by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭായോഗം. 2024-2025 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണ്ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 552 സ്‌കൂളുകളില്‍ 915 അധിക തസ്തികകള്‍ അനുവദിച്ചു. 658 എയ്ഡഡ് സ്‌കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്.
1.10.2024 തീയതി പ്രാബല്യത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക തസ്തികകളില്‍ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താന്‍ പാടുള്ളൂ. എയ്ഡഡ് സ്‌കൂളുകളിലെ അധികതസ്തികകളില്‍, കെ.ഇ.ആര്‍ അധ്യായം തതക ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്‌കൂളുകളില്‍ ഈ തസ്തികയില്‍ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസര്‍ /ട്രഷറി/സ്പാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തേണ്ടതാണ്.
മറ്റ് തീരുമാനങ്ങള്‍
നവകേരള സദസ്സ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍
നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.
നിയമനം
35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്‌ബിയിൽ വെങ്കലമെഡൽ നേടിയ ഹരിശ്രീ എം. ന് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിൻ്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.
ഹോംകോയിൽ ERP Software പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് താല്ക്കാലികമായി തസ്തിക സൃഷ്ടിച്ച് 2 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.
ശുപാര്‍ശകള്‍ അംഗീരിച്ചു
പൊലീസ് വകുപ്പിലെ പര്‍ച്ചേസ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീരിച്ചു.
ടെണ്ടര്‍ അംഗീകരിച്ചു
തിരുവനന്തപുരം ജില്ലയിലെ “Attingal – Improvements to Manamboor NH -Kavalayoor – Kulamuttom road with BM & BC 0/000 to 4/800 and 0/000 to 1/400 എന്ന പ്രവൃത്തിക്കുള്ള 4,14,94,245 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെയുള്ള പാറക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 11,19,86,861 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
തുടര്‍ച്ചാനുമതി
തിരുവനന്തപുരം, കൊല്ലം, അമ്പലപ്പുഴ, കോട്ടയം, നെടുങ്കണ്ടം, കൊച്ചി, കണയന്നൂർ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നീ 11 സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 221 താല്കാലിക തസ്തികകളും, നെടുമങ്ങാട്, നെയ്യാറ്റിൻ കര, പത്തനംതിട്ട, പാല, അമ്പലവയൽ, വടകര, കാസർഗോഡ്, ആലുവ എന്നീ 8 തഹസിൽദാർ റവന്യൂ റിക്കവറി ഓഫീസുകളിലെ 167 താല്കാലിക തസ്തികകളും; ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റിസർച്ച് & ഡവലപ്മെന്റ്റ് വിഭാഗത്തിലെ 5 താല്ക്കാലിക തസ്തികകളും നൈറ്റ് വാച്ച്‌മാൻ 4 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 397 താല്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകും.
ലാൻഡ് റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന എല്ലാ ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്കാലിക തസ്തികകളും ആലപ്പുഴ, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലാ കളക്ടറേറ്റുകളിലെ ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 217 താല്‍ക്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ തുടർച്ചാനുമതി നൽകും. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.
സാധൂകരിച്ചു
ക്ഷീര വികസന വകുപ്പിന് കീഴിലുള്ള വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിലെ 14 സീനിയര്‍ കാഷ്വല്‍ തൊഴിലാളികളെ പുനരധിവാസത്തിനായി സ്ഥിരപ്പെടുത്തിയ നടപടി സാധൂകരിച്ചു.
യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും
വിഴിഞ്ഞം ഹാർബർ ഏരിയ ഗവ.എൽ.പി.സ്കൂൾ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നതിൻ്റെ അടിസ്ഥാനത്തിലും വിദ്യാലയത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ തുടർപഠനത്തിനായി മറ്റുവിദ്യാലയങ്ങൾ നിലവിലില്ല എന്ന വസ്തുത പരിഗണിച്ചും അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആവശ്യകത പുനർവിന്യാസം വഴി നിറവേറ്റണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.
തസ്തിക പരിവര്‍ത്തനം
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള 21 ഡഫേദാര്‍ തസ്തികകള്‍ ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകളാക്കി പരിവര്‍ത്തനം ചെയ്യും. നിലവില്‍ ഡഫേദാര്‍ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന 8 പേര്‍ക്ക് ശമ്പളം സംരക്ഷിച്ചു നല്‍കും.
വിരമിക്കല്‍ പ്രായം ഉയര്‍ത്തി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്വയംഭരണ ഗ്രാന്റ്-ഇൻ-എയ്‌ഡ് സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റ്ലി ചലഞ്ച്‌ഡ് (എസ്.ഐ.എം.സി) സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്നും 58 വയസ്സായി ഉയർത്തും.
സി കണ്ണന്‍ സ്മാരക പ്രതിമ
കണ്ണൂര്‍ ജില്ലയില്‍ കാനത്തൂറില്‍ ഫയര്‍ ആന്‍റ് റസ്ക്യു വകുപ്പിന്‍റെ കൈവശമുള്ള 3 സെന്‍റ് അന്തരിച്ച സി കണ്ണന്‍റെ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ ബീഡി തൊഴിലാളി യൂണിയന് പാട്ടത്തുക ഇളവ് ചെയ്ത് 10 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.
പുനര്‍നിയമനം
വനിത വികസന കോര്‍പ്പറേഷനില്‍ മാനേജിങ്ങ് ഡയറക്ടറായ വി സി ബിന്ദുവിന് പുനര്‍നിയമനം നല്‍കും.
ഹൈക്കോടതി ഗവ.പ്ലീഡറായ അഡ്വ. എം രാജീവിന് പുനര്‍നിയമനം നല്‍കും.
വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി
ഹൈക്കോടതിയിലെ കണ്ടം ചെയ്ത 14 വാഹനങ്ങൾക്ക് പകരമായി 5 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.
by Midhun HP News | May 28, 2025 | Latest News, കേരളം
കട്ടപ്പന: കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍(lift accident) പെട്ട് സ്വര്‍ണ വ്യാപാരി മരിച്ചു. പവിത്ര ഗോള്‍ഡ് എം.ഡി സണ്ണി ഫ്രാന്‍സിസ് (64)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ജ്വല്ലറിയുടെ സമീപത്തുള്ള ലിഫ്റ്റ് തകരായിലായതാണ് അപകടത്തിനിടയാക്കിയത്.
തകരാറിലായ ലിഫ്റ്റ് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
അപകടം അറിഞ്ഞെത്തിയ ജീവനക്കാര്‍ എത്ര ശ്രമിച്ചിട്ടും ലിഫ്റ്റ് തുറന്ന് സണ്ണിയെ പുറത്തെടുക്കാനായില്ല. പിന്നീട് കട്ടപ്പനയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. കട്ടപ്പന പവിത്ര ജ്വല്ലറി, പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജ്വല്ലറി സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു. കട്ടപ്പന പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ്‌സി എല്‍സ 3 (MSC Elsa 3) എന്ന കപ്പലുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്ന് വിദഗ്ധര്‍. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുക്കുന്ന നടപടികളും സമയാസമയം ജനങ്ങളെ അറിയിക്കുന്നത് ഗുണം ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ സഹായിക്കും എന്ന് യുഎന്‍ഇപി ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കപ്പലുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരിചയം ഉള്ള അനവധി മലയാളികള്‍ ദുബായിലും സിംഗപ്പൂരും ലണ്ടനിലും ഒക്കെ ജോലി ചെയ്യുന്നുണ്ട്. റിട്ടയര്‍ ചെയ്തു കേരളത്തില്‍ ഉള്ളവരും ഉണ്ടാകും. ഇവരൊക്കെ കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അറിവും കഴിവും ഉള്ളവരാണ്. ഇങ്ങനെ ഉള്ളവരുടെ സേവനം ഉപയോഗിക്കണം. ഇതിന് പുറമെ, കടലില്‍ ഉണ്ടാകുന്ന ഇത്തരം അപകട സാഹചര്യങ്ങളില്‍ ആമയോ മല്‍സ്യമോ ചത്ത് കരക്ക് അടിയുന്ന പോലുള്ള സാധാരണ സംഭവങ്ങള്‍ പോലും ഓയില്‍ / കെമിക്കല്‍ സ്പില്ലുമായി ‘ഉടന്‍ ബന്ധിപ്പിക്കാന്‍’ മാധ്യമങ്ങളും വിദഗ്ദ്ധരും മുന്നോട്ടു വരും. ഇത്തരം സാഹചര്യങ്ങളെ ശാസ്ത്രീയമായി മാത്രം കൈകാര്യം ചെയ്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ കപ്പലപകടവും അതുണ്ടാക്കുന്ന പ്രതിസന്ധിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സംബന്ധിച്ചും വിശദമായ കുറിപ്പില്‍ മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.
കേരള തീരത്തെ കപ്പലപകടം
വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് കണ്ടെയ്നറുകള്‍ കയറ്റിവന്ന Elsa 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ടു മുങ്ങുകയും കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോവുകയും ചെയ്ത സംഭവം ഉണ്ടായ ദിവസം മുതല്‍ ശ്രദ്ധിക്കുന്നു.
ദുരന്ത നിവാരണരംഗത്തേക്ക് ഞാന്‍ കടന്നുവന്നത് ഇതുപോലൊരു കപ്പലപകടം കൈകാര്യം ചെയ്തുകൊണ്ടാണ്. അന്ന് ഒരു ഓയില്‍ ടാങ്കര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. ഒരുപാട് അസംസ്‌കൃത എണ്ണയാണ് അന്ന് കടലില്‍ പരന്നത്. അതിന് ശേഷം യുക്രൈന്‍ മുതല്‍ ശ്രീലങ്ക വരെ ലോകത്തുണ്ടായ മിക്കവാറും ഓയില്‍ സ്പില്ലുകള്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം എനിക്ക് ഉണ്ടായിട്ടുണ്ട്. യെമെനിലെപ്പോലെ ഓയില്‍ സ്പില്‍ ഉണ്ടാകുമായിരുന്ന സാഹചര്യം ഒഴിവാക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ
കേരളത്തില്‍ അപകട സാഹചര്യം ഉണ്ടായപ്പോള്‍ മുതല്‍ കേരള ഡിസാസ്റ്റര്‍ മാനേജമെന്റ് അതോറിറ്റിയുമായി നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ആളുകളുടെ താല്പര്യം ശ്രദ്ധിച്ചും അതെ സമയം വേണ്ടത്ര പരിചയം ഇല്ലാത്തവര്‍ തെറ്റായ അഭിപ്രായങ്ങള്‍ പറയുന്നത് കൊണ്ടും ചില കാര്യങ്ങള്‍ പറയാം.
2. ലഭ്യമായ ചിത്രങ്ങളില്‍ ആദ്യദിവസം കണ്ടത് ഒരു നേര്‍ത്ത എണ്ണപ്പാട മാത്രമാണ്. വെള്ളിനിറത്തിലുള്ള ഈ പാടയ്ക്ക് 0.04 മൈക്രോമീറ്റര്‍ മാത്രമാണ് കനമുള്ളത് (തലമുടിയുടെ നൂറിലൊന്നിലും താഴെ). നൂറു ലിറ്റര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വെള്ളത്തില്‍ പടര്‍ന്നാല്‍ പോലും ഒരു ചതുരശ്ര കിലോമീറ്ററിനപ്പുറത്ത് ഇത്തരത്തില്‍ എണ്ണപ്പാട ഉണ്ടാകും. ഇത്തരം എണ്ണപ്പാടകളെ കടലില്‍ നിന്നും നീക്കം ചെയ്യുന്നത് സാങ്കേതികമായി എളുപ്പമല്ല. രണ്ടു ദിവസത്തിനുള്ളില്‍ അത് ആവിയായി പോവുകയും ചെയ്യും. ഇതിപ്പോള്‍ കടലില്‍ കാണാനില്ല. കപ്പലിലെ ഇന്ധന ടാങ്കില്‍ ചോര്‍ച്ച ഇതുവരെ ഇല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
3. തല്‍ക്കാലം കണ്ട സ്ഥിതി അനുസരിച്ച് ഇന്ധന എണ്ണയുടെ വലിയ തോതിലുള്ള ചോര്‍ച്ച ഉണ്ടായിട്ടില്ല എന്നത് ആശ്വാസമാണ്, പക്ഷെ കപ്പല്‍ അവിടെ കിടക്കുന്നിടത്തോളം ഇത്തരത്തില്‍ ഒരു ഓയില്‍ സ്പില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കടലിനടിയില്‍ കിടക്കുന്ന കപ്പലില്‍ നിന്ന് പോലും ഇന്ധന എണ്ണ ഊറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ നടത്തണം.
4 . കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോയില്‍ എത്രയെണ്ണം കെട്ടുവിട്ട് കടലിലേക്ക് പോയി, എത്രയെണ്ണം കപ്പലില്‍ തന്നെ ഇപ്പോഴും ഉണ്ട് എന്നതും ഈ കണ്ടൈനറുകളില്‍ എന്തെല്ലാം വസ്തുക്കളായിരുന്നു എന്നതുമാണ് അടുത്ത വിഷയം. 600 ലധികം കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതില്‍ പതിമൂന്ന് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണ് ഉണ്ടായിരുന്നതെന്നാണ് വാര്‍ത്ത. കൂടാതെ ഏറെ പ്ലാസ്റ്റിക് നര്‍ഡിലുകള്‍ (ചെറിയ തരികള്‍) ഉള്ളത് തീരത്ത് എത്തിയിട്ടുണ്ട്.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ രണ്ടും മൂന്നും സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറിയ്ക്. രണ്ടാം സമ്മാനം ഒരു കോടി(vb 207068), മൂന്നാം സമ്മാനം 10 ലക്ഷവും (vb 207548, vg 273186) എന്നി നമ്പറുകളിൽ ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകള്‍ക്കാണ്.
വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില.
by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി: കടവന്ത്രയില്‍ നിന്ന് പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെതിരെ പോക്‌സോ കേസെടുത്ത്പൊലീസ്. തൊടുപുഴയില്‍ സീരിയല്‍ ഷൂട്ടിങ് കാണാനായാണ് കുട്ടി പോയതെന്നാണ് വിവരം. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പോക്‌സോ 7,8 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
സേ പരീക്ഷയ്ക്ക് പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. സന്ധ്യയായതോടെ ഭയം തോന്നിയ കുട്ടി അടുത്ത് കണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചതോടെ ഇയാള്‍ സഹായഹസ്തം നീട്ടി. എന്നാല്‍ തൊടുപുഴയിലെ വീട്ടിലേയ്ക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടി ബഹളം വെച്ചു. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തുന്നത്. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കുട്ടിയും പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തത്.
തൊടുപുഴയ്ക്കടുത്ത് വാഴയ്ക്കാലയില്‍ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയില്‍ നിന്ന് പോയതെന്നാണ് വിവരം. രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാന്‍ പോയ കുട്ടി അത് പൂര്‍ത്തിയാക്കാതെ സ്‌കൂളില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തേണ്ട സമയമായിട്ടും കുട്ടിയെ കാണാത്തതില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
by Midhun HP News | May 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എസ്എഫ്‌ഐഒ ( SFIO ) അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കില്ല എന്നതടക്കമുള്ള വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയിരുന്നു. അത് എന്തുകൊണ്ട് പാലിച്ചില്ലെന്നാണ് കോടതി ആരാഞ്ഞത്. തുടര്‍ന്ന് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്.
നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒയുടെ അഭിഭാഷകര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. ഇതിനിടെ ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് കേസ് ജസ്റ്റിസ് ഗിരീഷ് കട്പാലിയയുടെ ബെഞ്ചിലാണ് എത്തിയത്. ഇതിനിടെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ കേരളത്തിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസ് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഗിരീഷ് കട്പാലിയ കേസ് പരിഗണിക്കുമ്പോള്‍, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് സിഎംആര്‍എല്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വീണ്ടും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വിടുകയായിരുന്നു. സിഎംആര്‍എല്‍ അഭിഭാഷകന്‍ രാവിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുമ്പാകെ ഈ കേസ് മെന്‍ഷന്‍ ചെയ്തപ്പോഴാണ് എസ്എഫ്‌ഐഒ ഉറപ്പ് ലംഘിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
അന്വേഷണം തുടരാമെങ്കിലും ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പരാതി ഫയല്‍ ചെയ്യരുതെന്ന് വാക്കാല്‍ ധാരണയുണ്ടായിരുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം വാക്കാലുള്ള ധാരണകള്‍ രേഖാമൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ കോടതികള്‍ അഭിഭാഷകരുടെ വാക്കുകള്‍ കണക്കിലെടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു.
അന്വേഷണം തുടരാമെങ്കിലും ഈ ഹര്‍ജി പരിഗണിക്കുന്നതുവരെ ഒരു തുടര്‍നടപടിയും ഉണ്ടാകില്ലെന്ന് കോടതിക്ക് ഉറപ്പു നല്‍കിയിട്ടും എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയോട് ചോദിച്ചു. പരാതി ഇപ്പോള്‍ മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരാതിയെക്കുറിച്ചോ ഇപ്പോള്‍ വിഷയത്തെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാല്‍ അത് മറ്റൊരു കോടതിയുടെ പരിഗണനയിലുള്ള നടപടികളെ തടസ്സപ്പെടുത്തുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുകയായിരുന്നു. മാസപ്പടി കേസില്‍ കേരള ഹൈക്കോടതി തുടര്‍നടപടിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുകയാണ്.
Recent Comments