ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം

അഹമ്മദാബാദ്: 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു.

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം ചേരും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സുപ്രധാന തീരുമാനം ഉണ്ടാകുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നു,

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. വിമാനത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. ഹോസ്റ്റല്‍ സമുച്ചയത്തില്‍ മരിച്ചവരില്‍ നാല് എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയുമുണ്ട്.

ഇന്നലെ രാത്രിയോടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രികരില്‍ ഓരോരുത്തര്‍ക്കും1.8 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും!

യാത്രികരില്‍ ഓരോരുത്തര്‍ക്കും1.8 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും!

ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം 32 സെക്കന്റിലുള്ളിലാണ് അപകടത്തില്‍പ്പെട്ടത്. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്ന് പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിന് മുകളില്‍ പതിക്കുകയായിരുന്നു. എയര്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം, മരിച്ച ഓരോ യാത്രികനും നഷ്ടപരിഹാരമായി 151,880 സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍) നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥമാണ്. നിലവിലെ വിനിമയ നിരക്കില്‍ ഏകദേശം 1.8 കോടി രൂപ വരും.

അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ്. ഐഎംഎഫ് ആണ് ഇതിന് രൂപം നല്‍കിയത്. എസ്ഡിആറിന്റെ മൂല്യം അഞ്ച് അന്താരാഷ്ട്ര കറന്‍സികളില്‍ നിന്നാണ് കണക്കാക്കുന്നത് – യുഎസ് ഡോളര്‍, യൂറോ, ചൈനീസ് റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗ്. ഒരു എസ്ഡിആറിന്റെ മൂല്യം 120 രൂപയാണ്. അപകടത്തിന് ആരാണ് ഉത്തരവാദിയെന്ന് പരിഗണിക്കാതെ, ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് ഈ നഷ്ടപരിഹാരം നല്‍കണമെന്നാണ് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നത്.

ടാറ്റ ഗ്രൂപ്പ് ഇതുവരെ ഓരോ യാത്രക്കാരനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനപകടത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍, ലഗേജ് നഷ്ടപ്പെടല്‍, മരണങ്ങള്‍ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം എല്ലാ രാജ്യങ്ങളിലും ന്യായവും ഒരുപോലെയുള്ളതാണെന്നും ഉറപ്പാക്കാനാണ് കണ്‍വെന്‍ഷന്‍. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനിലെ നിശ്ചിത ബാധ്യതാ പരിധിയെ അടിസ്ഥാനമാക്കി, യാത്രക്കാര്‍ക്ക് മാത്രം എയര്‍ ഇന്ത്യ നഷ്ടപരിഹാരമായി 377 കോടി രൂപയില്‍ കൂടുതല്‍ നല്‍കേണ്ടി വരും. ക്രൂ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്ടപരിഹാര ബാധ്യത കൂടും. മൊത്തം ബാധ്യത 412 കോടി രൂപയ്ക്ക് മുകളില്‍ വരാം.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് നിലക്കൊള്ളുന്നത്. കണ്‍വെന്‍ഷന്‍ പ്രകാരം മരണത്തിനോ പരിക്കിനോ ഉള്ള വ്യവസ്ഥകള്‍ക്ക് കീഴില്‍ ക്രൂ അംഗങ്ങള്‍ സാധാരണയായി ഉള്‍പ്പെടാറില്ല. തൊഴിലാളി നഷ്ട പരിഹാര നിയമങ്ങള്‍, തൊഴില്‍ കരാറുകള്‍ അല്ലെങ്കില്‍ ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ബാധകമായ വ്യോമയാന-നിര്‍ദ്ദിഷ്ട ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയ്ക്ക് കീഴിലാണ് സാധാരണയായി ക്യൂ അംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറ്.

ഇതിന് പുറമേ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, മരിച്ചയാളുടെ പ്രായം, വരുമാനം, ആശ്രിതരുടെ എണ്ണം, മറ്റ് വ്യക്തിപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, എസ്ഡിആര്‍ പരിധിക്ക് മുകളിലുള്ള നഷ്ടപരിഹാരം കോടതികള്‍ക്ക് ഉത്തരവിടാവുന്നതാണ്. എന്നാല്‍ ഇത് ലഭിക്കുന്നതിന് കുടുംബങ്ങള്‍ കോടതിയില്‍ വിമാനക്കമ്പനിയുടെ തെറ്റ് സ്ഥാപിക്കേണ്ടതായി വരും.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം, ശവസംസ്‌കാരച്ചെലവുകള്‍ അല്ലെങ്കില്‍ താല്‍ക്കാലിക ജീവിതച്ചെലവുകള്‍ പോലുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിമാനക്കമ്പനികള്‍ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് കാലതാമസമില്ലാതെ മുന്‍കൂറായും തുക നല്‍കണം. ഈ മുന്‍കൂര്‍ പേയ്മെന്റുകള്‍ 16,000 എസ്ഡിആറില്‍ കുറയാത്തതോ ഒരു യാത്രക്കാരന് ഏകദേശം 18 ലക്ഷം രൂപയോ ആയിരിക്കണം. ഔദ്യോഗിക അന്വേഷണം അവസാനിക്കുന്നതിന് മുമ്പുതന്നെ ഈ തുക ഉടന്‍ കൈമാറേണ്ടതാണ്.

ഇതിന് പുറമേ വിമാനം കത്തിനശിച്ചതും എയര്‍ഇന്ത്യയുടെ നഷ്ടം വര്‍ധിപ്പിക്കുന്നു. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നത്. ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണിത്. വിമാനം വാങ്ങുന്ന സമയത്ത് വിമാനത്തിന്റെ ഏകദേശ ചെലവ് 125 മില്യണ്‍ മുതല്‍ 175 മില്യണ്‍ ഡോളര്‍ വരെയായിരുന്നു. അതായത് ഏകദേശം 1,040 കോടി മുതല്‍ 1,450 കോടി രൂപ വരെ. നിലവില്‍ എയര്‍ഇന്ത്യയുടെ കൈവശം ഏകദേശം 30 ഡ്രീംലൈനറുകള്‍ ഉണ്ട്. 2012 മുതല്‍ ഈ വിമാനങ്ങള്‍ പറത്തുന്നുണ്ട്.

‘എയര്‍ ഇന്ത്യ വിമാനാപകടം പോലുള്ള സംഭവങ്ങള്‍ ടോട്ടല്‍ ലോസിലേക്ക് നയിച്ചേക്കാം. അതായത് വിമാനം പൂര്‍ണ്ണമായും നശിച്ചു, നന്നാക്കാന്‍ കഴിയില്ല, വീണ്ടെടുക്കാന്‍ കഴിയുന്ന ഭാഗങ്ങളില്ല എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ ഏകദേശം 13 കോടി ഡോളര്‍ നഷ്ടം സംഭവിക്കാം. വിമാനത്തിന് 8 കോടി ഡോളറും ബാധ്യതകള്‍ക്ക് 5 കോടി ഡോളറും വരാം’- അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സ് ബിസിനസ് മേധാവി സൗരവ് ദാസ് പറയുന്നു.

വിമാനം ഒരു മെഡിക്കല്‍ കോളേജ് കാമ്പസിലാണ് ഇടിച്ചുകയറിയത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി നാശനഷ്ടങ്ങളുടെ ബാധ്യതയെ കുറിച്ച് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നില്ല. അത്തരം കേസുകളില്‍ സാധാരണയായി അധികാരപരിധി അനുസരിച്ച് വ്യോമയാന-നിര്‍ദ്ദിഷ്ട ബാധ്യതാ കണ്‍വെന്‍ഷന്‍ അനുസരിച്ച് ആണ് നഷ്ടം നിര്‍ണയിക്കുന്നത്.

ഷീല സണ്ണിയെ വ്യാജലഹരി കേസില്‍ കുടുക്കി; മുഖ്യആസൂത്രക മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

ഷീല സണ്ണിയെ വ്യാജലഹരി കേസില്‍ കുടുക്കി; മുഖ്യആസൂത്രക മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവില്‍ റിമാന്‍ഡില്‍ ആണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയത്. സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്‍ വെച്ച നാരായണ ദാസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

ഷീലയെ കുടുക്കാനുപയോഗിച്ച ലഹരിസ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്‌കൂട്ടറില്‍ വച്ചതും ലിവിയയാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണ ദാസ് മൊഴി നല്‍കിയിരുന്നു. ലിവിയയ്ക്കു വ്യാജ എല്‍എസ്ഡി സ്റ്റാംപ് കൈമാറിയതും ലിവിയയുടെ നിര്‍ദേശ പ്രകാരം എക്‌സൈസിനെ വിളിച്ചറിയിച്ചതും താനാണെന്നുമായിരുന്നു നാരായണദാസിന്റെ മൊഴി. അന്വേഷണത്തിനിടെയാണ് നാരായണ ദാസാണ് ലിവിയയുടെ സുഹൃത്തെന്നു പൊലീസ് കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. നാരായണ ദാസും ലിവിയയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. 2023 ഫെബ്രുവരി 27നാണ് ഷീലയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്നവ ചാലക്കുടി എക്‌സൈസ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഷീല 72 ദിവസം ജയിലിലായി. രാസപരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടര്‍ന്ന് ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു.

രഞ്ജിതയ്‌ക്കെതിരെ ജാതീയ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

രഞ്ജിതയ്‌ക്കെതിരെ ജാതീയ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെതിരെയാണ് നടപടി. ഫെയ്‌സ്ബുക്ക് വഴിയാണ് പവിത്രന്‍ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്.

ഉപയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങളിലൂടെയാണ്, പവിത്രന്‍ നഴ്‌സായ രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചത്. അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ മുഖ്യമന്ത്രിക്കും മറ്റും നിരവധി പരാതികള്‍ ഓണ്‍ലൈനായും മറ്റും ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ജാതീയമായ അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരം, പവിത്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുമ്പും ഇയാള്‍ ജാതീയമായി അധിക്ഷേപം നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ രക്ഷപ്പെടുത്തി. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25) പരിക്ക് പറ്റിയത്. ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനയെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം സ്‌പെഷ്യല്‍ ഡ്രൈവുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 18427 മയക്കുമരുന്ന് കേസുകളും അറസ്റ്റിലായത് 19168 പേരുമാണ്. ലഹരി ഇടപാടുകള്‍ കണ്ടെത്തനായി ഫെബ്രുവരി 22 ന് ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ 16125 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16953 പേര്‍ അറസ്റ്റിലാകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. എക്‌സൈസിന്റെ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവില്‍ 2302 കേസുകളും അറസ്റ്റിലായവര്‍ 2215ഉം ആണ്.

2024നെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളില്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പൊലീസ് 27530, എക്‌സൈസ് 8160 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്ത്. ആകെ 35690 കേസുകള്‍. സ്‌പെഷ്യല്‍ ഡ്രൈവ് തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ മയക്കുമരുന്ന് കേസുകള്‍ അരലക്ഷം കടക്കും.

മയക്കുമരുന്നിനോടുള്ള ആസക്തി ഭയാനകമായ തോതില്‍ വളര്‍ന്നതായി കേസുകളുടെ എണ്ണം വ്യക്തമാക്കുന്നതായി പൊലീസും എക്‌സൈസും പറയുന്നു. സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നിരവധി മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് ഈ മാസം അവസാനം വരെ തുടരും. എക്‌സൈസിന്റെ ഡ്രൈവ് തുടരും. ഈ മാസം അവസാനം മയക്കുമരുന്ന് വിതരണവും ദുരുപയോഗവും നേരിടാന്‍ സംസ്ഥാനത്ത് പൊലീസും എക്‌സൈസും ചേര്‍ന്ന് പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊലീസ് 2.45 ലക്ഷം ആളുകളെ പരിശോധിച്ചതായും എക്‌സൈസ് 25350 റെയ്ഡുകള്‍ നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ‘ക്ലീന്‍ സ്ലേറ്റ്’ ഭാഗമായി 2.33 ലക്ഷം വാഹനങ്ങള്‍ എക്‌സൈസ് പരിശോധന നടത്തി. പ്രത്യേക ഡ്രൈവുകളില്‍ 1680 കിലോഗ്രാം കഞ്ചാവും 8.7 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.