മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഫലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈന്‍ ഓടിപ്പോകാന്‍ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈന്‍ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയില്‍ ഇതുസംബന്ധിച്ച് പ്രത്യേകമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അതുള്‍പ്പെടെ പരിഗണിച്ചുള്ള നടപടികള്‍ ഉണ്ടാകും. ഷൈനിന് എതിരെ കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നീക്കമില്ല. മയക്കുമരുന്ന് ഇടപാടുകാരന്‍ സജീര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ച് വരികയാണ്. ഷൈനിന്റെ കേസ് പ്രത്യേകമായി മുന്നോട്ട് പോകും. മറ്റ് കേസുകള്‍ അതിന്റെ വഴിക്ക് പുരോഗമിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു.

പാപ്പ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

പാപ്പ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന പാപ്പയുടെ അന്ത്യം.

വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. ”റോമിന്റെ ബിഷപ്പ്, ഫ്രാന്‍സിസ്, രാവിലെ 7.35ന് പിതാവിലേക്കു മടങ്ങിയിരിക്കുന്നു”- കര്‍ദനാള്‍ പറഞ്ഞു. ദൈവത്തിനും സഭയ്ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു പാപ്പയുടേതെന്ന് കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ പറഞ്ഞു.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പ അഞ്ച് ആഴ്ചയോളം ചികിത്സയിലായിരുന്നു. മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്‌ലി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ പാപ്പ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കി.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന പാപ്പ, ഗാസയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയുടെ അടക്കം മൊഴി ആവശ്യപ്പെട്ട് ഇഡി, കോടതിയില്‍ അപേക്ഷ

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയുടെ അടക്കം മൊഴി ആവശ്യപ്പെട്ട് ഇഡി, കോടതിയില്‍ അപേക്ഷ

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊഴിപ്പകര്‍പ്പ് തേടി ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികളിലേക്ക് ഇഡി കടക്കുകയാണ്.

സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ച ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും ഇഡി എറണാകുളം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നു കണ്ടെത്തിയായിരുന്നു സെഷൻസ് കോടതി കുറ്റപത്രം സ്വീകരിച്ചത്. വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കം എട്ടു പേരും അഞ്ച് സ്ഥാപനങ്ങളുമാണ് എസ്എഫ്ഐഒ കുറ്റപത്രം അനുസരിച്ച് പ്രതിപ്പട്ടികയിലുള്ളത്. എക്സാലോജിക് കമ്പനിക്ക് 2.70 കോടി രൂപ സിഎംആർഎലിൽനിന്ന് ലഭിച്ചെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തൽ.

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം കാസര്‍കോട് കാലിക്കടവില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016നോടെ വിരാമമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ല. ജനത്തിനും സര്‍ക്കാരിനും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് കേരളം വലഞ്ഞപ്പോള്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, സഹായിക്കാന്‍ ശ്രമിച്ചവരെ തടയുന്ന നിലയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റേത് നശീകരണ മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനവും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും സർക്കാർ നടപ്പാക്കി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇതിന്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് നാലരലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. ഏതു രംഗം എടുത്താലും മാറ്റത്തിന്റെ ചിത്രമേ കാണാനാകൂ. കേരളത്തിലെ മാധ്യമങ്ങള്‍ ഇടതു വിരോധം കാട്ടി കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ പിണറായി വിജയന്‍ ചടങ്ങില്‍ എടുത്തുപറഞ്ഞു. നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളം എന്ന നാട് ഉണ്ടെന്ന് ഓര്‍ക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര ബജറ്റില്‍ ചൂരല്‍മല എന്നൊരു വാക്കുണ്ടായിരുന്നില്ല. വയനാട്ടിലെ അവസാന ദുരന്തബാധിതനെയും കേരളം പുനരധിവസിപ്പിക്കും. ഇത് കേരളസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് ബേക്കലില്‍ മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയും കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഐപിആര്‍ഡി സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്തുടനീളം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം നടക്കുക.

കൊല്ലം അഞ്ചൽ ആലഞ്ചേരിയിൽ ഗൃഹനാഥൻ വീടിനു തീയിട്ടശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു

കൊല്ലം അഞ്ചൽ ആലഞ്ചേരിയിൽ ഗൃഹനാഥൻ വീടിനു തീയിട്ടശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു

ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഥിരം മദ്യപാനിയായ ഇയാൾ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം സിലണ്ടർ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു. വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലം വീട് പൂർണമായി തകർന്നു. ശബ്‌ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.