തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മി പരിധിയിൽ റെഡ് സോൺ, ന​ഗരത്തിലും നിയന്ത്രണം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മി പരിധിയിൽ റെഡ് സോൺ, ന​ഗരത്തിലും നിയന്ത്രണം

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. തലസ്ഥാന ന​ഗരത്തിൽ പ്രധാന പ്രദേശങ്ങളും നോ ഡ്രോൺ സോൺ ആയും പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

രാജ്ഭവൻ, നിയമസഭ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാർബർ, വിഎസ്എസ്‍സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇന്റർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽപിഎസ്‍സി/ ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേൺ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെക്നോപാർക്ക് ഫെയ്സ് 1, 2, 3, റഡാർ സ്റ്റേഷൻ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ‍്, മിലിട്ടറി ക്യാംപ് പാങ്ങോട്, രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ​ജ​ഗതി, ശ്രപത്മനാഭ സ്വാമി ക്ഷേത്രം, പൊലീസ് ഹെഡ് ക്വാട്ടേഴ്സ് തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

റെഡ് സോൺ മേഖലകളും ഡ്രോൺ ഒരു കാരണവശാലും പറത്താൻ പാടില്ല. മറ്റ് മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളു. അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

കണ്ടെത്തിയത് മണല്‍പ്പരപ്പില്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; ദുരൂഹത

കണ്ടെത്തിയത് മണല്‍പ്പരപ്പില്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; ദുരൂഹത

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കിട്ടിയത്.

എന്നാല്‍ സ്‌ട്രോങ് റൂമിലെ സ്വര്‍ണം മണലില്‍ വന്നതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുന്നു. വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്.ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.

സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

കേരളത്തിലോടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി റെയില്‍വേ. ലൂപ്പ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് റെയില്‍വെയുടെ തീരുമാനം. ഈ സാങ്കേതിക നവീകരണം സെപ്തംബറോടെ പൂര്‍ത്തിയാകും. 31 സ്‌റ്റേഷനുകളില്‍ ഇതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിലവിലെ ശരാശരി വേഗത മണിക്കൂറില്‍ 80 കിലോ മീറ്ററാണ്.

എന്താണ് ലൂപ് ലൈന്‍?

പ്രധാന പാളത്തില്‍നിന്ന് സ്‌റ്റേഷനിലേക്ക് തിരിഞ്ഞ് കയറുന്ന പാതയാണ് ലൂപ്പ് ലൈന്‍. ലൂപ്പ് ലൈന്‍ പ്രധാനമായും സ്റ്റേഷന്‍ അധികാര പരിധിയിലാണ് ലഭ്യമാകുന്നത്. ഒറ്റവരി പാതയില്‍ എതിര്‍ ദിശയില്‍ ഓടുന്ന രണ്ട് ട്രെയിനുകളെ മുറിച്ച് കടക്കാനും ഇത് ഉപയോഗിക്കുന്നു.പ്രധാന ലൈനില്‍ നിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകള്‍ കടത്തിവിടുന്ന കറന്റ് സ്വിച്ചുകള്‍ കട്ടിയുള്ള വെബ് സ്വിച്ചുകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കും. ഇതിലൂടെ ലൂപ്പ് ലൈനുകളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് ഓടാനും പ്രധാന ലൈനുകളിലേക്ക് തിരികെ പോകാനും കഴിയും. ട്രാക്ക്, റോളിങ് സ്‌റ്റോക്ക്, സിഗ്നലിംഗ്‌സ ട്രാഫിക് സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് റെയിലുകള്‍ 60 കിലോഗ്രാം വിഭാഗത്തിലേക്ക് ഉയര്‍ത്തല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂര്‍ത്തിയായി.

തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടെ വലിയ സ്റ്റേഷനുകളില്‍ പ്രധാന പ്ലാറ്റ്‌ഫോമുകള്‍ പ്രധാന പാതകളുടെതന്നെ ഭാഗമാണ്. കായംകുളം, മാവേലിക്കര, ഓച്ചിറ, വര്‍ക്കല, കഴക്കൂട്ടം തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ ലൂപ് ലൈനിലൂടെയാണ് പ്രധാന പ്ലാറ്റ്‌ഫോമില്‍ എത്തുക. പല സ്‌റ്റേഷനുകളിലും പാത ഇരട്ടിപ്പിക്കലോടെ പ്രധാന പ്ലാറ്റ്‌ഫോം ലൂപ് ലൈനിലേക്ക് മാറ്റിക്കഴിഞ്ഞു.

വടകരയില്‍ വന്‍ വാഹനാപകടം; നാല് മരണം

വടകരയില്‍ വന്‍ വാഹനാപകടം; നാല് മരണം

കോഴിക്കോട്: വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും ഇതേ ദിശയിലേക്ക് പോയിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ആണ് ടെംപോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മുന്ന് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, രഞ്ജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ മറ്റൊരു പുരുഷനാണ് ഗുരുതരമായി പരിക്കേറ്റ വ്യക്തി.

ദേശീയ പാതയുടെ പണി പൂര്‍ത്തിയായ ഭാഗത്താണ് അപകടം. പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ദേശീയ പാതയിലേക്ക് തിരിഞ്ഞ കാറില്‍ വേഗത്തിലെത്തിയ ടെംപോ ട്രാവലര്‍ ഇടിച്ചു കയറുകയറുകയായിരുന്നു. ട്രാവലറില്‍ സഞ്ചരിച്ച എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ എല്ലാവരും വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിപ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, ഇപ്പോഴും തുടരുന്നുവെന്ന് വ്യോമസേന

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, ഇപ്പോഴും തുടരുന്നുവെന്ന് വ്യോമസേന

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്. വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കും. ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വ്യോമസേന എക്‌സിലൂടെ അഭ്യര്‍ത്ഥിച്ചു.

‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും, രഹസ്യസ്വഭാവത്തോടെയും, വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് വ്യോമസേന ചുമതലകള്‍ പൂര്‍ത്തിയാക്കിയത്. ട്വീറ്റില്‍ വിശദമാക്കുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിലിരിക്കെയാണ് വ്യോമസേനയുടെ പ്രതികരണം. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങള്‍ യോഗം വിലയിരുത്തി.

കല്ലമ്പലം നാവായിക്കുളത്ത് മരം ഒടിഞ്ഞ് ദേഹത്ത് വീണ്‌ 8 വയസുകാരിയ്ക്ക് ദാരുണാന്ത്യം; അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ

കല്ലമ്പലം നാവായിക്കുളത്ത് മരം ഒടിഞ്ഞ് ദേഹത്ത് വീണ്‌ 8 വയസുകാരിയ്ക്ക് ദാരുണാന്ത്യം; അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ

കല്ലമ്പലം നാവായിക്കുളം കുടവൂർ ലക്ഷംവീട് കോളനിയിൽ മരം ഒടിഞ്ഞ് ദേഹത്ത് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം, അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ. നാവായിക്കുളം കുടവൂർ ലക്ഷം കോളനിയിൽ എൻ. എൻ. ബി ഹൗസിൽ സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

ഒന്നര വയസായ അനുജൻ വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. ഇതിനോടകം മരം റിസ്‌വാനയുടെ ദേഹത്ത് വീണിരുന്നു. അനുജൻ അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ കെ ടി സി ടി ആശൂപത്രിയിലും തുടർന്ന് എസ് എ ടി യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പേരൂര്‍ എംഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റുക്‌സാന.