10,12 പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സിബിഎസ്ഇ

10,12 പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല. റിസള്‍ട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വാര്‍ത്തകളുടെ പിന്നാലെ പോകരുത്. റിസറ്#ട്ട് അടക്കമുള്ള വിവരങ്ങള്‍ അറിയാനായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ ബോര്‍ഡ് നിര്‍ദ്ദേശിച്ചു

10,12 ക്ലാസ്സുകളിലേക്ക് നടന്ന പരീക്ഷയുടെ ഫലം മെയ് മാസം രണ്ടാമത്തെ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 13 നാണ് ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷം 10,12 ക്ലാസ്സുകളിലായി 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയിട്ടുള്ളത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിഷേധ ഓണറേറിയം ഓണ്‍ലൈനായി കൈമാറി

ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിഷേധ ഓണറേറിയം ഓണ്‍ലൈനായി കൈമാറി

തൃശൂര്‍: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായുള്ള വെളിപ്പെടുത്തലിന് പിന്നാലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. തൃശ്ശൂരിലെ ആശമാരുടെ സമരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മല്ലികാ സാരാഭായ് സര്‍ക്കാരിന്റെ വിലക്ക് നീക്കത്തെ തള്ളിയത്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആന്‍സി എന്ന ആശാവര്‍ക്കറുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ പ്രതിഷേധ ഓണറേറിയം എന്ന നിലയില്‍ കൈമാറിയത്.

ആശമാരുടെ പരിപാടിയില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പങ്കെടുക്കുന്നത് വിലക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്. ‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’- എന്നായിരുന്നു മല്ലിക സാരാഭായിയുടെ കുറിച്ച്.

തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടിയില്‍ ആയിരുന്നു മല്ലിക സാരാഭായി ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരം മല്ലികാ സാരാഭായ് നിര്‍വഹിക്കുന്ന നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകരായ സാറ ജോസഫ്, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരും പ്രതിഷേധ ഓണറേറിയം വിതരണ പരിപാടിയില്‍ പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ ഈടാക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ ഈടാക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ ചാര്‍ജ്ജ് ഈടാക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന് അവധി ദിനമായതിനാല്‍ അടുത്ത ദിവസം മുതല്‍ ചാര്‍ജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.

പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എല്ലാ ഒപി കൗണ്ടറുകള്‍ക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോര്‍ഡ് സ്ഥാപിക്കും.അതേസമയം, ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കിയതിന് ശേഷം ഒപി ടിക്കറ്റില്‍ സ്ഥലമില്ലെങ്കില്‍ വീണ്ടും പത്ത് രൂപ നല്‍കി പുതിയ ഒപി ടിക്കറ്റ് എടുക്കേണം. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം. ഒപി ടിക്കറ്റ് ചാര്‍ജ്ജിന്റെ നിരക്ക് നേരത്തെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

‘മെയ്ദിന സമ്മാനം’; ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

‘മെയ്ദിന സമ്മാനം’; ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ്’ നിര്‍ദേശം നല്‍കിയിരുന്നു. മെയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

‘ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മേയ് ദിന സമ്മാനമായി ശമ്പളം. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നത്. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മേയ് ദിനത്തില്‍ കെഎസ്ആര്‍ടിസി.’

ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചാല്‍ പതിനായിരം രൂപ; ബെറ്റില്‍ 21കാരന് ദാരുണാന്ത്യം

ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചാല്‍ പതിനായിരം രൂപ; ബെറ്റില്‍ 21കാരന് ദാരുണാന്ത്യം

ബംഗളൂരു: പതിനായിരം രൂപയ്ക്ക് പന്തയം വച്ചപ്പോള്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. കര്‍ണാടകയിലെ കോലാറിലെ 21കാരനായ കാര്‍ത്തിക്കിനാണ് ജീവന്‍ നഷ്ടമായത്. അതും കുഞ്ഞിപിറന്നതിന്റെ സന്തോഷം മായുന്നതിന് തൊട്ടുമുന്‍പ്. 5 ബോട്ടില്‍ ഡ്രൈ ആയി അടിച്ചാല്‍ പതിനായിരം രൂപയായിരുന്നു ബെറ്റ്. കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി,സുബ്രമണിയും മറ്റു നാലുപേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ ബെറ്റിന് കാര്‍ത്തിക് എന്ന 21കാരന്‍ ചലഞ്ച് പറഞ്ഞു. നിന്ന നില്‍പില്‍ കാര്‍ത്തിക് മദ്യം അകത്താക്കാന്‍ തുടങ്ങി. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തികിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ ചേര്‍ന്നു ആശൂപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരാഴ്ച മുന്‍പാണ് കാര്‍ത്തിക് അച്ഛനായത്. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്കു പോകാനിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് ഇത്തരത്തില്‍ വാതുവച്ച് മദ്യപിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് പൊലീസ് അറിയിച്ചു.