്ങള്‍ക്കിടയിലും എമര്‍ജന്‍സി എക്‌സിറ്റ് വാതിലിനടുത്ത് ഇരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അത്ഭുതകരമായ രക്ഷപ്പെടലിന് ഒരു കാരണമായിരിക്കാം എന്നാണ് വിലയിരുത്തല്‍. നിലവില്‍, എയര്‍ ഇന്ത്യ ഫ്‌ലീറ്റില്‍ 27 B787-8 വിമാനങ്ങളുണ്ട്. അവയില്‍ ഓരോന്നിലും 238 ഇക്കണോമി ക്ലാസ് സീറ്റുകളും 18 ബിസിനസ് ക്ലാസ് സീറ്റുകളുമുണ്ട്.

വക്കത്തെ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി

വക്കത്തെ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി

വക്കത്തെ പ്രമുഖ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി. വക്കം പ്ലാസോ ബാർ ജീവനക്കാരാണ് അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ ക്രൂരമായി മർദ്ധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചയോടെയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശികളായ യുവാക്കൾ ബാറിലെത്തി മദ്യപിക്കവേ ടച്ചിങ്‌സ് നൽകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനുമായുണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്. ജീവനക്കാർ സംഘം ചേർന്ന് യുവാക്കളെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നുവെന്നു പരാതിക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില ഒറ്റയടിക്ക് വര്‍ധിച്ചത് 13 ശതമാനം

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില ഒറ്റയടിക്ക് വര്‍ധിച്ചത് 13 ശതമാനം

ഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവില കുതിച്ചു. എണ്ണവിലയില്‍ ഒറ്റയടിക്ക് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം തുടരുന്നത് ആഗോള എണ്ണ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണം. ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ഏകദേശം 13 ശതമാനമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ ബാരലിന് 77.77 ഡോളറിലേക്കാണ് എണ്ണവില ഉയര്‍ന്നത്. അമേരിക്കയിലെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 12.6 ശതമാനമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇന്ത്യന്‍ സമയം രാവിലെ 11.10 ആയപ്പോഴേക്കും, വില അല്‍പ്പം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 74.86 ഡോളറിലേക്കാണ് താഴ്ന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരും. 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില ഇപ്പോള്‍ നീങ്ങുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ഉയർന്നതോടെ ജാഗ്രത നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ചൂട് കനക്കുന്ന ഉച്ചസമയങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശം. ഉഷ്ണ തരംഗ സാധ്യതയും നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ദില്ലിയില്‍ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയെങ്കിലും താപനിലയും ഈര്‍പ്പവും സംയോജിപ്പിക്കുന്ന താപസൂചിക 51.9 ഡിഗ്രിയായി ഉയര്‍ന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ താപനില വീണ്ടും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.

കനത്ത ചൂടിനൊപ്പം ഇടക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ദില്ലിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

‘അച്ഛാ, ലണ്ടനിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കാം’; പുഷ്കരാജിനെ തേടി ആ കോൾ വന്നില്ല…

‘അച്ഛാ, ലണ്ടനിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കാം’; പുഷ്കരാജിനെ തേടി ആ കോൾ വന്നില്ല…

മുംബൈ: പൈലറ്റായ മകൻ വിമാനം പറത്താനായി വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ പുഷ്കരാജ് സഭർവാൾ വലിയ ആശ്വാസത്തിലായിരുന്നു. കാരണം രോ​ഗിയായ തന്നെ പരിചരിക്കാൻ മകൻ പൈലറ്റ് ജോലി ഉപേക്ഷിക്കുകയാണെന്നു അറിഞ്ഞതാണ് അയാൾക്ക് ആശ്വസമായത്. എന്നാൽ ആ സന്തോഷത്തിനു അല്പായുസായിരുന്നു. രോ​ഗക്കിടക്കയിൽ കിടക്കുന്ന അച്ഛന് മകന്റെ മരണ വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ കേൾക്കേണ്ടി വന്നത്.

ഇന്നലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു ദുരന്തമുണ്ടായപ്പോൾ 88 വയസുള്ള പുഷ്കരാജിന്റെ മകൻ സുമിത് സഭർവാളാണ് വിമാനം പറത്തിയ പൈലറ്റുമാരിൽ ഒരാൾ. മകൻ ലണ്ടനിലെത്തിയാലുടൻ ഫോൺ ചെയ്യാമെന്നു അറിയിച്ച ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇനി ആ ഫോൺ കോൾ വരില്ല. പരിചരിക്കാൻ മകനും. അവിവാഹിതനായ സുമിതിനു പിതാവായിരുന്നു എല്ലാം. ആ അച്ഛനാകട്ടെ മകനും. രണ്ട് വർഷം മുൻപ് സുമിതിന്റെ അമ്മ മരിച്ചതോടെ രോ​ഗിയായ പിതാവിന് മകനല്ലാതെ മറ്റാരും ആശ്രയമില്ലായിരുന്നു. സുമിത് ജോലിക്കു പോകുമ്പോൾ അച്ഛൻ വീട്ടിൽ തനിച്ചായിരുന്നു. അതോടെയാണ് ഇനി ജോലി ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കാമെന്ന തീരുമാനത്തിലേക്ക് സുമിത് എത്തിയത്. എന്നാൽ വിധി കരുതിയത് മറ്റൊന്നായിരുന്നു.

സുമിത് സഭർവാൾ ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ കൂടിയായിരുന്നു. അദ്ദേഹത്തിന് 8,000ത്തിലധികം മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്. വിമാനങ്ങളുടെ സുരക്ഷാ പരിശോധനകളിൽ അദ്ദേഹം പങ്കാളിയായിരുന്നുവെന്നും ക്യാപ്റ്റൻ രൺധാവെ ഓർമിച്ചു.