ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം

ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ടെന്നു പൊതുഭരണ വകുപ്പിനു വിഡി സതീശന്റെ നിർദ്ദേശം. വൻ തുക മുടക്കി മോടി പിടിപ്പിക്കേണ്ടതില്ലെന്നും ചില്ലറ അറ്റകുറ്റപ്പണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മോടി പിടിപ്പിക്കേണ്ടതില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഏറെ വിവാദ​മായിരുന്നു ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കൽ. സാമ്പത്തിക പ്രതിസന്ധികൾക്കിടെ ക്ലിഫ് ഹൗസിൽ നീന്തൽ കുളമുൾപ്പെടെയുള്ളവയുടെ മോടി പിടിപ്പിക്കലാണ് വിവാദമായത്. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങളിൽ മരപ്പട്ടി ശല്യം ഉണ്ടെന്ന പിണറായിയുടെ പരസ്യ പ്രതികരണവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

നീന്തൽക്കുളം മോടി പിടിപ്പിക്കാൻ 31,92,360 രൂപയാണ് പിണറായി കാലത്ത് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിതതും വിവാദമായിരുന്നു. 25.50 ലക്ഷം മുടക്കിയാണ് ലിഫ്റ്റ് പണിതത്.

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പ് മുറികളാണ് ഉള്ളത്. 15,000 ചതുരശ്ര അടിയാണ് വലിപ്പം. ഓഫീസ് മുറി, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമായുള്ള രണ്ട് ചെറിയ കെട്ടിടങ്ങളും ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുണ്ട്. 4.2 ഏക്കറിലായാണ് ക്ലിഫ് ഹൗസ് അടക്കമുള്ള കെട്ടിടങ്ങൾ നിൽക്കുന്നത്.

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ലേക്ക്

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3240 രൂപയാണ് ഇടിഞ്ഞത്.

ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മന്ത്രി കസേരയില്‍ ആരൊക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

മന്ത്രി കസേരയില്‍ ആരൊക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.

യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ എണ്ണത്തിലും പരമ്പരാഗതമായി കക്ഷികള്‍ കൈവശം വെച്ചുപോരുന്ന വകുപ്പുകളിലും മാറ്റംവരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കാനും സാധ്യതയുണ്ട്. ചെറു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക. ആര്‍എംപി. മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനിടയില്ല.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം . ഇന്ന് 11 മണിക്ക് നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാല്‍ ഇതിനുവേണ്ടി മുന്നണിയെ പ്രതിസന്ധിയില്‍ ആകേണ്ട ആവശ്യം ഇല്ല എന്നാണ് ഇവരുടെ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും എന്നാണ് സൂചന.

മന്ത്രിമാരുടെ സാധ്യത പട്ടിക

കോണ്‍ഗ്രസ്: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, എ.പി. അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, വി പി സജീന്ദ്രന്‍ ഇവരില്‍നിന്ന് ഒരാള്‍ സ്പീക്കറും ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറുമായേക്കാം. വിടി ബല്‍റാം, മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, കെ. ജയന്ത്, എം. വിന്‍സന്റ് എന്നിവരും സാധ്യത പട്ടികയിലുണ്ട്.

ഘടകകക്ഷികളുടെ സാധ്യത പട്ടിക

മുസ്ലിം ലീഗ്: പികെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, കെ കെ എം അഷ്റഫ്

കേരള കോണ്‍ഗ്രസ് (ജോസഫ്): മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ്

ആര്‍എസ്പി.: ഷിബു ബേബി ജോണ്‍,

സിഎംപി. : സി പി ജോണ്‍,

കെഡിപി: മാണി സി കാപ്പന്‍

‘ജയിലർ 2’ സെറ്റിൽ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു

‘ജയിലർ 2’ സെറ്റിൽ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു

ചെന്നൈ: രജനികാന്ത് ചിത്രം ജയിലർ 2 വിന്റെ സെറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ജയിലർ 2 ആർട് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ കാർത്തികേയൻ (28) ആണ് മരിച്ചത്. സെറ്റ് നിർമിക്കുന്നതിനിടെ ഷോക്കേറ്റാണ് കാർത്തികേയൻ മരിച്ചത്. പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം.

ഉടൻ തന്നെ സെറ്റിലുണ്ടായിരുന്നവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു, തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ കാനത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, വിനായകൻ, ഹക്കിം ഷാ, മേഘ്ന രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2023 ൽ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2.

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഭാ​ഗം പോലെ തന്നെ രണ്ടാം ഭാ​ഗത്തിലും നിറയെ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

ആറ്റിങ്ങൽ അവനവഞ്ചേരി എച്ച് എസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ആറ്റിങ്ങൽ അവനവഞ്ചേരി എച്ച് എസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ആറ്റിങ്ങൽ: അവനവഞ്ചേരി എച്ച് എസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 97 % വിജയം. 233കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 226 പേർ വിജയിച്ചു. 38പേർ ഫുൾ എ പ്ലസ് നേടി.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99 % വിജയം. 330 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 328പേർ വിജയിച്ചു. 2 പേർ പരീക്ഷ എഴുതിയില്ല. 49പേർ ഫുൾ എ പ്ലസ് നേടി.