പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.

വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പിനാണ് ബിജു പിഴ ചുമത്തിയത്. ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ ജീപ്പിന് 4000 രൂപയാണ് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല.

പിഴയിട്ട കാര്യം സാമൂഹിക മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, സേനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചു, തുടങ്ങിയവ ആരോപിച്ച് ബിജുവിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. അടുത്ത ദിവസം ഇൻഷുറൻസ് രേഖകൾ ഹാജരാക്കിയപ്പോൾ പിഴ 250 രൂപയാക്കി കുറച്ചു.

ഇൻഷുറൻസ് രേഖ കൈവശം വെക്കാത്തതിനും പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതിനുമായി 500 രൂപയാണ് പിന്നീട് പിഴ ചുമത്തിയത്. പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടറുടെ നടപടി കുറച്ച് ഓവറായിപ്പോയെന്ന് ഗതാഗത മന്ത്രി സി പി ജോൺ പ്രതികരിച്ചിരുന്നു.

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്റിലും നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം. വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി സമരത്തില്‍ പങ്കാളികളായതോടെ, കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.

ജന്തര്‍മന്തറില്‍ കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നതിനിടെയാണ്, കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിറന്നാള്‍ ആശംകള്‍ നേരാനെത്തിയ എംപിമാരോട്, പൊടുന്നനെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരത്തിന് പോകാമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. ഖാര്‍ഗെയ്ക്ക് പുറമെ, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ഈ സമരത്തെപ്പറ്റി മുന്‍കൂര്‍ അറിവുണ്ടായിരുന്നത്.

പ്രതിഷേധം മുന്‍കൂട്ടിയറിഞ്ഞ് പാതിവഴിയില്‍ തടയിടുന്ന ഡല്‍ഹി പൊലീസിന്റെ തന്ത്രം പൊളിക്കാനായിരുന്നു സ്വന്തം എംപിമാരെപ്പോലും അറിയിക്കാതെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന നേതാക്കള്‍ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നു വ്യക്തമാക്കി കൈകള്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധി അടക്കമുള്ള എല്ലാ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

സമരക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന സൂചന പ്രതിപക്ഷത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച രണ്ടാമത്തെ ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ബിജെപി നേതൃത്വം അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, നീറ്റ് പരിക്ഷാക്രമക്കേടില്‍ വിശദമായ അന്വേഷണം വേണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1680 രൂപയാണ് വര്‍ധിച്ചത്. 1,07,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയര്‍ന്നത്. 13,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 560 രൂപയാണ് വര്‍ധിച്ചത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണവിലയെ ബാധിച്ചേക്കാം.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കല്ലമ്പലം: പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകളും മനോജിന്റെ ഭാര്യയുമായ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധ പൂർവ്വം ഡിസ്ചാർജ് വാങ്ങി വീട്ടിൽ വരികയും പെട്രോൾ ഇല്ലാതിരുന്ന വിദ്യയുടെ സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രി 8.15 ഓടെ മരണത്തിന് കീഴടങ്ങി. സീമന്തപുരത്ത് വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മക്കൾ: കാശിനാഥ്‌, ശിവാനി. കല്ലമ്പലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

ഐഎസ്ആർഒയിൽ (ISRO) ജോലി നേടാൻ മികച്ച അവസരം. അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റെനോഗ്രാഫർ തസ്തികകളിലായി ആകെ 242 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകൾക്കും കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം ഉടൻ തന്നെ പുറത്തിറക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16.

കേന്ദ്രം തിരിച്ചുള്ള ഒഴിവുകൾ

അഹമ്മദാബാദ് – 60

ബെംഗളൂരു – 75

ഹാസൻ – 3

ഹൈദരാബാദ് – 15

മഹേന്ദ്രഗിരി – 9

ന്യൂഡൽഹി – 1

ശ്രീഹരിക്കോട്ട – 49

തിരുവനന്തപുരം – 30

തസ്തിക തിരിച്ചുള്ള ആകെ ഒഴിവുകൾ
അസിസ്റ്റന്റ് : 111 ഒഴിവുകൾ

ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്: 81 ഒഴിവുകൾ

അപ്പർ ഡിവിഷൻ ക്ലർക്ക് : 22 ഒഴിവുകൾ

സ്റ്റെനോഗ്രാഫർ : 10 ഒഴിവുകൾ

അപ്പർ ഡിവിഷൻ ക്ലർക്ക് – (സ്വയംഭരണ സ്ഥാപനങ്ങൾ) : 17 ഒഴിവുകൾ

സ്റ്റെനോഗ്രാഫർ – (സ്വയംഭരണ സ്ഥാപനങ്ങൾ) : 01 ഒഴിവ്

അസിസ്റ്റന്റ് / അപ്പർ ഡിവിഷൻ ക്ലർക്ക്
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള റെഗുലർ ബിരുദം.

കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 6.32 CGPA (10 പോയിന്റ് സ്കെയിലിൽ) ഉണ്ടായിരിക്കണം.

ബിരുദ പഠനം ആ സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിശ്ചിത വർഷങ്ങൾക്കുള്ളിൽ തന്നെ പാസ്സായിരിക്കണം.

കംപ്യുട്ടർ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാണ്.

പ്രവൃത്തി പരിചയം ആവശ്യമില്ല

ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ
വിദ്യാഭ്യാസ യോഗ്യത

കുറഞ്ഞത് 60% മാർക്കോടെയോ 6.32 CGPA-യോടെയോ ഉള്ള ഏതെങ്കിലും ബിരുദം.

അല്ലെങ്കിൽ, കുറഞ്ഞത് 60% മാർക്കോടെയോ 6.32 CGPA-യോടെയോ ഉള്ള ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസ്.

കോഴ്സുകൾ നിശ്ചിത കോഴ്സ് കാലാവധിക്കുള്ളിൽ തന്നെ പാസ്സായിരിക്കണം.

പ്രവൃത്തിപരിചയം

സ്റ്റെനോ-ടൈപ്പിസ്റ്റ് അല്ലെങ്കിൽ സ്റ്റെനോഗ്രാഫർ ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ (DCP/DCCP) ഉള്ളവരാണെങ്കിൽ, നാഷണൽ അപ്രന്റീസ്ഷിപ്പ് സ്കീം വഴി ലഭിച്ച ‘അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സർട്ടിഫിക്കറ്റ്’ 1 വർഷത്തെ പ്രവൃത്തിപരിചയത്തിന് പകരമായി പരിഗണിക്കും.

സാങ്കേതിക യോഗ്യതകൾ:

ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ കുറഞ്ഞത് 60 വാക്കുകൾ (60 w.p.m.) ടൈപ്പ് ചെയ്യാനുള്ള വേഗത നിർബന്ധമാണ്.

കംപ്യുട്ടർ ഉപയോഗിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.

ശമ്പളവും പ്രായപരിധിയും

ശമ്പളം: അടിസ്ഥാന ശമ്പളം 25,500 രൂപ പ്രതിമാസം. ഇതോടൊപ്പം DA, HRA, ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

പ്രായപരിധി (16.08.2026 അനുസരിച്ച്): പൊതുവിഭാഗത്തിന് (UR) പരമാവധി 28 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് 31 വയസ്സും, എസ്.സി/എസ്.ടി വിഭാഗത്തിന് 33 വയസ്സും വരെ ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.isro.gov.in/Careers.html

ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും

ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും

ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധ രം​ഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്സിന് ‍ഡ്ര​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ജപ്പാൻ കമ്പനിയായ തകെഡ ബയോഫാർമസ്യൂട്ടിക്കൽസ് നിർമിച്ച QDENGA (TAK-003) എന്ന വാക്സിനാണ് അനുമതി നൽകിയിരിക്കുന്നത്. 2027ന്റെ ആദ്യ പകുതിയോടെ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്യുക

QDENGA ക്ക് ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങളെ (DENV-1, DENV-2, DENV-3 and DENV-4) പ്രതിരോധിക്കാൻ ശേഷിയുണ്ട്. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്സിൻ നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന (Pre-vaccination Screening) ആവശ്യമില്ല. യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെ നാൽപ്പതോളം രാജ്യങ്ങളിൽ ഇതിനോടകം വാക്സിന് അനുമതി ലഭിച്ചിട്ടുണ്ട്.

മൂന്ന് മാസത്തിന്റെ ഇടവേളയിൽ 0.5 മില്ലിലിറ്റർ വീതമുള്ള 2 ഡോസ് കുത്തിവെയ്പ്പ് രൂപത്തിലായിരിക്കും വാക്സിൻ നൽകുന്നത്. നാല് മുതൽ 60 വയസ് വരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഈ വാക്സിൻ ഉപയോഗിക്കാം. ഡെങ്കിപ്പനി വ്യാപകമായ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 20,000 കുട്ടികളിലും മുതിർന്നവരിലും നാലര വർഷം നീണ്ട പരീക്ഷണത്തിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾക്കെതിരെ വാക്സിൻ 84 ശതമാനം സംരക്ഷണം നൽകുന്നതായി കണ്ടെത്തി.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ഫാർമ കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിലെ നിർമാണം. 2030 ആകുമ്പോഴേക്കും പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിൽ ബയോളജിക്കൽ ഇയുടെ സഹായത്തോടെ 5 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

ലോകത്തിലെ ഡെങ്കിപ്പനി കേസുകളിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് വിലയിരുത്തൽ. നഗരവത്കരണം, കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വ്യാപനം എന്നിവ ഡെങ്കിപ്പനി വ്യാപനത്തിന് പ്രധാന കാരണങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഈ വാക്സിൻ പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ. ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തിട്ടുണ്ട്.

വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന വാക്സിനായി ഇത് അംഗീകരിക്കപ്പെടുകയും യൂനിസെഫ് പോലുള്ള അന്താരാഷ്‌ട്ര ഏജൻസികൾക്ക് വാങ്ങാൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.