ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം.

അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്. ഇവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. കൊലപാതകത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും, പ്രായം പരിഗണിക്കണമെന്നും ശിക്ഷയിന്മേലുള്ള വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച ഇല്ലാത്ത വൃദ്ധയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. പ്രതിക്ക് ഒരു മാനസാന്തരവുമില്ല. പ്രതി വീണ്ടും പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍, സാത്താന്‍ ആരാധന തുടങ്ങിയവയെല്ലാം കെട്ടിച്ചമച്ച കഥയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ലെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.

2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു.

തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. 2024 നവംബർ 13നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ്‌ ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ആളുകളെ വെട്ടിക്കൊല്ലുന്നത്‌ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ്‌ കേഡലിനെതിരെ ചുമത്തിയിരുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്, 93.66 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്, 93.66 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയശതമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

പന്ത്രണ്ടാം ക്ലാസിന് സമാനമായി പത്താം ക്ലാസിലും പെണ്‍കുട്ടികള്‍ തന്നെയാണ് തിളങ്ങിയത്. വിജയശതമാനത്തില്‍ 2.37 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95 ശതമാനം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം കണ്ടതായും സിബിഎസ്ഇ അറിയിച്ചു.

മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 99.79 ശതമാനമാണ് വിജയം. വിജയവാഡയാണ് തൊട്ടുപിന്നില്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയവാഡയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി ചെസ് മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി ചെസ് മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ചെസ് മത്സരത്തിൻ്റെ സമാപന സമ്മേളനം ടൗൺ യു പി സ്കൂളിൽ വച്ച് ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണു ഉദ്ഘാടനം ചെയ്തു.

സർഗ്ഗ സെക്രട്ടറി സുരേഷ് ബാബു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സർഗ്ഗ പ്രസിഡൻ്റ് ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു. ആറ്റിങ്ങൽ അമർ ആശുപത്രി എം.ഡി ഡോ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണം നേടിയ ദിവി ബിജേഷ്, ഐ.എഫ് എസ് നേടിയ ബി.എൻ.നാഗരാജ്, ചെസ് മാസ്റ്റർ പി. ആർ. ജയചന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചെസ് മത്സരത്തിലെ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ എത്തിയവർക്ക് അപർണ്ണ നന്ദി പറഞ്ഞു.

പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ അറിയിച്ചു. മദ്യം നല്‍കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി. അമൃത്സറിലെ മജിതയിലാണ് സംഭവം. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും വിതരണക്കാരെ അറസ്റ്റ് ചെയ്തതായും അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്‌നി പറഞ്ഞു.

‘മജിതയില്‍ ഒരു നിര്‍ഭാഗ്യകരമായ ദുരന്തം സംഭവിച്ചു. ഇന്നലെ രാത്രിയില്‍ 5 ഗ്രാമങ്ങളില്‍ നിന്ന് മദ്യം കഴിച്ചവരുടെ നില ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടീമുകളെ ഉടന്‍ തന്നെ അയച്ചു. ഞങ്ങളുടെ മെഡിക്കല്‍ ടീമുകള്‍ ഇപ്പോഴും വീടുതോറും കയറിയിറങ്ങുന്നുണ്ട്. ആളുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഇതുവരെ 14 പേര്‍ മരിച്ചു. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നു.വിതരണക്കാരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടക്കുന്നു’- സാക്ഷി സാവ്‌നി പറഞ്ഞു

ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം വന്നു; റെക്കോര്‍ഡ് വേഗത്തില്‍ എംജി സര്‍വകലാശാല

ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം വന്നു; റെക്കോര്‍ഡ് വേഗത്തില്‍ എംജി സര്‍വകലാശാല

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.

ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി സര്‍വകലാശാലയാണ്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ ഏഴാംതീയതി അവസാനിച്ചു.

ഒന്‍പതാം തീയതിയാണ് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകള്‍ പൂര്‍ത്തിയായത്.കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്‌സ് പറഞ്ഞു.

2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024-ല്‍ പത്താംദിവസവും സര്‍വകലാശാല അവസാനവര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാംസെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാംദിവസം പ്രസിദ്ധീകരിച്ചിരുന്നു.ആറാംസെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പുനടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് അറിയിച്ചു.

മൂല്യനിര്‍ണയം ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകര്‍, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.പരീക്ഷാഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in) ലഭിക്കും.

മന്ത്രി ആര്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണ്.

ഈ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സര്‍വ്വകലാശാലയായും എം.ജി മാറിയിരിക്കുന്നു. അഭിമാനകരമായ മികവ്.

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിര്‍ണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകളും പൂര്‍ത്തിയാക്കി. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവര്‍ത്തനം – റെക്കോര്‍ഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃക.

2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ല്‍ പത്താം ദിവസവും സര്‍വ്വകലാശാല അവസാന വര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സര്‍വ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്‌കരണ സംരംഭങ്ങളില്‍ തോളോടുതോള്‍ നിന്നിരുന്നു.

മൂല്യനിര്‍ണ്ണയ ജോലികള്‍ ചിട്ടയായി പൂര്‍ത്തിയാക്കിയ അധ്യാപകരെ, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവരെ, ജീവനക്കാരെ, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളെ, സര്‍വ്വകലാശാലാ നേതൃത്വത്തെയാകെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അനുമോദനങ്ങള്‍ അറിയിക്കട്ടെ.

ഏവര്‍ക്കും സ്‌നേഹാശ്ലേഷം.