മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു; സ്‌കീസോഫ്രീനിയ ഉണ്ടെന്നു വരുത്താന്‍ ശ്രമം; സന്ദീപിന്റെ വാദം തന്ത്രപൂര്‍വം പൊളിച്ച് പ്രോസിക്യൂഷന്‍

മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു; സ്‌കീസോഫ്രീനിയ ഉണ്ടെന്നു വരുത്താന്‍ ശ്രമം; സന്ദീപിന്റെ വാദം തന്ത്രപൂര്‍വം പൊളിച്ച് പ്രോസിക്യൂഷന്‍

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം കോടതിയില്‍ അതിസമര്‍ത്ഥമായി പൊളിച്ച് പ്രോസിക്യൂഷന്‍. പ്രതിക്ക് മാനസിക വൈകല്യം ഇല്ല എന്ന് തെളിയിച്ചു. മാത്രമല്ല, പ്രതി സന്ദീപിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസനയുണ്ടെന്ന് കൂടി കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നത്.

പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റകൃത്യങ്ങളെല്ലാം കോടതിയില്‍ തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ പറഞ്ഞു. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷം, തനിക്ക് അനുകൂലമായ തെളിവ് ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വളരെ ബ്രില്യന്റ് ആയി ഒരു പ്ലോട്ട് ഉണ്ടാക്കിയെടുക്കുകയാണ് പ്രതിയായ സന്ദീപ് ചെയ്തത്.

ഇത്തരമൊരു കുറ്റകൃത്യം നടന്നു കഴിഞ്ഞപ്പോള്‍, സ്വാഭാവികമായും പരിക്കുപറ്റിയ ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ, വിദ്യാസമ്പന്നനായ പ്രതി രക്ഷപ്പെടാനായി, മാനസിക വൈകല്യം ഉണ്ടെന്ന് വരുത്തിതീര്‍ക്കുവാനാണ് ശ്രമിച്ചത്. ഇതിനായി ജയിലിലെ ലൈബ്രറിയില്‍ നിന്നും മനശ്ശാസ്ത്ര പുസ്തകങ്ങള്‍ എടുത്തു വായിച്ചു പഠിച്ചു. തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്ന മെഡിക്കല്‍ കോളജിലെ വിദഗ്ധരായ സൈക്യാട്രി ഡോക്ടര്‍മാരെ കബളിപ്പിക്കാനും, മിസ് ലീഡു ചെയ്യാനും ഉതകുന്ന തരത്തില്‍ മറുപടികള്‍ നല്‍കി.

കൂടാതെ സ്‌കീസോഫ്രേനിയ പ്രതിക്ക് ഉണ്ട് എന്നുള്ള തരത്തിലേക്ക് വരുത്തുവാന്‍ വേണ്ടിയുള്ള പരമാവധി ശ്രമമാണ് പ്രതിഭാഗം നടത്തിയത്. എന്നാല്‍ പ്രതി നടത്തിയ എല്ലാ ശ്രമങ്ങളും, തെളിവുണ്ടാക്കാന്‍ വേണ്ടി നടത്തിയ കപടമായ ശ്രമങ്ങള്‍ മാത്രമാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. അതിന്റെ ഫലമാണ് പ്രതി കുറ്റക്കാരനാണെന്നും, മാനസിക വൈകല്യമില്ലെന്നുമുള്ള കോടതി വിധി വ്യക്തമാക്കുന്നത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ, സന്ദീപിന് മാനസിക വൈകല്യം ഉണ്ടെന്ന തര്‍ക്കം ഉന്നയിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് മൂന്നാം ദിവസം തന്നെ തിരുവനന്തപുരത്തെ ഡോക്ടര്‍ അരുണ്‍ എന്ന സൈക്യാട്രിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നു. ഡോക്ടറുടെ റിപ്പോര്‍ട്ടും മൊഴിയും പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക വിഭ്രാന്തിയും ഇല്ലെന്ന് കണ്ടെത്താനും സാധിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കുറ്റകൃത്യം നടന്ന് ഒമ്പതാം ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സന്ദീപിനെ പരിശോധിച്ചു. പ്രതിക്ക് ഒരു മാനസിക വൈകല്യവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം വീണ്ടും പിറ്റേമാസം പ്രതിയെ വീണ്ടും ഇന്റര്‍വ്യൂ നടത്തി. അപ്പോഴാണ് ജയിലിലെ ലൈബ്രറിയില്‍ നിന്നും മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ച് ഡോക്ടര്‍മാരെ മിസ് ലീഡ് ചെയ്യാന്‍ ശ്രമിച്ചത്.

തനിക്ക് മൂന്നാമതൊരു ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും, തനിക്ക് സ്‌കീസോഫ്രീനിയയുടെ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു സമര്‍ത്ഥിച്ചത്. കോടതിയില്‍ വിചാരണ വേളയില്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സന്ദീപിന്റെ സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ കോടതിയില്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന്റെ തലേദിവസം വരെ പ്രതിക്ക് അത്തരം ഭാവവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ; ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ നോട്ടീസ്

തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ; ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ നോട്ടീസ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസില്‍ എസ്‌ഐടിക്ക് ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി ഇടപെടല്‍. തന്ത്രിക്ക് അനുകൂലമായ വിചാരണ കോടതി പരാമര്‍ശങ്ങള്‍ എസ്‌ഐടിക്ക് വലിയ തിരിച്ചടിയായിരുന്നു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് ആണ് ഇന്ന് പരിഗണിച്ചത്. കണ്ഠരര് രാജീവര്‍ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത ബെഞ്ച് തന്ത്രിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

തന്ത്രിക്കെതിരെ തെളിവില്ലെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ തന്ത്രിക്കെതിരെ തെളിവുണ്ട് എന്നാണ് അപ്പീലില്‍ എസ്‌ഐടിയുടെ അവകാശവാദം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് കണ്ഠരര് രാജീവര്. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം അടക്കം തെളിവായി കൈവശം ഉണ്ടെന്നും എസ്‌ഐടി വാദിക്കുന്നു.

1998ലാണ് ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നത്. അന്ന് താന്ത്രിക സ്ഥാനത്ത് ഉണ്ടായിരുന്നത് തന്ത്രി കണ്ഠരര് രാജീവര് ആണ്. സ്വര്‍ണപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെന്ന് അന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും ചെമ്പ് എന്നെഴുതിയ രേഖയില്‍ തന്ത്രി ഒപ്പിട്ടു. ഇത് ഒരു പ്രധാനപ്പെട്ട തെളിവാണെന്നും എസ്‌ഐടി അപ്പീലില്‍ പറയുന്നു. സ്വര്‍ണപ്പാളികള്‍ അടക്കം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നും തന്ത്രിക്ക് അറിയാമായിരുന്നു.

എന്നിട്ടും പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായി എസ്‌ഐടി ഉന്നയിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ട്. ഇത് പരിഗണിക്കാതെയാണ് വിചാരണക്കോടതിയില്‍ നിന്ന് പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് പ്രധാനമായി എസ്‌ഐടി അപ്പീലില്‍ ആവശ്യപ്പെട്ടത്.

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും.

പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊതുജനസേവകനെ ആക്രമിക്കല്‍, വധഭീഷണി മുഴക്കല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളിലൂടെ തന്നെ പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാനസിക വൈകല്യം ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ എഴുപതിലധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. അധികം വൈകാതെ ഡോക്ടര്‍ വന്ദന മരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വിന്റി 20 സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിലാണ് ട്വന്റി 20 സ്ഥാനാര്‍ഥിയായി മത്സരിക്കുക.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ലഭിച്ച സീറ്റുകളില്‍ സാമൂഹിക, സാസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച ആളുകളെ സ്ഥാനാര്‍ഥികളാക്കി വലിയ നേട്ടം ഉണ്ടാക്കാനാണ് ട്വിന്റി 20 ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള വലിയ നേതാക്കളുടെ പേര് പ്രചാരണ രംഗത്ത് സജീവമാക്കി വോട്ടുറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് ട്വിന്റി 20 കടന്നിരിക്കുന്നത്.

2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി 20 അംഗത്വം എടുത്തിരുന്നു.നേരത്തെ ട്വിന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പദവി വഹിച്ച് വരികയാണ്. വര്‍ഗീസ് ജോര്‍ജ് വരുന്നതോടു കൂടി മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്വിന്റി 20.

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

മണമ്പൂർ ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് മാവിള വിജയൻ അധ്യക്ഷൻ ആയ പൊതുയോഗം സംസ്‌ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സുധീർ ഉദ്ഘാടനം നിർവഹിച്ചു. തിരു. നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ, വൈസ് പ്രസിഡന്റ് മണമ്പൂർ ദിലീപ്, സംസ്‌ഥാന സമിതി അംഗം വക്കം അജിത്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ്, ജനറൽ സെക്രട്ടറി ജീവൻലാൽ എന്നിവർ സംബന്ധിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ് സ്വാഗതവും കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ സോമശേഖരൻ നന്ദിയും അറിയിച്ചു.

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം മനോജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഡ്വക്കേറ്റ്. എം. എം താഹ ആദ്യക്ഷത വഹിച്ചു. സാമൂഹിക രാഷ്രീയകാരും സമൂഹത്തിലെ വിവിധ മേഖലകളിലെ സാധാരണക്കാരും ഇഫ്താർ കൂട്ടായ്മയിൽ പങ്ക് ചേർന്നു.