റിയാസും എംബി രാജേഷും തമ്മില്‍ തര്‍ക്കം?, മുഖ്യമന്ത്രി വിട്ടുനിന്നതില്‍ ഊഹാപോഹങ്ങള്‍; നിഷേധിച്ച് പിണറായി

റിയാസും എംബി രാജേഷും തമ്മില്‍ തര്‍ക്കം?, മുഖ്യമന്ത്രി വിട്ടുനിന്നതില്‍ ഊഹാപോഹങ്ങള്‍; നിഷേധിച്ച് പിണറായി

തിരുവനന്തപുരം: 12 സ്മാര്‍ട്ട് റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 16ന് ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ.

ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട് ചെയ്തതുമാണ്. എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത് എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകള്‍ സ്മാര്‍ട്ടായത്. പദ്ധതി കേന്ദ്രത്തിന്റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവില്‍ റോഡ് പണിതപ്പോള്‍ 80 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നായിരുന്നു. നാല്‍പത് കോടി കോര്‍പറേഷനും ചെലവാക്കി. കാര്യം ഇങ്ങനെ ഇരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചതിലെ കടുത്ത വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സ്കൂട്ടറെടുത്തോളൂ പക്ഷേ അതിലെ രേഖകൾ തിരിച്ചുനൽകണമെന്ന് ഉടമയുടെ അഭ്യർത്ഥന; രഹസ്യമായി രേഖകൾ തിരിച്ചു നൽകി കള്ളൻ

സ്കൂട്ടറെടുത്തോളൂ പക്ഷേ അതിലെ രേഖകൾ തിരിച്ചുനൽകണമെന്ന് ഉടമയുടെ അഭ്യർത്ഥന; രഹസ്യമായി രേഖകൾ തിരിച്ചു നൽകി കള്ളൻ

പന്തളം: മോഷ്ടിച്ച സ്കൂട്ടറിലുണ്ടായിരുന്ന വിലപ്പെട്ട രേഖകൾ ഉടമയ്ക്ക് തിരിച്ചു നൽകി കള്ളൻ. സ്കൂട്ടറെടുത്താലും കുഴപ്പമില്ല രേഖകൾ തിരിച്ചു നൽകണമെന്ന് ഉടമ സമൂഹമാധ്യമങ്ങളിലൂടെ കള്ളനോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന കേട്ട കള്ളൻ രഹസ്യമായി ഉടമയുടെ ഹോട്ടലിൽ രേഖകൾവെച്ച് സ്ഥലം വിടുകയായിരുന്നു. പന്തളം കുരമ്പാല ജങ്ഷനിലാണ് അപൂർവ്വ സംഭവം നടന്നത്.

ഈ മാസം ഒന്നിനാണ് കുരമ്പാല കാണിക്കവഞ്ചി ജങ്ഷനിൽ കുടുംബശ്രീ ഹോട്ടൽ നടത്തുന്ന കുറ്റിവിളയിൽ ശ്രീജയുടെ സ്കൂട്ടർ മോഷണം പോയത്. പാൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ഇൻഷുറൻസ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളാണ് സ്കൂട്ടറിനൊപ്പം ശ്രീജക്ക് നഷ്ടമായത്. മോഷ്ടാവ് സ്കൂട്ടറുമായി കടന്നുകളയുന്ന ദൃശ്യങ്ങ‍ൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

സ്കൂട്ടർ നഷ്ടപ്പെട്ടതിനേക്കാൾ ശ്രീജയെ വിഷമത്തിലാക്കിയത് രേഖകൾ നഷ്ടപ്പെട്ടതാണ്. ഇതിനിടെയാണ് രഘു പെരുമ്പുളിക്കൽ എന്ന പൊതുപ്രവർത്തകൻ മുൻകൈയെടുത്ത് കള്ളനോട് സമൂഹമാധ്യമംവഴി അഭ്യർഥന നടത്തുന്നത്. ‘സ്കൂട്ടർ നിങ്ങളെടുത്തോളൂ, ദയവായി അതിലെ രേഖകൾ തിരികെ നൽകണം’ എന്ന ശ്രീജയുടെ ശബ്ദ സന്ദേശം സഹിതമാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

സ്പീഡ് പോസ്റ്റിലോ കൊറിയർ സർവീസിലോ അയച്ചു നൽകണമെന്നായിരുന്നു ശ്രീജ യുടെ അഭ്യർഥന. സ്കൂട്ടർ സ്റ്റാർ ട്ടാക്കാതെ ഉരുട്ടിക്കൊണ്ടുപോകുന്നതും പിന്നീട് ഓടിച്ചുപോകുന്നതുമായ സി.സി.ടി.വി ദൃശ്യത്തിനൊപ്പമായിരുന്നു ശ്രീജയുടെ ശബ്ദസന്ദേശമിട്ടിരുന്നത്.

കനിവുള്ള കള്ളനാണെങ്കിൽ തിരികെ കിട്ടട്ടെ എന്ന് കരുതി പോസ്റ്റ് ചെയ്തതാണെങ്കിലും അത് ലഭിക്കുന്ന പ്രതീക്ഷയെന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ശ്രീജയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം രാവിലെ 5.45-ന് ഹോട്ടലിന്റെ ഷട്ടർ തുറന്നശേഷം വൃത്തിയാക്കാനായി തറയിലെ ചവിട്ടി മാറ്റിയപ്പോഴാണ് രേഖകളടങ്ങിയ ഫയൽ കാണുന്നത്. പരിശോധ നയിൽ തന്റെ ആധാർ കാർഡും വായ്പ വാങ്ങി സൂക്ഷിച്ചിരുന്ന 7500 രൂപയും ഒഴികെ എല്ലാ ഭദ്രമായുണ്ടെന്ന് ശ്രീജ പറയുന്നു.

ഇന്ത്യന്‍ ആണവോര്‍ജ നിലയങ്ങളുടെ ശില്‍പി; ഡോ. എം ആര്‍ ശ്രീനിവാസന്‍ അന്തരിച്ചു

ഇന്ത്യന്‍ ആണവോര്‍ജ നിലയങ്ങളുടെ ശില്‍പി; ഡോ. എം ആര്‍ ശ്രീനിവാസന്‍ അന്തരിച്ചു

ചെന്നൈ: രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന്‍ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നിവീണതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനാണ്. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് 18 ആണവോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. ‘ഫ്രം ഫിഷന്‍ ടു ഫ്യൂഷന്‍-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമിക് എനര്‍ജി പ്രോഗ്രാം’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍ എന്ന എം.ആര്‍. ശ്രീനിവാസന്‍ 1930-ല്‍ ബെംഗളൂരുവിലാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറായ ശ്രീനിവാസന്‍ 1955-ലാണ് ആണവോര്‍ജ വകുപ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഡോ. ഹോമി ജെ. ഭാഭയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ആണവ റിയാക്ടറായ ‘അപ്സര’യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1959-ല്‍ ആണവോര്‍ജ വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനീയറായി നിയമിതനായതോടെ ആണവോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു.

1967-ല്‍ മദ്രാസ് ആറ്റമിക് പവര്‍ സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശ്രീനിവാസന്‍ 1987-ലാണ് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാനും ആണവോര്‍ജ വകുപ്പ് സെക്രട്ടറിയുമാകുന്നത്. ഭാര്യ: ഗീത മക്കള്‍: ശാരദ ശ്രീനിവാസന്‍, രഘുവീര്‍. മരുമക്കള്‍: സത്തു, ദ്വിഗ്വിജ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് വെല്ലിങ്ടണില്‍.

തടവുകാരിയെ ഹോട്ടലില്‍ താമസിപ്പിച്ചു, സിനിമയില്‍ അഭിനയിക്കാന്‍ പോയി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തടവുകാരിയെ ഹോട്ടലില്‍ താമസിപ്പിച്ചു, സിനിമയില്‍ അഭിനയിക്കാന്‍ പോയി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് അവധിയെടുത്തശേഷം എസ്‌ഐ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്.

കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോകവെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം എസ്‌ഐ ഡല്‍ഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം എസ്‌ഐ മടങ്ങിയതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

മടക്കയാത്രയ്ക്ക് പൊലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഷെഫിനൊപ്പംപോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

കെട്ടുകഥകൾക്കപ്പുറം യാഥാർഥ്യമായി കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം

കെട്ടുകഥകൾക്കപ്പുറം യാഥാർഥ്യമായി കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം

കായംകുളം കൊച്ചുണ്ണി മരിച്ച് 150 വർഷങ്ങൾക്ക് ശേഷം, റോബിൻ ഹുഡിന് തുല്യനായി പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്ന, കേരളത്തിലെ ഇതിഹാസ തസ്‌ക്കരന്, ഒടുവിൽ ജന്മനാട്ടിൽ സ്മാരകം. കായംകുളത്തെ തടാകക്കരയിലെ ഓഡിറ്റോറിയത്തിന് ഇപ്പോൾ ഔദ്യോഗികമായി ‘കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം’ എന്ന് നാമകരണം ചെയ്തു, ഒരുകാലത്ത് ഈ ഭാഗങ്ങളിൽ ഒരു നല്ല കള്ളനായി ചുറ്റി സഞ്ചരിച്ച മനുഷ്യനെ ആദ്യമായി ഔദ്യോഗികമായി അംഗീകരിക്കുന്ന ദിവസമാണിത്.

സമ്പന്നരെ കൊള്ളയടിക്കുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനും പേരുകേട്ട കൊച്ചുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്യൂഡൽ ഭൂവുടമകൾക്കെതിരായ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിലെ നാടോടിക്കഥകളിലെ നായകനാണ്. വീരഗാഥകളും നാടോടിക്കഥകളും ഉൾപ്പെടെയുള്ള ജനപ്രിയ സംസ്കാരത്തിൽ അദ്ദേഹത്തിന് ഐതിഹാസിക സ്ഥാനം ഉണ്ടായിരുന്നിട്ടും, ഇതുവരെ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു സ്മാരകമെവിടെയും സ്ഥാപിച്ചിരുന്നില്ല.

കായംകുളം എംഎൽഎ, യു പ്രതിഭയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 65 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയത്തിന്റെ നവീകരണം നടത്തിയത്.

“പുതുക്കിയ സ്ഥലത്തിന് കൊച്ചുണ്ണിയുടെ പേര് നൽകാനുള്ള തീരുമാനത്തിന് വ്യാപകമായ പൊതുജന അംഗീകാരം ലഭിച്ചു, കെട്ടുകഥകൾക്കും കഥകൾക്കും അതീതമായി അദ്ദേഹം അംഗീകാരം അർഹിക്കുന്നു,” പ്രതിഭ ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിനോട് പറഞ്ഞു.

വേഷപ്രച്ഛന്നനാകൽ, മാജിക്, ആയോധനകലകൾ എന്നിവയിലെ പ്രാവീണ്യം കാരണം കൊച്ചുണ്ണിയുടെ സാഹസികതകൾ നിയന്ത്രിക്കാൻ പ്രയാസകരമായിരുന്നു, ഒടുവിൽ വഞ്ചനയിലൂടെയാണ് അദ്ദേഹം പിടിക്കപ്പെട്ടത്. 1859-ൽ 41-ാം വയസ്സിൽ അദ്ദേഹം ജയിലിൽ വച്ച് മരിച്ചു. തിരുവനന്തപുരത്തെ പേട്ട ജുമാ മസ്ജിദിൽ അദ്ദേഹത്തെ സംസ്‌കരിച്ചതായി പ്രാദേശിക ഐതിഹ്യം പറയുന്നു. കോഴഞ്ചേരിക്കടുത്തുള്ള ഇടപ്പാറ മലദേവർ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം കൊച്ചുണ്ണി എന്ന മുസ്ലീമിനെ പ്രതിനിധീകരിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു, ഇത് വിവിധ സമൂഹങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക സമന്വയത്തെ കൂടുതൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം എം.എൽ.എ സോഷ്യൽ മീഡിയയിൽ ഈ ആശയം മുന്നോട്ടുവച്ചതോടെ സ്മാരകത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. “തുടർന്നുണ്ടായ ശക്തമായ പൊതുജന പിന്തുണ പദ്ധതി വേഗത്തിലാക്കാൻ സഹായിച്ചു, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിൽ ഒരാളെ ഓർമ്മിക്കാൻ ഒടുവിൽ നഗരം ഒരു സ്ഥലം നൽകി,” പ്രതിഭ പറഞ്ഞു.

ഓപ്പൺ എയർ സ്റ്റേജുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഡിറ്റോറിയം വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എംഎൽഎ സി കെ സദാശിവൻ നിർമ്മിച്ചതാണ്, ഒരേ സമയം ഏകദേശം 1,500 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയമാണിത്.
അതേസമയം, അംഗീകാരത്തിന്റെ വൈകിയ സ്വഭാവം പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു.

നീതിക്ക് വേണ്ടി നിലകൊണ്ട ഒരു വ്യക്തിയെ അധികാരികൾ വളരെക്കാലം അവഗണിച്ചതിലെ വിരോധാഭാസത്തെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കൊച്ചുണ്ണിയുടെ മൂല്യങ്ങളിൽ നിന്ന് ആധുനിക നേതാക്കൾ പ്രചോദനം ഉൾക്കൊണ്ടിരുന്നെങ്കിൽ, സമൂഹം കൂടുതൽ നീതിയിലേക്ക് നീങ്ങിയേക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

കായംകുളത്തെ ജനങ്ങൾക്കും കേരളത്തിലുടനീളമുള്ള ആരാധകർക്കും, പുതിയ സ്മാരകം ഒരു ഇതിഹാസ പുരുഷനുള്ള ആദരാഞ്ജലി മാത്രമല്ല, മറിച്ച് നീതിയുടെയും ധൈര്യത്തിന്റെയും വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കഥകളുടെയും ശാശ്വത ശക്തിയുടെയും പ്രതീകമാണ്. കഴിഞ്ഞ ആഴ്ച എംഎൽഎ പ്രതിഭ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. കായംകുളം മുനിസിപ്പൽ ചെയർപേഴ്‌സൺ പി.ശശികലയും ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി 11മണിയോടെയാണ് ഇരുവരെയും ലഹരി സംഘം ആക്രമിച്ചത്. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.